Friday 30 June 2023 03:03 PM IST

‘കൂട്ടുകാർ കൺമണി പോലെ കൊണ്ടുനടക്കുന്നതു കാണുമ്പോൾ സന്തോഷം; ഇത്തരം കുട്ടികൾ ഒറ്റപ്പെട്ടു പോകുന്നത് എത്ര കണ്ടിരിക്കുന്നു’

Tency Jacob

Sub Editor

_DSC4276 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സൽമാന്റെ ചുറ്റുവട്ടത്ത് എപ്പോഴും സൗഹൃദങ്ങളുടെ ആരവമാണ്. പല കോണിൽ നിന്നൊഴുകുന്ന നദികൾ കടലിലേക്കെത്തും പോലെ വന്നെത്തുന്ന കൂട്ടുകാർ. ഇന്നലെ വന്നു ചേർന്നവനേയും കെട്ടിപ്പിടിച്ച് സൽമാൻ നെഞ്ചിൽ തൊട്ടു പറയും. ‘എന്റെ ചങ്കാണ്...’ ഈ ചങ്കുകളുടെ ഉത്സാഹത്താലാണ് സൽമാൻ കുറ്റിക്കോട് എന്ന 34കാരൻ കേരളത്തിലും സോഷ്യൽമീഡിയയിലും താരമായത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുന്ന സൽമാന്റെ റീൽസും ഫോട്ടോസും മിനിറ്റുകൾക്കകമാണ് വൈറലാകുന്നത്. ‘ധ്രുവം’ സിനിമയിലെ ഡയലോഗിനു ചെയ്ത ആദ്യ റീലിന് രണ്ടു മില്യൻ കാഴ്ചക്കാരായി. ദിവസവും രണ്ടും മൂന്നും ഉദ്ഘാടനങ്ങൾ ചെയ്ത് ഗൾഫിൽ വരെ ചെന്നെത്തി.

ലോകത്തിനു അത്ര പരിചിതമല്ലാത്ത വിധം കൂട്ടുകാരുടെ സ്നേഹവലയത്തിനുള്ളിലാണ് സൽമാൻ കുറ്റിക്കോട് എന്ന ചെറുപ്പക്കാരൻ. പാലക്കാട് ചെർപ്പുളശ്ശേരി കുറ്റിക്കോട് പാറപ്പുറം വീട്ടുമുറ്റത്ത് വലിയൊരു സൗഹൃദക്കൂട്ടം കാത്തുനിൽക്കുന്നുണ്ട്. അതിനു നടുവിലുണ്ട് അവരുടെ അച്ചുതണ്ട്, സൽമാൻ. ‘‘ഫോട്ടോയെടുക്കാൻ സ്കൂൾ ഗ്രൗണ്ടായിരിക്കും നല്ലത്. അവിടെ വച്ചാണ് സൽമാൻ ഞങ്ങളുടെ സുഹൃത്താകുന്നത്.’’ നേരെ വീടിനടുത്തുള്ള പിടിഎം തൃക്കടേരി ഹൈസ്ക്കൂൾ ഗ്രൗണ്ടിലേക്ക്.

ഫുട്ബോളിലും താരം

ഉച്ചയ്ക്കു കിട്ടിയ ഇടവേളയിൽ സ്കൂൾ കുട്ടികൾ ഫുട്ബോൾ കളിയുടെ തിരക്കിലാണ്. ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടയിൽ, വഴിതെറ്റി വന്ന പന്തിനെ സൽമാൻ ഒറ്റത്തട്ടിന് പോസ്റ്റിനുള്ളിലാക്കി. ‘ഗോൾ’ കൂട്ടുകാർ ആർത്തു വിളിച്ചതും സൽമാൻ നിലത്ത് മുട്ടുകുത്തി ഇരുന്ന് ആ കാശത്തേക്ക് കൈകളുയർത്തി. ലയണൽ മെസ്സിയുടെ അ തേ പ്രകടനം.

‘‘ഈ ആക്‌ഷനെല്ലാം ടിവിയിൽ ഫുട്ബോൾ കളി കണ്ടു പഠിച്ചതാണ്. കളിയുടെ സകല നിയമങ്ങളും സൽമാന് അറിയാം. ആരെങ്കിലും കളി തെറ്റിച്ചാൽ സമ്മതിച്ചു തരില്ല.’’ ഉറ്റചങ്ങാതി കബീർ പറയുന്നു.

തിരികേ വീട്ടിലേക്ക്. ഉമ്മയുമൊത്തുള്ള ഫോട്ടോയെടുക്കാൻ ഇത്തിരി നേരം  കാത്തിരിക്കേണ്ടി വന്നു. ഉമ്മ വരാൻ വൈകിയതു പുകിലായി. ദേഷ്യത്തിൽ നീട്ടിവലിച്ചു നടന്നു വന്ന് കടുപ്പമേറിയ ഒരു പ്രഖ്യാപനം വലിച്ചെറിഞ്ഞു. ‘ഇനി ഫോട്ടോയില്ല.’ പിന്നെ, മുറിക്കകത്തു കയറി ഒറ്റ കിടപ്പ്.

‘‘എടങ്ങേറായീ...’’ വീട്ടുമുറ്റത്തെ സംഘത്തിലുണ്ടായിരുന്ന മൂന്നാമത്തെ ജ്യേഷ്ഠൻ നൗഷാദ് ആശങ്ക പറഞ്ഞു. പക്ഷേ, കൂട്ടുകാർക്ക് ഒരു കുലുക്കവുമില്ല. ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നിട്ടുണ്ടെന്ന മട്ട്. കബീർ അകത്തേക്കു പോയി അഞ്ചു മിനിറ്റിനുള്ളിൽ സൽമാനെയും കൂട്ടി പുറത്തു വന്നു. ‘‘ആദ്യം പഞ്ചാര വർത്തമാനം പറഞ്ഞു നോക്കും. മാറിയില്ലെങ്കിൽ തിരിച്ചങ്ങോട്ടും കൂട്ടു വെട്ടിയെന്നു പറയും.’’

‘ഞാൻ പാവല്ലേ, പിണങ്ങല്ലേ...’എന്നു പറ‍ഞ്ഞു സൽമാൻ പിന്നാലെ വന്നു നമ്മളെ സുയിപ്പാക്കും.’ ചില പിണക്കങ്ങൾ രണ്ടു മിനിറ്റു കൂടി നീളും. അതിനും പോംവഴിയുണ്ട് കൂട്ടുകാരുടെ കയ്യിൽ.‘‘വാട്സാപ്പിൽ ബ്ലോക്കു ചെയ്യുമെന്നു പറഞ്ഞാൽ പിന്നെ പിണക്കം പോകുന്ന വഴിയറിയില്ല. ബ്ലോക്ക് ചെയ്താൽ നമ്മുടെ ഡിപിയിലെ ഫോട്ടോ കാണാൻ പറ്റില്ലല്ലോ. അതു സൽമാന് സഹിക്കാൻ പറ്റില്ല.’’

കയ്യിലുള്ള സ്മാർട് ഫോണിൽ നിറയെ കൂട്ടുകാരുടെ നമ്പറാണ്. വാട്സാപ്പിലെ ഡിപി നോക്കി ആളെ മനസ്സിലാക്കും. ഫോൺ വിളിയേക്കാൾ കൂടുതൽ വോയ്സ് മെസേജാണ്.

‘‘ചില സമയത്ത് കുഞ്ഞി വാശികളുണ്ട്. അതിനൊക്കെ ഞങ്ങളും കൂടെ നിൽക്കും.’’ സൽമാന്റെ നേരെ മൂത്ത ജ്യേഷ്ഠൻ കുഞ്ഞാവു പറഞ്ഞു തുടങ്ങി.

‘‘ആൾക്കാർ കൂടുമ്പോൾ ശ്രദ്ധ കിട്ടാൻ വേണ്ടി തലവേദന അല്ലെങ്കിൽ നെഞ്ചുവേദന പോലെയൊക്കെ അഭിനയിക്കും. അപ്പോൾ എല്ലാവരും ‘അയ്യോ സൽമാന് എന്തുപറ്റി?’എന്നു ചോദിക്കുമല്ലോ. പണ്ടു തൊട്ടേ കൂട്ടുകാരുടെ അടുത്ത് ഇങ്ങനെയൊരു അഭിനയമുണ്ട്.

തലചുറ്റുന്ന പോലെ കിടന്നു കളയും. സോഡ കിട്ടാനുള്ള കുറുക്കു വഴിയാണത്. വാങ്ങാൻ നീക്കമുണ്ടെന്നു കണ്ടാൽ എണീറ്റിരിക്കും. ആദ്യം കാണുന്നവർ പേടിച്ചു പോകും. വീട്ടിൽ പെങ്ങന്മാര് വന്നിട്ടുണ്ടെങ്കിൽ ഇങ്ങനെയൊരു ‘വേദന’പതിവാണ്. അപ്പോഴവർ ഒന്നു പുന്നാരിക്കും. ആ നിമിഷം സൽമാൻ ഉഷാറാകും.’’

_DSC4165

ഉദ്ഘാടനം, സൽമാൻ കുറ്റിക്കോട്

എട്ടുമാസം മുൻപ് കബീറും കൂട്ടുകാരും ചേർന്നു ചെർപ്പുളശ്ശേരിയിൽ ഡ്രൈഫ്രൂട്സ് കട തുടങ്ങി. അതു ഉദ്ഘാടനം ചെയ്താണ് ആ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.‘‘സൽമാന് സന്തോഷമാകട്ടെ എന്നു വിചാരിച്ചു ചെയ്തതാണ്. ഉദ്ഘാടനത്തെ അത്ര വലിയ സംഭവമായി സ ൽമാനും കണ്ടിട്ടില്ല. അതിനൊരു കാരണമുണ്ട്. 18 വയസ്സായപ്പോൾ മുതൽ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ  കാശ് കിട്ടലുണ്ട്. അതു കൂട്ടിവച്ചു വീട്ടുമുറ്റത്ത് മിഠായിയും പപ്പടവും വിൽക്കുന്ന പെട്ടിക്കട തുറക്കും. കയർ  വലിച്ചു കെട്ടി കത്രിക വച്ചു മുറിച്ചു കടയുടെ ഉദ്ഘാടനവും ഓര് തന്നെയാണ് ചെയ്യുക. അങ്ങനെ നാട മുറിച്ചു നല്ല പരിചയമുണ്ട്. പരിപാടിക്കെല്ലാം പോകുമ്പോൾ ഭയങ്കര ഷോയാണ്. ആൾക്കൂട്ടത്തിനനുസരിച്ച് പെരുമാറി അവരെ കയ്യിലെടുക്കും. കുട്ടികളൊക്കെ ഉണ്ടെങ്കിൽ കൂളിങ്ഗ്ലാസ് വച്ചുള്ള ഡാൻസ് മസ്റ്റാണ്.’’ ആദ്യം കേൾക്കുന്നവർക്ക് അവ്യക്തത തോന്നുമെങ്കിലും സൽമാന്റെ ഹൃദയഭാഷണം കൂട്ടുകാർക്ക് വെള്ളം പോലെ തിരിയും.

‘‘കൂട്ടുകാർ ഇങ്ങനെ കൺമണി പോലെ കൊണ്ടുനടക്കുന്നതു കാണുമ്പോൾ സന്തോഷവും ഒപ്പം സമാധാനവുമാണ്. ഇത്തരം കുട്ടികൾ ഒറ്റപ്പെട്ടു പോകുന്നത് എത്ര കണ്ടിരിക്കുന്നു.’’ ഉമ്മ വാത്സല്യത്തോടെ സൽമാനേയും കൂട്ടുകാരെയും നോക്കി.

മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും പത്തുമക്കളിൽ ഒൻപതാമനാണ് സൽമാൻ. ‘‘പന്ത്രണ്ടു വയസ്സിലാണ് സൽമാൻ നടന്നു തുടങ്ങുന്നത്. ജനിച്ച സമയത്തൊന്നും ഓന്റെ പ്രശ്നം തിരിച്ചറിഞ്ഞില്ല. ആറു മാസമായിട്ടും കമിഴ്ന്നു വീഴുകയോ കരയുകയോ ചെയ്യാതെ വന്നപ്പോൾ പന്തികേട് തോന്നി. ‘വളർച്ച കമ്മിയാണെന്നായിരുന്നു’ ഡോക്ടറുടെ റിപ്പോർട്ട്. ’’

മുസ്തഫ, റഷീദ്, നൗഷാദ്, കുഞ്ഞാവു എന്നീ നാലുജ്യേഷ്ഠന്‍മാരും പൊരിഞ്ഞ ഫുട്ബോൾ കളിക്കാരാണ്. ന ടന്നു തുടങ്ങിയ സൽമാനെ അവരെല്ലാം കളിക്കാൻ കൂടെ കൊണ്ടുപോകും.സൽമാന്റെ പെരുമാറ്റത്തിൽ അതു വലിയ മാറ്റങ്ങളുണ്ടാക്കി. കൂട്ടുകാരൊപ്പം കൂടിയപ്പോൾ മാറ്റം കൂടുതലായി. ഒരു സ്കൂളിൽ നിന്നും കിട്ടാത്ത അതിവേഗമാറ്റങ്ങൾ.

‘‘സിനിമയിലേക്കൊക്കെ വിളികൾ വന്നിട്ടുണ്ട്. സൽമാൻ ഇനിയും ഉയരത്തിൽ പോകണമെന്നാണ് ആഗ്രഹം. ഞങ്ങളിലൊരാളായാണ് സൽമാനെ കാണുന്നത്.’’ ‘കുറ്റിക്കോടിന്റെ ശബ്ദം’ എന്ന  ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ഉസൈൻ പറഞ്ഞു. സൽമാന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മകൻ ഷറഫ്, പെങ്ങളുടെ മകൻ അൻസാർ എന്നിവരെല്ലാം ചേർന്നാണ് സൽമാന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നത്.

ഫോൺ ശരിയാക്കാൻ, ഹെഡ്സെറ്റ് വാങ്ങാനെല്ലാം സൽമാൻ തനിയെ പോകും. വീട് കൂടലിനും ബന്ധുക്കൾക്ക് കു‍ഞ്ഞുണ്ടായി കാണാൻ പോകുമ്പോഴൊക്കെ എന്തെങ്കിലും സമ്മാനമില്ലാതെ പോകില്ല. അതെല്ലാം തിരഞ്ഞെടുക്കുന്നത് സൽമാൻ തനിച്ചാണ്. റോഡിൽ ഇറങ്ങിനിന്നാൽ മതി ആരെങ്കിലും ലിഫ്റ്റ് കൊടുക്കും.

‘‘കിട്ടുന്ന പൈസയെല്ലാം കൂട്ടി വച്ചു ബാങ്കിൽ കൃത്യമായി നിേക്ഷപിക്കും. ഏറ്റവും വിശ്വാസമുള്ളത് സാബിറിനെയാണ്. എന്റെ കൂട്ടുകാരനാണ്  സാബിർ.’’ കുഞ്ഞാവൂ പറഞ്ഞു തീർന്നതും സൽമാൻ തട്ടിക്കയറി.

‘‘അല്ല, എന്റെയാ.’’ വിശ്വാസം വരാൻ യാത്ര പോയിരിക്കുന്ന സാബിറിനെ ഫോണിൽ വിളിച്ചു തന്നു.

സ്വന്തമായി ഒരു കാറു വാങ്ങണമെന്നതാണ് ഇപ്പോഴത്തെ ആശ. അതിനുവേണ്ടിയാണ് പൈസ കൂട്ടി വയ്ക്കുന്നത്.

‘‘എത്ര കൂട്ടുകാരുണ്ട് സൽമാന്?’’

‘‘ കുറേ ഉണ്ട്’’

‘‘എന്നാലും എത്ര?’’

കൈ രണ്ടും ഭൂമിയോളം വിടർത്തി സൽമാൻ നിന്നു. ഭൂലോകം നിറയെ കൂട്ടുകാരുള്ള ഒരാൾ.

Tags:
  • Spotlight
  • Relationship