നാട്ടുകാർ കളിയായി പറയും ‘സന്ധ്യയുടെ അടുത്തു 10 മിനിറ്റ് നിന്നാൽ അച്ചാറാക്കി കളയുമെന്ന്’ പൊട്ടിച്ചിരിയുടെ വാലറ്റത്തുനിന്നു സന്ധ്യ ബാക്കി പറഞ്ഞു, ‘‘അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഞാൻ അച്ചാറിടാത്ത വിഭവങ്ങൾ വളരെ കുറവാണ്. ചീരയും വാഴപ്പിണ്ടിയും വരെ സ്ക്വാഷാക്കും. തേങ്ങ പൊട്ടിച്ചു തേങ്ങാവെള്ളം വിനാഗിരിയാക്കും. തേങ്ങാമുറി വെളിച്ചെണ്ണയ്ക്കായി ഉണക്കാനിടും. ചക്ക സീസണയാ യാൽ പിന്നെ, പറയേണ്ട. ഇടിച്ചക്ക അച്ചാർ, ചക്കമടൽ അച്ചാർ, ചക്കക്കുരുപൊടി, ചക്കച്ചുളപൊടി...’’
നവോദയ സ്കൂളിൽ നിന്നു 45–ാം വയസ്സിൽ സന്ധ്യ ജോലി രാജി വച്ചിറങ്ങിയത് കൃഷിക്കാരിയാകാൻ വേണ്ടിത്തന്നെയാണ്. തൃശൂർ നടത്തറയിലെ ഒന്നരയേക്കർ പറമ്പിൽ ആവേശത്തോടെ കൃഷി തുടങ്ങി. ആ തീരുമാനത്തിൽ ഇന്നും അഭിമാനമേയുള്ളൂ എന്നതിന് സന്ധ്യയുടെ ചിരി ഒപ്പു വയ്ക്കുന്നു.
മൂല്യവർധിത സാധ്യതകൾ തേടി
‘‘ചീര ചീരയായി വിൽക്കുന്നതിലും വൻലാഭമാണ് അതു സ്ക്വാഷാക്കി വിൽക്കുന്നത്. കൃഷി അഗ്രി ബിസിനസ്സ് ആക്കി മാറ്റാനായത് സാമ്പത്തിക ലാഭത്തിനൊപ്പം സ ന്തോഷവും നൽകുന്നുണ്ട്. കർഷകരുടെ മനസ്സിൽ വിപണനസാധ്യതകൾ തുറന്നിടാനായി എന്ന സന്തോഷം.
ഏതു കാർഷികവിളയും പൂർണമായി വിനിയോഗിക്കാ ൻ കഴിയും. ഗുണമേന്മയുള്ളവയ്ക്ക് ആവശ്യക്കാരുമുണ്ടാകും. മഴക്കാലത്ത് തേങ്ങ ഉണങ്ങാൻ കഴിയാതെ വന്നപ്പോഴാണ് വെന്ത വെളിച്ചെണ്ണയുണ്ടാക്കി തുടങ്ങിയത്. ഇപ്പോൾ ആഴ്ചയിൽ 15 ലീറ്റർ വെന്ത വെളിച്ചെണ്ണ ഞാൻ വിൽക്കുന്നുണ്ട്.
പറമ്പിലുണ്ടായിരുന്ന ദന്തപാലയുടെ ഇല എണ്ണയാക്കി മാറ്റി. ചർമരോഗശമനത്തിന് അത്യുത്തമമായ എണ്ണയാണ് ഇത്. ദന്തപാല ഇല വെന്ത വെളിച്ചെണ്ണയിൽ ഇട്ട് എണ്ണ തയാറാക്കുമ്പോൾ ഗുണം കൂടും. ലീറ്ററിന് 2500/- രൂപയാണ് വിലയെങ്കിലും ഗുണമേന്മയുള്ളതിനാൽ ആവശ്യക്കാരേറെയുണ്ട്. ഇപ്പോൾ ദന്തപാല നട്ടു വളർത്താനും തുടങ്ങി.
പറമ്പിനു വേലി തീർത്തിരിക്കുന്നത് ചെമ്പരിത്തിയാണ്. അതിലെ പൂക്കളിൽ നിന്ന് ജ്യൂസും ഹെയർ ഓയിലും നിർമിക്കുന്നു. ചെമ്പരത്തിയില കൊണ്ടുള്ള താളിപ്പൊടിയുമുണ്ട്. ഇങ്ങനെ തോട്ടത്തിലെ മഞ്ഞൾ, ഇഞ്ചി, കൂവ, ജാതിക്ക എന്നിവയെല്ലാം പ്രൊഡക്ട്സ് ആക്കിയാണ് വിപണനം ചെയ്യുന്നത്. വെന്ത വെളിച്ചെണ്ണ, ദന്തപാല എണ്ണ, കായ വറുത്തത്, തീയൽ കൂട്ട്, മുരിങ്ങയിലപ്പൊടി എന്നിവയ്ക്കാണ് ‘സന്ധ്യാസ്’ എന്ന പേരിലുള്ള ബ്രാൻഡിൽ ഡിമാൻഡുള്ള ഉൽപന്നങ്ങൾ.
മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നവ എല്ലാം എന്റെ തൊടിയിൽ വിളയുന്നവയല്ല. അടുത്തുള്ള സ്ത്രീ കൂട്ടായ്മകൾ കൃഷി ചെയ്യുന്ന വിളകളും വാങ്ങുന്നുണ്ട്.
പച്ചക്കറി, ഹോസ്റ്റലിലേക്കും
കൃഷി തുടങ്ങി നാളുകൾക്കൾക്കുള്ളിൽ ഞായർ ചന്ത തുടങ്ങി. 2016 മുതൽ ഇന്നും തൃശൂർ ബാനർജി ക്ലബിൽ ഞായർ ചന്ത തുടരുന്നുണ്ട്. ഇതുകൂടാതെ ഫെയ്സ്ബുക്, വാട്സാപ്പ്, വെബ്സൈറ്റ് വഴിയും വിൽപനയുണ്ട്. ഇന്ത്യയിലെവിടെയും ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കും.
ഒരു വർഷമായി മാനവി എന്ന പേരിൽ ഞാനും എഴുത്തുകാരി സി.എസ് ചന്ദ്രികയും കൂടിച്ചേർന്ന് ഒരു വർക്കിങ് വിമൻ ഹോസ്റ്റൽ നടത്തുന്നുണ്ട്. അവിടേക്കു വേണ്ട കാർഷികവിളകളിലധികവും ഈ തോട്ടത്തിൽ നിന്നാണ്. കൃഷിയിടത്തിലെ വെള്ളം നനയ്ക്കും പരിപാലനത്തിനുമൊക്കെ എന്റെ കയ്യെത്തുന്നതാണ് സന്തോഷം. നമ്മുടെ തൊടിയിൽ നിന്നെങ്ങോ മറഞ്ഞ തനിനാടൻ ഇനങ്ങൾ കൃഷി ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. ചതുരപ്പയർ, വാളവരപ്പയർ, നിത്യവഴുതന, ചീരച്ചേമ്പ്... 12 തരം ഇലക്കറികളുമുണ്ട്.
മക്കളിൽ ഹരികൃഷ്ണൻ ബെംഗളൂരുവിലും ആദിത്യൻ ഗോവയിലുമാണ്. അവരെത്തുമ്പോൾ അവർക്കു വിളമ്പി നൽകുന്ന അതേ നിറവോടെ എല്ലാവർക്കും നൽകാനാകണമെന്നാണ് ആഗ്രഹം. ഭർത്താവ് അജിത് കുമാറും എല്ലാ സഹായവുമായുണ്ട്.’’