കുടുംബം പോറ്റാൻ സരസമ്മ വിറകു വെട്ടിത്തുടങ്ങിയത് 38 വർഷം മുൻപ്. 93-ാം വയസ്സിലും ഇതു തുടരുകയാണ്. 1985ൽ സരസമ്മയെയും നാലു മക്കളെയും ഭർത്താവ് രാമകൃഷ്ണൻ ഉപേക്ഷിച്ചു. മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിലും ആവുന്നിടത്തോളം ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് തിരുവനന്തപുരം വിളവൂർക്കൽ പള്ളിത്തറ പുത്തൻവീട്ടിൽ സരസമ്മയുടെ ഇഷ്ടം. കോടാലി കൊണ്ടു തടിയിൽ ആഞ്ഞു വെട്ടുമ്പോൾ പിളർന്ന് രണ്ടും മൂന്നും കഷണങ്ങളായി മാറുന്ന വിറക് എടുത്ത് തൂക്കി വിൽക്കാനും ബാക്കിയുള്ളത് അടുക്കി വയ്ക്കാനും കാൽമുട്ടോളം കുനിഞ്ഞു പോയ ആ ശരീരത്തിന് ഇപ്പോഴും ഒരു ആയാസവുമില്ല.
പകുതി വഴിയിൽ നിർമാണം നിലച്ച ഒന്നര സെന്റ് വീട്ടിൽ ഇവർ ഒറ്റയ്ക്കാണ്. ഇളയ മകനും കുടുംബവും സമീപത്ത് താമസിക്കുന്നുണ്ട്. ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ മക്കളുമായി എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് മുന്നിൽ തുടങ്ങിയതാണ് സരസമ്മയുടെ ഈ തൊഴിൽ. മരംവെട്ടുകാരനായ ഭർത്താവിൽ നിന്നാണ് അവർ വിറക് വെട്ടി കീറാനും പഠിച്ചത്. രണ്ട് ആണും രണ്ട് പെണ്ണും അടങ്ങുന്ന കുടുംബത്തെ വിറക് വിറ്റുകിട്ടിയ പണം കൊണ്ട് സരസമ്മ വളർത്തി. സമീപത്തെ ചന്തയിൽ പച്ചക്കറി കച്ചവടം നടത്തിയും ദാരിദ്ര്യം അകറ്റി.
മക്കൾ വിവാഹിതരായി മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയപ്പോഴും തന്റെ കൊച്ചു വീടും തൊഴിലും ഉപേക്ഷിക്കാൻ ആ വയോധിക തയാറായില്ല. മരക്കച്ചവടക്കാർ വാഹനത്തിൽ എത്തിക്കുന്ന തടിക്കഷണങ്ങൾ വീടിനു മുന്നിൽ തൊഴിലാളികൾ ഇറക്കിയിടും. അവിടെ വച്ചു തന്നെ ഇതിനെ വെട്ടി മുറിച്ച് ചെറിയ വിറകാക്കുന്നതും അവ മഴ നനയാതെ അടുക്കി വയ്ക്കുന്നതും വിൽക്കുന്നതും എല്ലാം ഈ വയോധികയാണ്. മക്കളെയും ചെറുമക്കളെയും പോലും സഹായത്തിന് വിളിക്കാറില്ല.
ഒരു കിലോ വിറക് ഇപ്പോൾ 6 രൂപയ്ക്കാണ് വിൽക്കുന്നത്. ഗ്യാസ് അടുപ്പ് അടക്കമുള്ള വന്നതോടെ വിറകിന് ആവശ്യക്കാർ കുറഞ്ഞു. എങ്കിലും സരസമ്മ തൊഴിൽ ഉപേക്ഷിച്ചില്ല. ഓല മേഞ്ഞ, മൺകട്ട കൊണ്ടുള്ള വീട് 2004 ൽ ആണ് പകുതിയോളം പുതുക്കി പണിതത്. വീട് പൂർത്തിയാക്കാൻ പിന്നീട് വിളവൂർക്കൽ പഞ്ചായത്തിനെ പലതവണ സമീപിച്ചെങ്കിലും ഒരു ആനുകൂല്യവും ലഭിച്ചില്ല. ഇതിനിടെ രണ്ട് മക്കൾ മരിച്ചതും ഈ അമ്മയെ തളർത്തി. എങ്കിലും ജീവിതത്തിനു മുന്നിൽ പണി എടുത്ത് അഭിമാനത്തോടെ പിടിച്ചു നിൽക്കുന്ന സരസമ്മ ഒരു സന്ദേശമാണ്.