അർബുദവുമായുള്ള പോരാട്ടത്തിനൊടുവിൽ രണ്ടു വർഷം മുന്‍പാണ് നന്ദു മഹാദേവ ലോകത്തോട് വിട പറഞ്ഞത്. നന്ദുവുമായി ഏറെ അടുപ്പമുള്ളയാളാണ് നടി സീമ ജീ നായർ. സെപ്റ്റംബർ നാലിനായിരുന്നു നന്ദുവിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സീമ ജി നായർ പങ്കുവച്ച ഓര്‍മ്മക്കുറിപ്പ് വൈറലാകുകയാണ്.
സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
സെപ്റ്റംബർ 4 ഞങ്ങളുടെ പ്രിയപ്പെട്ട നന്ദൂട്ടന്റെ പിറന്നാൾ (നന്ദു മഹാദേവ ). ഈശ്വര സന്നിധിയിൽ ഒരുപാട് പ്രിയപെട്ടവരുടെ കൂടെ മോൻ പിറന്നാൾ ആഘോഷിക്കുന്നുണ്ടാവും. ജനനം ഒരിക്കലും ആരെയും മഹാന്മാരാക്കുന്നില്ല. പിന്നീടുള്ള പ്രവർത്തികളും ചിന്തകളുമാണ് മറ്റുള്ളവരുടെ മനസിലും ഹൃദയത്തിലും നമ്മളെ പ്രിയപെട്ടവരാക്കുന്നത്. അതിൽ ഞങ്ങളുടെ മോൻ മുൻപന്തിയിൽ തന്നെ ആയിരുന്നു.
നിന്നെ ഓർക്കാതെ ഒരു നിമിഷവും കടന്നു പോകുന്നില്ല മോനെ. നമ്മൾ തമ്മിലുള്ള ഫോട്ടോ വളരെ കുറച്ചേ എന്റെ കയ്യിൽ ഉള്ളൂ.. നമ്മൾ ഒരുമിച്ചുള്ള നല്ല ഒരു ഫോട്ടോ വേണമെന്ന് എനിക്ക് വലിയൊരാഗ്രഹം തോന്നി. വിജീഷ് എനിക്ക് വേണ്ടപ്പെട്ട ഒരു മോൻ ആണ്. നല്ല ക്രാഫ്റ്റ് വർക്ക് ചെയ്യുന്ന കുട്ടി. അവൻ പറഞ്ഞു ഞാൻ ചേച്ചിക്ക് റെഡിയാക്കി തരാമെന്ന്. അങ്ങനെ അവൻ റെഡിയാക്കി തന്ന ഫോട്ടോ ആണ്.
എങ്ങനെയുണ്ട് നന്ദൂട്ടാ... അമ്മയും മോനും അമ്പലത്തിൽ പോയി വന്നപോലെയില്ലേ. (വിജീഷ് നന്ദി, നന്ദി) മോന് ഒരായിരം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിര്‍ത്തുന്നു... നിന്റെ പ്രിയപ്പെട്ട യശോദാമ്മ..