അങ്കണവാടിയിലെ പതിവ് ഉപ്പുമാവ് തിന്നു മടുത്തുവെന്നും ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് അമ്മയോടു ആവശ്യപ്പെട്ട് വൈറലായിരിക്കുകയാണ് കുഞ്ഞു ശങ്കു. അമ്മ ശങ്കുവിന്റെ ആവശ്യം മൊബൈലിൽ പകർത്തി പങ്കുവച്ചതോടെ ഇക്കാര്യം ആരോഗ്യമന്ത്രിക്ക് മുന്നിലുമെത്തി. ഇതോടെ അങ്കണവാടിയിൽ ബിരിയാണി വിപ്ലവത്തിന് തുടക്കം കുറിച്ച ശങ്കുവിന്റെ ആവശ്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി വീണ ജോർജ്.
ആലപ്പുഴ ദേവീകുളങ്ങര സ്വദേശികളായ അശ്വതിയുടെയും സോമനസുന്ദറിന്റെയും മകൻ ശങ്കു എന്ന ത്രിജല സുന്ദർ ആണ് ഈ കൊച്ചു മിടുക്കൻ. മൂന്നര വയസുകാരനായ ശങ്കുവിനു ഉപ്പുമാവ് കഴിക്കാൻ വലിയ പാടാണെന്ന് അമ്മ അശ്വതി പറയുന്നു. മന്ത്രി വീണ ജോർജ് ശങ്കുവിന്റെ ആവശ്യം കേട്ടതോടെ ഫെയ്സ്ബുക് പേജില്‍ വിഡിയോയുമായി എത്തി.
'വളരെ മനോഹരവും നിഷ്കളങ്കവുമായിട്ടുള്ള ഒരു ആവശ്യമാണ്. ആ കുഞ്ഞ് ആവശ്യപ്പെട്ടിരിക്കുന്നത് അവന് അങ്കണവാടിയിലെ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണം എന്നുള്ളതാണ്. ഒരു കാര്യം ഇതുമായി ബന്ധപ്പെട്ട് പറയാൻ ആഗ്രഹിക്കുന്നു. ആ അമ്മയ്ക്കും അങ്കണവാടി ടീച്ചറിനും അതോടൊപ്പം അവിടെയുള്ള എല്ലാവർക്കും എന്റെ സ്നേഹാഭിവാദ്യങ്ങൾ,
പ്രിയപ്പെട്ട ശങ്കുവിനും. തീർച്ചയായും ശങ്കുവിന്റെ ആവശ്യം പരിഗണിച്ചു കൊണ്ട് നമുക്ക് ഇതൊന്ന് പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം.
മുട്ടയും പാലും നമ്മൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് നല്ല വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെയാണ് അത് ഉദ്ഘാടനം ചെയ്തത്. അതുകൊണ്ട് ഇപ്പോൾ നിലവിലുള്ള മെനു എങ്ങനെ പരിഷ്കരിക്കാമെന്നുള്ളത് തീർച്ചയായിട്ടും, പ്രിയപ്പെട്ട ശങ്കുമോൻ ഉൾപ്പെടെയുള്ള കുട്ടികളോട് പറയാനായിട്ട് ആഗ്രഹിക്കുകയാണ്.' - മന്ത്രി വീണ ജോർജ് പറഞ്ഞു.