Wednesday 27 September 2023 01:01 PM IST

‘നിന്നെ ഇല്ലാതാക്കിയവൾ പുറത്തിറങ്ങിയെടാ...’: ഷാരോണിന്റെ കല്ലറയ്ക്കരികിൽ നിന്ന് അച്ഛന്റെ വാക്കുകൾ: കേസ് അട്ടിമറിച്ചെന്ന് ആരോപണം

Binsha Muhammed

sharon-father-greeshma-case Photo: Manorama News

‘മോനേ..., നിന്നെ ഈ ലോകത്തു നിന്നു പറഞ്ഞയച്ചവൾ പുറത്തിറങ്ങിയെടാ... ചിരിച്ച് ഒരു കൂസലുമില്ലാതെ... ഞങ്ങളുടെ ചങ്കുപിടയുന്നുണ്ട്, പക്ഷേ സുഖമായുറങ്ങ്...’

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ച വാർത്തയുടെ പ്രതികരണം തേടിയാണ് ഷാരോണിന്റെ പിതാവ് ജയരാജിനെ വനിത ഓൺലൈൻ ബന്ധപ്പെട്ടത്. അണമുറിയാതൊഴുകിയ സങ്കടകണ്ണീരും പേറി ആ മനുഷ്യൻ അപ്പോൾ ഷാരോണിന്റെ കല്ലറയ്ക്കരികിൽ ഉണ്ടായിരുന്നു. അവൻ ഈ ലോകത്തു നിന്നു പോയ അന്നു തൊട്ടിന്ന് വരെ ജയരാജ് അവന്റെ കല്ലറയ്ക്കരികിൽ എത്തും. മെഴുകുതിരി കത്തിക്കും. ശേഷം കുടുംബത്തിലെ ഓരോ വിശേഷങ്ങളും അദൃശ്യനായി അരികിലുണ്ടെന്ന് വിശ്വസിക്കുന്ന പൊന്നുമോനോടായി പറയും. ഒടുവിൽ നെഞ്ചുപൊട്ടി അതും പറയേണ്ടി വന്നു.

‘നിന്നെ ഇല്ലാതാക്കിയ കൊലയാളിക്ക് കോടതി ജാമ്യം അനുവദിച്ചെടാ...’

പ്രതിയുടെ പ്രായം, പെൺകുട്ടിയെന്ന പരിഗണന, ജയിലിലെ നല്ലനടപ്പ്, അന്വേഷണവുമായുള്ള സഹകരണം തുടങ്ങിയ കാര്യങ്ങളിലെ ‘ഗുഡ് സർട്ടിഫിക്കറ്റ്’ ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുമ്പോൾ ജയരാജ് എന്ന പിതാവ് നെഞ്ചുനീറി ആ വാക്കുകൾ ആവർത്തിക്കുന്നു.

‘എന്റെ കുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടു.’–ജയരാജ് പറയുന്നു.

‘നിങ്ങളും കണ്ടതല്ലേ, ചിരിച്ചു കളിച്ച് ഉല്ലസിച്ചാണ് ഗ്രീഷ്മ ജയിലിൽ നിന്നിറങ്ങിയത്. അതു കാണുമ്പോൾ ഞങ്ങളുടെ ചങ്കാണ് പിടയുന്നത്. ഇതുവരെ നടത്തിയ നിയമ പോരാട്ടങ്ങളെല്ലാെ വെറുതെയായി പോയല്ലോ...

‘അവർ സാമ്പത്തികം ഉള്ളവരാണ്. ഈ കേസിനെ വളരെ വിദഗ്ധമായി അവർ അട്ടിമറിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര കോടതിയുടെ പരിഗണനയിൽ കേസ് നടപടികൾ പുരോഗമിക്കുമ്പോൾ എല്ലാം ശരിയായ രീതിയിലായിരുന്നു. എന്നാൽ ഹൈക്കോടതിയിലേക്ക് കേസ് എത്തിയപ്പോൾ അലസതയുണ്ടായി. രണ്ട് മാസം മുമ്പ് 53 ലക്ഷം രൂപയ്ക്ക് അവർ പ്രോപ്പർട്ടി വിറ്റിരുന്നു. അത് മകൾക്ക് ഏതു വിധേനയും ജാമ്യം നേടിയെടുക്കാൻ വേണ്ടി വഴിവിട്ടു ചിലവഴിച്ചിട്ടുണ്ട്.’– ജയരാജ് ആരോപിക്കുന്നു.

greeshma-custody

കേസ് കൈകാര്യം ചെയ്ത സർക്കാർ അഭിഭാഷകന്റെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായിട്ടുണ്ട്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കവേ ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യ ശ്രമം നടത്തിയത് ആരും മറന്നിട്ടുണ്ടാകില്ല. അന്ന് ആശുപത്രിയിൽ വച്ച് മരണമൊഴിയായി ഷാരോണിനെ വിഷം കലക്കി നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. അതൊക്കെ കോടതിയിൽ എത്തിയപ്പോൾ മാഞ്ഞുപോയി. അതിന്റെ എഫ്ഐആറും എഴുതിയിട്ടില്ലെന്നാണ് കരുതുന്നത്. ഗ്രീഷ്മ ഒളിവിൽ പോകാൻ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കാനും ശ്രമമുണ്ട്. അങ്ങനെ സംഭവിച്ചു കൂടാ...

sharon86rcbnjj

ഞങ്ങള്‍ എന്തായാലും ഈ കേസിൽ നിന്ന് പിന്നോട്ടില്ല. എന്റെ കുട്ടിക്ക് നീതി കിട്ടണം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയ ശേഷം സുപ്രീം കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. സർക്കാരിന്റെ സഹായത്തോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന.

പ്രതി അന്വേഷണവുമായി സഹകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഷാരോൺ രാജിന്റ മരണ മൊഴിയിൽ പ്രതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു. പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ല. 22 വയസു മാത്രമാണ് പ്രായം. വിചാരണയിൽ പ്രതി ഇടപെടുമെന്ന ആശങ്കയ്ക്ക് ഇടയില്ലെന്നും കോടതി നീരിക്ഷിച്ചു. 2022 ഒക്ടോബർ 31 മുതൽ കസ്റ്റഡിയിലാണെന്നതും കോടതി കണക്കിലെടുത്തു. ഒരു ലക്ഷംരൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും നൽകണമെന്നും കോടതി നിർദേശിച്ചു. വിചാരണ കോടതിയിൽ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഹാജരാകണം. 

greeshammb677uh

പ്രണയ ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് രാവിലെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് മെഡിക്കൽ കോളജിൽ മരിച്ചു. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനു ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റു ചെയ്തിരുന്നു.