Wednesday 27 September 2023 12:31 PM IST : By സ്വന്തം ലേഖകൻ

‘സർക്കാർ അഭിഭാഷകൻ അലംഭാവം കാണിച്ചു, സുപ്രീംകോടതിയെ സമീപിക്കും’; ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതിനെതിരെ ഷാരോണിന്റെ കുടുംബം

sharon86rcbnjj

കാമുകനായ ഷാരോൺ രാജിനെ കഷായത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതിനെതിരെ ഷാരോണിന്റെ കുടുംബം നിയമനടപടിക്ക്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് മനോരമ ഓൺലൈനോട് പറഞ്ഞു. സെപ്റ്റംബർ 25ന് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. സർക്കാരിന്റെ സഹായത്തോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന. കേസിൽ സർക്കാർ അഭിഭാഷകൻ അലംഭാവം കാട്ടിയതായി പിതാവ് പറഞ്ഞു. കുടുംബത്തിന് പറയാനുള്ള കാര്യങ്ങൾ അഭിഭാഷകൻ കോടതിയിൽ പറഞ്ഞില്ല. നിയമപോരാട്ടം തുടരുമെന്നും പിതാവ് പറഞ്ഞു.

പ്രതി അന്വേഷണവുമായി സഹകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഷാരോൺ രാജിന്റ മരണ മൊഴിയിൽ പ്രതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു. പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ല. 22 വയസു മാത്രമാണ് പ്രായം. വിചാരണയിൽ പ്രതി ഇടപെടുമെന്ന ആശങ്കയ്ക്ക് ഇടയില്ലെന്നും കോടതി നീരിക്ഷിച്ചു. 2022 ഒക്ടോബർ 31 മുതൽ കസ്റ്റഡിയിലാണെന്നതും കോടതി കണക്കിലെടുത്തു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും നൽകണമെന്നും കോടതി നിർദേശിച്ചു. വിചാരണ കോടതിയിൽ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഹാജരാകണം. 

പ്രണയബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് രാവിലെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് മെഡിക്കൽ കോളജിൽ മരിച്ചു. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനു ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റു ചെയ്തിരുന്നു.

Tags:
  • Spotlight