Friday 25 August 2023 11:50 AM IST

‘എന്നോട് യാത്ര പറഞ്ഞ് പോയതാണ് അദ്ദേഹം, ഒടുവിൽ മരണപ്പെട്ടുവെന്ന് അറി‍ഞ്ഞത് 3 മാസങ്ങൾക്ക് ശേഷം’: സങ്കടം പറയാനിരുന്ന് 2 പെണ്ണുങ്ങൾ

Binsha Muhammed

girija-and-sheela

പെയ്തിട്ടും മതിയാകാതെ ചിണുങ്ങി നിൽക്കുന്നു കർക്കടക മഴ. ആ ചാറ്റലിന്റെ നനുത്ത ശബ്ദത്തെ കീറിമുറിച്ച് തൃശൂർ ഗിരിജാ തിയറ്ററിൽ നൂൺ ഷോയുടെ മണിമുഴങ്ങി. തിയറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് ഇന്നൊരു അതിഥിയുണ്ട്. നീതിനിഷേധത്തിനും സോഷ്യൽ മീഡിയയുടെ വേട്ടയ്ക്കും ഇരയായ മറ്റൊരു സ്ത്രീ. ചാലക്കുടിയിലെ ‘ഷീ സ്റ്റൈൽ’ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി. മയക്കുമരുന്നു കേസിൽ പ്രതിയാക്കപ്പെട്ട് 72 ദിവസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടി വ ന്ന സ്ത്രീ.

ഒറ്റയ്ക്കൊരു സ്ത്രീ സ്വന്തമായി തിയറ്റർ നടത്തി വിജയിച്ചതാണു ഗിരിജയുടെ പേരി ൽ കൽപിക്കപ്പെട്ട കുറ്റം. എന്തിനാണു വേട്ടയാടപ്പെട്ടതെന്നു ഷീലയ്ക്ക് ഇപ്പോഴും അറിയില്ല. മലയാളിയുടെ നീതിബോധം ലജ്ജിച്ചു തലതാഴ്ത്തി നിന്ന ദിവസങ്ങൾ. അവർ അനുഭവിച്ച വേദന മനഃസാക്ഷിയുള്ള എല്ലാ മലയാളികളും അറിയണം. വനിത ഒരുക്കിയ കൂടിച്ചേരലിൽ ഡോ. ഗിരിജയും ഷീല സണ്ണിയും പങ്കുവയ്ക്കുന്നു, അവർ കടന്ന കനൽവഴികൾ.

ഷീല സണ്ണി: അന്നു ടിവിയിൽ കണ്ട ആളേയല്ലലോ... ഇപ്പോൾ പൊടി സുന്ദരിയായിട്ടുണ്ട്.

ഡോ. ഗിരിജ: അതു മനസ്സിന്റെയാടോ.. സങ്കടങ്ങൾ ഇറങ്ങിപ്പോകുമ്പോൾ മനസ്സ് തെളിയും. ഞാന്‍ അനുഭവിച്ചതിനെല്ലാം ഒരു കാരണമുണ്ട്. തന്റെ കാര്യം അങ്ങനെയല്ലല്ലോ,

ഷീല സണ്ണി: ശത്രുതയുണ്ടാകാൻ മാത്രം തെറ്റു ചെയ്തിട്ടില്ല ഡോക്ടറേ...അസൂയ ഉ ണ്ടാകാൻ മാത്രം വളർന്നിട്ടുമില്ല. ഇപ്പോഴും ഉള്ളു കത്തുകയാണ്. ജയിലിലെ ഇരുട്ടു മുറിയേക്കാളും ഇരുട്ടു നിറയ്ക്കുന്നത് ആ ചോദ്യങ്ങളാണ്. എന്തിന്... ആര്...?

ഡോ. ഗിരിജ: എന്റെ കാര്യമെടുക്കാം. വൻകിട തിയറ്റർ മുതലാളിമാര്‍ വാഴുന്ന തൃശൂര്‍ പട്ടണത്തിന്റെ കണ്ണായ സ്ഥലത്തു സിനിമയുടെ എബിസിഡി അറിയാത്ത സ്ത്രീ തിയറ്റർ നടത്തുന്നു. അതാണു വിരോധത്തിന്റെ അടിസ്ഥാനം.

ഇരുൾ മൂടിയ ദിനങ്ങൾ

ഷീല സണ്ണി: ബ്യൂട്ടി പാർലർ എന്ന് കേൾക്കുമ്പോഴുള്ള ലക്ഷ്വറി മുഖം ‘ഷീ സ്റ്റൈൽ’ എന്ന എന്റെ കുഞ്ഞുസ്ഥാപനത്തിനില്ല. ‘ഉപജീവന മാർഗം...’ അതിനപ്പുറം വലിയൊരു ‘ആഡംബരം’ ഇല്ല. അത്യാവശ്യം കഴിഞ്ഞു പോകാനുള്ള വരുമാനം. അതേ ഉള്ളൂ. ഭർത്താവിനു പ്രമേഹമടക്കമുള്ള അസുഖങ്ങൾ ഉണ്ട്. അങ്ങനെയാണു കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നത്. ഒരു പ്രാരാബ്ധവും ആരോടും പറഞ്ഞിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല. എന്തിനാണു വേട്ടയാടൽ? അതാണു മനസ്സിലാകാത്തത്.

ഡോ. ഗിരിജ: വ്യാജവാർത്തകളോടെ ആയിരുന്നു എനിക്കു നേരെയുള്ള ആക്രമണത്തിന്റെ തുടക്കം. അശ്ലീല സന്ദേശങ്ങൾ, തിയറ്റർ പ്രമോഷൻ ഫെയ്സ്ബുക് പേജ് പൂട്ടിക്കൽ അങ്ങനെ പല വഴിക്കായിരുന്നു ദ്രോഹങ്ങൾ.

‌എന്റെ ‘തെറ്റ്’ എന്തെന്നോ? ടിക്കറ്റ് ചാർജിനു പുറമേ കമ്മിഷൻ അടിച്ചെടുക്കുന്ന സൈറ്റുകൾക്കു പകരമായി സിനിമ പ്രേമികളിൽ നിന്ന് ഒരു രൂപ പോലും അധികം വാങ്ങാതെ www.girijatheatre.com എന്ന സ്വന്തം സൈറ്റിലൂടെയും വാട്സാപ്പിലൂടെയും ടിക്കറ്റ് വിൽപന തുടങ്ങി.

അതിന്റെ പ്രത്യാഘാതം വലുതായിരുന്നു. തിയറ്ററിൽ പുതിയ സിനിമ തരുന്നതു ചിലർ മുടക്കി. അഥവാ തന്നാലും ആരും എടുക്കാത്ത സിനിമകളേ തരൂ. തിയറ്റർ സ്റ്റാഫിന് കോവിഡ് ആണെന്ന പ്രചാരണം വന്നു. എന്നിട്ടും കഷ്ടപ്പെട്ടു ചില നല്ല സിനിമകൾ തിയറ്ററിൽ കൊണ്ടുവന്നു. തല്ലുമാല സിനിമ പ്രദർശിപ്പിച്ച സമയത്ത് ‘ഒരു ടിക്കറ്റിന് രണ്ട് ടിക്കറ്റ് ഫ്രീയെന്ന് പറഞ്ഞ്’ ചിലർ വ്യാജ പരസ്യം നൽകി. അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ഒന്നുകിൽ ഈ തിയറ്റർ പൂട്ടിക്കുക. അല്ലെങ്കിൽ പഴയ കാലത്തെ പോലെ മസാല ചിത്രങ്ങളുടെ തിയറ്ററാക്കി തരംതാഴ്ത്തുക.

പക്ഷേ, ഇത് ഗിരിജയാണ്. ശ്വാസമുള്ളിടത്തോളം കാ ലം ഞാനതിനു നിന്നുകൊടുക്കില്ല. തോൽക്കില്ലെന്ന് സ്വയം വിശ്വസിച്ചേ മതിയാകൂ, ഷീലേ.

ഷീല: ‘ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരിക്കച്ചവടം, ഉടമ പിടിയിൽ!’ ബ്യൂട്ടി പാർലറും ലഹരിയും ഉറപ്പായും നല്ല കോംബിനേഷനായിരിക്കും എന്ന് വിധിയെഴുതിയ കുറച്ച് പേരും സോഷ്യൽമീഡിയയും ചേർന്നപ്പോൾ ഞാൻ ജയിലിലായി. എന്റെ ജീവിതം ഇരുട്ടിലായി.

ഡോ. ഗിരിജ: ആർക്കു മനസ്സിലായില്ലെങ്കിലും തന്നെ എ നിക്കു മനസിലാകും. കാരണം മനസ്സും ശരീരവും തകർന്നു പോയവളാണ് ഞാൻ. ഭർത്താവിന്റെ മരണം, രോഗം അങ്ങനെ പലതും നേരിടേണ്ടി വന്നു. ‌‌പക്ഷേ, അതിനേക്കാളൊക്കെ വലിയ ദുരിത ഘട്ടമാണു ഷീല പിന്നിട്ടത്.

മരിക്കണോ ജീവിക്കണോ എന്നു പോലും തോന്നിപ്പോകുന്ന സാഹചര്യമായിരുന്നില്ലേ?

ഷീല സണ്ണി: ഞാൻ ആത്മഹത്യയെ പറ്റി ചിന്തിച്ചില്ലെന്നാണോ? ഫെബ്രുവരി 27ന് എന്നെ ബ്യൂട്ടി പാർലറിൽ നിന്നു കുറ്റവാളിയെ പോലെ പിടിച്ചിറക്കി കൊണ്ടു പോയ ആ ദിവസം തൊട്ട് ജയിലിൽ കിടന്ന 72 ദിവസങ്ങളിലും മരണചിന്ത

ഉള്ളിൽ ഓടിക്കൊണ്ടേയിരുന്നു. ഞാൻ ജയിലിലാകുമ്പോ ൾ മകൾ പൂര്‍ണഗർഭിണിയാണ്. എന്റെ അവസ്ഥ അവൾക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവള്‍ക്കോ കുഞ്ഞിനോ എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു പേടി.

ജയിലിൽ എന്നെ കാണാൻ വീട്ടുകാർ വന്ന ദിവസം മറക്കില്ല. അഴിക്കപ്പുറത്തു നിന്നു കുറ്റവാളിയെപ്പോലെ അവരെ കണ്ട നിമിഷം മരിച്ചില്ലെന്നേയുള്ളൂ.

‘നിന്നെ കൊടുംകുറ്റവാളിയെപ്പോലെ ആണു മീഡിയ ആഘോഷിക്കുന്നത്. തളരരുത് നമുക്കു തിരിച്ചു വരണം’ ഭർത്താവു പറഞ്ഞു. കുഞ്ഞിനെയും വയറ്റിലിട്ട് എന്നെ കാണാൻ വാശിപിടിച്ചെത്തിയ മകൾ സബിതയും മരുമകൻ ജോയ്സണും അതു തന്നെ പറഞ്ഞു ‘മമ്മീ... അരുതാത്തതൊന്നും ചിന്തിക്കരുത്, കടും കൈ ഒന്നും ചെയ്യരുത്.’

വേദനയുടെ രാപ്പകലുകൾ

ഡോ. ഗിരിജ: എല്ലാം ഒരു തിരക്കഥ പോലെയായിരുന്നില്ലേ.. ശരിക്കും അന്നെന്താണ് സംഭവിച്ചത്?

ഷീല സണ്ണി: ബ്യൂട്ടി പാർലറിൽ എക്സൈസ് സംഘമെത്തി. ‘നിങ്ങൾക്കു മയക്കുമരുന്ന് ബിസിനസ് ആണല്ലേ’ അ ത് കേട്ടതും ഞാൻ ഷോക്കായിപ്പോയി. പാർലറിൽ തിരയുന്നതു പോലെ ചുറ്റിത്തിരിഞ്ഞിട്ട് അവർ എന്റെ സ്കൂട്ടറിൽ നിന്ന് എന്തോ കണ്ടെടുത്തു. മയക്കുമരുന്നു കിട്ടിയെന്നു പറയുന്നതും കേട്ടു. അവിടെ നിന്ന് എന്നെ സ്റ്റേഷനിൽ കൊണ്ട് പോയി. പത്രക്കാരും ചാനലുകളും എത്തി. ഒരു ഓ ഫിസർ എന്നോടു തല കുമ്പിട്ടിരിക്കാൻ പറഞ്ഞു. കാരണം അങ്ങനെ ഇരുന്നാലല്ലേ കുറ്റവാളിയെന്ന നിലയിലുള്ള ഇംപാക്ട് കിട്ടൂ. അതാകാം അങ്ങനെ പറഞ്ഞത്.

വിയ്യൂർ ജയിലില്‍ ഭ്രാന്തിയെപ്പോലെ ഞാൻ കഴിഞ്ഞ 72 ദിവസങ്ങൾ. എനിക്കു സംഭവിച്ച നഷ്ടങ്ങൾ ആരു പരിഹരിക്കും ഡോക്ടറേ? അറിയാമോ.. ‘ലഹരിക്കച്ചവടം നടത്തി പണക്കാരിയായ’ എന്റെ അന്നേരത്തെ ബാങ്ക് ബാലൻസ് എത്രയാണെന്ന്? 137 രൂപ..’ എന്റെ സമ്പാദ്യം എന്റെ മക്കളും ഭർത്താവുമായിരുന്നു അവർ ഉള്ളതു കൊണ്ടാണല്ലോ ഞാനിന്നു ജീവനോടെ ഇരിക്കുന്നത്.

girija-and-sheela

ഡോ. ഗിരിജ: സമത്വം പോസ്റ്ററിലെഴുതി ഒട്ടിച്ചാലും ‘നീ വെറും പെണ്ണല്ലേ...’ എന്ന് പറയുന്ന ആൺമേൽക്കോയ്മയുടെ ലോകമാണിത്.

ഷീല സണ്ണി: ഒറ്റയ്ക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം ഡോക്ടർക്ക് എങ്ങനെ കിട്ടി ?

ഡോ. ഗിരിജ: എനിക്കിത് അച്ഛൻ വി. പദ്മനാഭന്റെ ആ ത്മാവുറങ്ങുന്ന ഇടമാണ്. സാധാരണ മക്കളുടെ പേര് സ്ഥാപനത്തിനിടുന്ന പതിവുണ്ട്. ഇവിടെ നേരെ തിരിച്ചാണ്. 57 ൽ അച്ഛന്റെ മുത്തച്ഛനാണ് തിയറ്റർ തുടങ്ങിയത്. അങ്ങനെ തിയറ്ററിനോടുള്ള ഇഷ്ടം പേരായി അച്ഛ ൻ എനിക്കു നൽകി. ഭാഗംവച്ച് തിയറ്റർ അച്ഛന്റെ കയ്യിലെത്തുമ്പോൾ നഷ്ടക്കണക്കുകളേ ഉണ്ടായിരുന്നുള്ളൂ ബാക്കി. പിടിച്ചു നിൽക്കാൻ മസാല പടങ്ങൾ ഇടേണ്ടി വന്നു. പേരിനൊപ്പം ആ നാണക്കേടും കൂടി സഹിച്ചായിരുന്നു പഠനകാലം. സ്കൂൾ മാഗസിനു വേണ്ടി കാശ് പിരിച്ചപ്പോൾ ‘നിന്റെ തിയറ്ററിൽ തുണിയില്ലാത്ത സിനിമ കളിച്ച് കാശുണ്ടാക്കുന്നുണ്ടല്ലോ?’ കാശ് തന്നാലെന്താ എന്ന് ടീച്ചർമാരും കുട്ടികളും കളിയാക്കിയത് എരിയുന്ന ഓർമയാണ്.

വീണ്ടും ഹിറ്റ് ചിത്രങ്ങളുടെ ഗിരിജാ ടാക്കീസാക്കി മാറ്റാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചു. ‘തോൽക്കരുത്’ എന്നു പറഞ്ഞ് അവസാന ശ്വാസം വലിച്ച അച്ഛനു കൊടുത്ത വാക്ക് പാലിക്കേണ്ടേ. അച്ഛൻ മരിക്കുന്നതു വരെ ഞങ്ങൾ ബിസി‌നസിന്റെ ഭാഗമായിരുന്നില്ല.

ഉപരിപഠനവും ജോലിയുമായി മുന്നോട്ട് പോകുകയായിരുന്നു ഞാൻ. അ വിടെ നിന്നാണ് വിതരണക്കാരനോട് വിലപേശി സിനിമയെടുക്കുന്ന തിയറ്റർ ഉടമയായി മാറിയത്. 2005 ൽ തിയറ്റർ നടത്തിപ്പ് ഏറ്റെടുത്ത തീരുമാനം കുറച്ചു സാഹസികമായിരുന്നു. അന്ന് ബാധ്യത 50 ലക്ഷം. 2006 ൽ ഷോർട് സർക്യൂട്ട് മൂലം തിയറ്ററിന് തീപിടിച്ചു. പിന്നെ, 50 ലക്ഷം കൂടി ലോൺ എടുത്തു. തിയറ്റർ നവീകരിച്ചു.

2008ൽ തൃശൂരിലെ തിയറ്റർ മുതലാളി കുറച്ച് ആന്ധ്രക്കാരെയും കൂട്ടി വന്നു. നടത്തിക്കൊണ്ടു പോകാൻ പാടുപെടുന്ന എന്റെ തിയറ്റർ ചുളുവിലയ്ക്കു വാങ്ങുക ആയിരുന്നു ലക്ഷ്യം. വിൽക്കുന്നില്ല എന്നു ഞാൻ തീർത്തു പറഞ്ഞു. പിന്നെ, അതിന്റെ പ്രതികാരവും നേരിടേണ്ടി വന്നു. തളർന്നു പോയ നിമിഷത്തിൽ കൈത്താങ്ങായ ഇന്നസെന്റ് സാറിനെ മറക്കില്ല. ‘ട്വന്റി 20’ ഇറങ്ങിയ സമയത്ത് നടനും നിർമാതാവുമായ ദിലീപിനോട് അദ്ദേഹം പറഞ്ഞു.

‘എന്റെ നാട്ടുകാരിയായ ഒരു സ്ത്രീയുണ്ട്. അവർക്ക് കച്ചവടമൊന്നും വലിയ വശമില്ല. നീ നിർമിക്കുന്ന ട്വന്റി 20 പ്രദർശിപ്പിക്കാൻ കൊടുത്ത് അവരെ സഹായിക്കണം.’ ആ വാക്കിന് പൊന്നുംവിലയാണ്. ദിലീപ് തിയറ്ററിന് ട്വന്റി 20 തന്നു. അതൊരു പിടിവള്ളിയായി.

girija-and-sheela-2

ഷീല: ഭർത്താവിന്റെ വേർപാടിനു ശേഷം ഡോക്ടർ എങ്ങനെയാണ് ഒറ്റയ്ക്ക് മുന്നോട്ട് നീങ്ങിയത്.

ഡോ. ഗിരിജ: അസംകാരനാണ് ധ്രുവൻ. അച്ഛന്റെ വേർപാട്, തിയറ്റർ നടത്തിപ്പ്. ഒപ്പം ബെംഗളൂരുവിലെ ക്യാംപസിൽ ഡെന്റൽ അധ്യാപികയുടെ ജോലി. ആ കാലത്താണ് സഹപ്രവർത്തകനായ ധ്രുവനുമായി അടുപ്പത്തിലാകുന്നത്. ഐടി അധ്യാപകനായിരുന്നു അദ്ദേഹം. എതിർപ്പുകൾ ഉണ്ടായെങ്കിലും ഞങ്ങൾ വിവാഹിതരായി.

രണ്ടുമക്കളാണ്. ശങ്കറും മോഹിതും. പത്തുവർഷം മുൻപ് എന്നോട് യാത്ര പറഞ്ഞ് ബംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് പോയതാണ് ധ്രുവൻ. അടുത്ത ദിവസങ്ങളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ഓഫിസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അസമിലേക്കു പോയി എന്നല്ലാതെ അവർക്കും വിവരമൊന്നുമില്ല. അസമിലെ ഉൾഗ്രാമത്തിലാണ് ധ്രുവന്റെ വീട്. അവിടെ ചെന്ന് അന്വേഷിക്കാനുള്ള അടുപ്പം വീട്ടുകാരുമായി ഉണ്ടായിരുന്നില്ല. അവരുടെ എതിർപ്പ് അവഗണിച്ചായിരുന്നല്ലോ ഞങ്ങളുടെ വിവാഹം.

മൂന്നു മാസത്തിനു ശേഷം എനിക്കൊരു കോൾ വന്നു. ധ്രുവന്റെ സഹോദര ഭാര്യയാണ്. അവർ പറഞ്ഞു, ഹൃദയാഘാതം മൂലം ധ്രുവൻ മരിച്ചു. അതിനൊപ്പം അവർ മറ്റൊന്നു കൂടി പറഞ്ഞു. ‍ഞാൻ ദുഃശകുനം ആയതു കൊണ്ടാണു ധ്രുവന്റെ മരണമെന്നു ഗ്രാമവാസികളിൽ ചിലർ പറഞ്ഞത്രേ. ശുഭം എന്ന് അവസാനം എഴുതി കാണിക്കാത്ത സിനിമ പോലെയായി ഞങ്ങളുടെ ജീവിതം.

ഷീല സങ്കടപ്പെടരുത്, നമ്മളെ വേദനിപ്പിക്കുന്ന വിധി പ്രായശ്ചിത്തം ചെയ്യാതിരിക്കില്ല. ആ പഴയ ഷീലയെ ഞ ങ്ങൾ തൃശൂർകാർക്കു തിരികെ വേണം.

ഷീല: ഇനിയെന്തു ചെയ്യണമെന്നു പോലും അറിയാൻ വ യ്യാത്ത അവസ്ഥയാണ് എന്റേത്. ഒരാളെ സംശയമുണ്ട്. എ ന്നെ അറസ്റ്റ് ചെയ്യുന്നതിനു മുൻപൊരു ദിവസം ബന്ധുവായ ആ സ്ത്രീ വീട്ടിൽ വന്നിരുന്നു. കാലം കണക്കു ചോദിക്കാതിരിക്കില്ല എന്ന വിശ്വാസത്തിലാണ്. ഇനി ഒരാൾക്കും ഈ ഗതി വരരുത്.

നിലവിൽ ബിഗ് സീറോയാണു ഞാൻ. പക്ഷേ, എന്തു ചെയ്യാൻ, ജീവിച്ചല്ലേ പറ്റൂ. മലപ്പുറത്തെ തണൽ എന്ന കൂട്ടായ്മ ബ്യൂട്ടിപാർലർ വീണ്ടും തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്. എല്ലാം ഇനി ഒന്നിൽ നിന്നു തുടങ്ങണം.

ഡോ. ഗിരിജ: അതിനു മുൻപ് എപ്പോഴാ എന്റെ തിയറ്ററിൽ സിനിമ കാണാൻ വരുന്നത്?

ഷീല സണ്ണി: മനസ്സിലെ തീയൊന്നു കെടട്ടെ, വരാം, മക്കളെയും കൂട്ടി ഒരു ദിവസം.

ബിൻഷാ മുഹമ്മദ്

ശ്രീകാന്ത് കളരിക്കൽ