അക്രമികൾക്കെതിരെ പൊലീസിൽ നിന്നുണ്ടാവേണ്ടത് കർശന നടപടി
താമരശ്ശേരിയിലെ ഷിബിലയെ വീട്ടിൽ കയറി ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ ഞെട്ടൽ മാറും മുൻപ് സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് നടുക്കമാകുന്നു. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ 3 സമാന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, പതിവ് ഗാർഹിക പീഡനക്കേസുകൾ കൈകാര്യം ചെയ്യുന്ന അതേ ഒത്തു തീർപ്പു മാതൃകയിലാണ് ലഹരിക്ക് അടിമപ്പെട്ടവരുടെ അക്രമങ്ങളെയും പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ഒത്തുതീർപ്പ് ശ്രമങ്ങളാണ് ഗുരുതരമായ ആക്രമണങ്ങളിലേക്ക് വഴിയൊരുക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
ഷിബില വധക്കേസ്: യാസിറിനെയും കൊണ്ട് തെളിവെടുപ്പ് തുടങ്ങി
താമരശ്ശേരി∙ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഷിബില വധക്കേസ് പ്രതി യാസിറിനെയും കൊണ്ട് ഇൻസ്പെക്ടർ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ ബാലുശ്ശേരി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തി. കൊലപാതകത്തിനു ശേഷം ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പമ്പിൽ നിന്ന് ഇന്ധനം അടിച്ച് പണം നൽകാതെ പോയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്നാണ് പമ്പിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയത്. പമ്പ് ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തായിരുന്നു തെളിവെടുപ്പ് നടത്തിയത്. കാറിൽ ഇരിക്കുകയായിരുന്ന പ്രതിയെ ഇവിടെ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പൊലീസ് താമരശ്ശേരി കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ പ്രകാരം 27നു രാവിലെ 11 വരെയാണ് തെളിവെടുപ്പിനായി പ്രതിയെ വിട്ടു നൽകിയത്.
ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബം
‘‘പൊലീസ് തൊപ്പി വച്ച ഒരാൾ ഇതുവഴി വന്നിരുന്നെങ്കിൽ ഞങ്ങൾക്ക് അത്രയെങ്കിലും ആശ്വാസമായേനെ’’ എന്നാണ് താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം പറഞ്ഞത്. ഷിബില ഭർത്താവ് യാസിറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ലഹരിക്ക് അടിമയായി ഉമ്മയെ വെട്ടിക്കൊന്ന ആഷിഖിന്റെ സുഹൃത്താണു യാസിർ എന്നും ഏതു സമയവും കൊല്ലപ്പെടാമെന്നും സൂചിപ്പിച്ചിരുന്നു. എപ്പോഴും കത്തി കൊണ്ടു നടക്കുന്ന ആളാണ്. കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞിട്ടു പോലും ഒത്തു തീർപ്പാക്കാനാണു പൊലീസ് ശ്രമിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
പൊലീസ് വീഴ്ചയ്ക്ക് എതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാനാണു ഷിബിലയുടെ കുടുംബത്തിന്റെ തീരുമാനം.കഴിഞ്ഞ ദിവസം ഭാര്യവീട്ടിലേക്ക് കത്തിയുമായി ചെന്ന് അക്രമം നടത്തിയ പ്രതി ചെലവൂർ കരിയാമ്പറ്റ വീട്ടിൽ മിഥുനെതിരെയും മുൻപ് പന്നിയങ്കര സ്റ്റേഷനിൽ ഗാർഹിക പീഡനക്കേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് ഇയാൾ വീണ്ടു അക്രമം നടത്തിയത്.