Friday 26 May 2023 11:55 AM IST : By കെ.പി. ജയചന്ദ്രൻ

ഷിബിലിക്കെതിരെ മുന്‍പ് ഫർഹാനയുടെ പോക്സോ കേസ്; പിന്നീട് തമ്മിൽ സൗഹൃദത്തിലായി! ഇരുവരും സിദ്ദീഖ് കൊലക്കേസിൽ പ്രതിസ്ഥാനത്ത്..

farhana-shibily6647

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുള്ള ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫർഹാന മുൻപ് പോക്സോ കേസ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫർഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയൽ ചെയ്തത്. അന്നത്തെ കേസിനു ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായതെന്നാണ് വിവരം. പൊലീസ് ചെന്നൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിനിയും.

2018 ൽ നെന്മാറയിൽ വഴിയരികിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫർഹാനയും കുടുംബവും നൽകിയ കേസ്. അന്ന് ഫർഹാനയ്ക്ക് 13 വയസ്സായിരുന്നു പ്രായം. ഇതുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണ് ഫർഹാനയുടെ കുടുംബം കേസ് കൊടുക്കുന്നത്. അന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു.

ഇരുവർക്കുമെതിരെ മുൻപും പലതവണ പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. ബന്ധുവീട്ടിൽനിന്ന് അടുത്തിടെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫർഹാനയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു. കാറൽമണ്ണയിൽ ബന്ധുവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഹർഫാന സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണമെടുത്തത് താനാണെന്ന് കത്തെഴുതി വച്ചാണ് ഫർഹാന പോയതെന്നാണ് വിവരം. അന്ന് ഫർഹാന, ഷിബിലിക്കൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നാണ് സംശയം.

സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫർഹാനയുടെ സഹോദരൻ ഗഫൂറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഗഫൂറിനെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. സിദ്ദിഖിനെ മൂവർ സംഘം കൊലപ്പെടുത്തിയെന്നു കരുതുന്ന കോഴിക്കോട്ടെ ഹോട്ടലിൽനിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളിൽ ഗഫൂറും ഉണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഈ മാസം 23 മുതൽ ഫർഹാനയെ കാണാനില്ലെന്നു വ്യക്തമാക്കി ഫർഹാനയുടെ കുടുംബം തൊട്ടടുത്ത ദിവസം ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൻ പൊലീസ് സംഘം ചളവറയിലെ ഫർഹാനയുടെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ പരാതി നൽകിയിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയതെന്നാണ് നാട്ടുകാർ കരുതിയത്.

24ന് രാത്രി മൂന്നു വാഹനങ്ങളിലായാണ് പൊലീസ് സംഘമെത്തിയത്. ഇവർ ഫർഹാനയുടെ സഹോദരൻ ഗഫൂറിനെ അന്നു രാത്രി കൂട്ടിക്കൊണ്ടുപോയിരുന്നു. ഗഫൂറിനെ ഇതുവരെ വിട്ടയച്ചിട്ടുമില്ല. പിറ്റേന്ന് രാവിലെ വീണ്ടും എത്തിയ പൊലീസ് ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയെയും കൊണ്ടുപോയെങ്കിലും അന്നു വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തിച്ചു.

എന്നാൽ, ഈ സമയമെല്ലാം ഫർഹാനയും ഷിബിലിയും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഹോട്ടൽ വ്യവസായി സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് ചെന്നൈയിൽവച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് സംഘം ഫർഹാനയുടെ വീട്ടിലെത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അതേസമയം, വീരാൻകുട്ടിയുടെ പേരിലും ഈ മാസം പൊലീസിൽ പരാതി ലഭിച്ചിരുന്നു. മദ്യപിച്ച് ബഹളം വച്ചെന്ന് ചൂണ്ടിക്കാട്ടി അയൽവാസിയാണ് ഈ മാസം 13ന് പൊലീസിൽ പരാതി നൽകിയത്.

Tags:
  • Spotlight