Wednesday 24 July 2024 12:24 PM IST

‘മാരിറ്റൽ റേപ്പിനു വരെ ഇരയായി, ബാത്റൂമിലിരുന്നു കരഞ്ഞ ആ ദിനങ്ങൾ’: വെറുക്കപ്പെട്ട എന്റെ കല്യാണസാരി: ശോഭ പറയുന്നു

Seena Tony Jose

Editorial Coordinator

shobha-bigg-boss

ചുവന്ന കാഞ്ചീപുരം സാരി ഞാൻ പിന്നീട് ഒരിക്കലും ഉടുക്കാനിടയില്ലായിരുന്നു. അലമാര തുറക്കുമ്പോൾ ആ സാരി കണ്ടാൽ മുള്ളു കുത്തുന്ന വേദന തോന്നുന്നതുകൊണ്ട് ചിലപ്പോൾ മറ്റുസാരികൾ അതിന്മേൽ കൂട്ടിവച്ച് കാഴ്ചയിൽനിന്നുതന്നെ മറച്ചുകളഞ്ഞേനേ.

ഏറ്റവും വെറുക്കപ്പെട്ട ഒന്നായി മാറേണ്ട എന്റെ കല്യാണ സാരിയാണു ബിഗ് ബോസിൽ തേഡ് റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ട ദിവസം ലാലേട്ടനൊപ്പം അഭിമാനത്തോടെ വേദിയിൽ നിൽക്കുമ്പോൾ ഉടുത്തത്. വിവാഹമോചനം കഴിഞ്ഞ ഒരു സ്ത്രീയും പ്രത്യേകിച്ച് ഗാർഹിക പീഡനം കൂടി അനുഭവിക്കേണ്ടി വന്ന എന്നെ പോലുള്ളവർ തോറ്റുപോകാനുള്ളവരല്ലെന്നു ലോകം അറിയണമായിരുന്നു. എനിക്കത് അറിയിക്കണമായിരുന്നു. എനിക്കുറപ്പുണ്ട് ആ മന്ത്രകോടി സാരി തീർച്ചയായും കുറച്ചു സ്ത്രീകൾക്കെങ്കിലും മുറിവുകളെ മറികടക്കാൻ പ്രചോദനമായിട്ടുണ്ടെന്ന്.

അക്കയുടെ ബേബി ഡോൾ

അക്ക ഷീബയും ഞാനും തമ്മിൽ 11 വയസ്സിന്റെ വ്യാത്യാസമുണ്ടായിരുന്നു. ചെറുപ്പത്തിൽ അക്കയുടെ ബേബി ഡോൾ ആയിരുന്നു ഞാൻ. ഇഷ്ടംപോലെ ഉടുപ്പിടുവിക്കാനും കളിപ്പിക്കാനും പൊട്ടുതൊടീക്കാനുമെല്ലാമുള്ള പാവക്കുട്ടി. പാട്ടിയമ്മയുടെ ഒമ്പതു മുഴം ചേലയ്ക്കുള്ളിൽ അക്ക എന്നെ പൊതിഞ്ഞെടുക്കും. നീളമുള്ള മുടിക്കു പകരം തോർത്ത് മുടിപോലെ പിന്നിയിട്ടുതരും.

സർക്കാർ ജീവനക്കാരായ വിശ്വനാഥിന്റെയും മീനയുടെയും മകളായി തിരുവനന്തപുരത്താണു ജനിച്ചതും വളർന്നതും. മൂലകുടുംബം തമിഴ്നാട്ടിലായതുകൊണ്ടു പാട്ടിയമ്മമാരുടെ നീളൻ ചേല എന്നോ മനസ്സിൽ കയറിയിട്ടുണ്ടാകും. അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് ഞാൻ സാരികളിലൂടെ സ്വയം പ്രകാശിപ്പിക്കേണ്ടവളാണെന്ന്, വീണുപോകാതിരിക്കാൻ സാരി കൂട്ടുനിൽക്കുമെന്ന് അന്നേ കുറിക്കപ്പെട്ടിരിക്കാം.

പ്ലസ് ടു പഠിക്കുമ്പോൾ എല്ലാ ഞായറാഴ്ചകളിലും കൂട്ടുകാരിയുമൊത്ത് ശ്രീപദ്മനാഭ സ്വാമിയെ തൊഴാൻ പോകുമായിരുന്നു. പഴവങ്ങാടിയിലും ആറ്റുകാൽ ക്ഷേത്രത്തിലും പോകും. സെറ്റുസാരി ഉടുത്താണ് അന്നത്തെ ഏറ്റവും പ്രിയപ്പെട്ട ആ യാത്രകൾ. പ്ലസ്ടു കഴിഞ്ഞു ഹോസ്റ്റലിൽ ചേർന്നു പഠിക്കേണ്ടി വന്നപ്പോൾ അമ്മയുടെ ഒരു സാരിയും കൂടെ കൊണ്ടുപോയിരുന്നു. അതുവരെ അമ്മയുടെയും അച്ഛന്റെയും നടുവിൽ കിടന്നുറങ്ങിയിരുന്ന എനിക്ക് അമ്മയുടെ മണം എന്നത് ആ സാരികളായിരുന്നു.

പ്രിയപ്പെട്ടവരുടെയെല്ലാം സാരികളോട് അത്തരമൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നും. ബിഗ് ബോസ് ഹൗസിലേക്കു പോകുമ്പോൾ ഞാൻ കണ്ടിട്ടുള്ള ഏറ്റവും കരുത്തരായ ചില സ്ത്രീകളുടെ സാരികളും കൂടെ കരുതിയിരുന്നു. എന്റെ തയ്യൽക്കാരി രാജിയുടേത്, സഹായിയായ രമണിയുടേത്... അവ ഉടുക്കുകയും അവരുടെ ജീവിതകഥകൾ ആ വേദിയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

എംബിഎ പഠിക്കാൻ ചേരുമ്പോൾ മോഡേൺ വസ്ത്രങ്ങളോട് വലിയൊരു ഇഷ്ടം കയറി. ജീൻസും ഷർട്ടുമൊക്കെ ധരിച്ച് ടോംബോയ് ലുക് പതിവാക്കി. ഇനിയൊരിക്കലും ‍സാരിയിലേക്കു തിരിച്ചുപോകാൻ ഇടയില്ലെന്നാണ് അന്നൊക്കെ കരുതിയത്. പക്ഷേ, പഠനം കഴിഞ്ഞ് ഒരു വർഷം ജോലിചെയ്തപ്പോഴേക്കും കല്യാണമായി. കേരളത്തിലെ അറിയപ്പെടുന്ന കൈത്തറി ബിസിനസ് കുടുംബത്തിലേക്കാണു വിവാഹം ചെയ്തു ചെന്നത്. പെട്ടെന്ന് മുല്ലപ്പൂ നിറമുള്ള കൈത്തറി സാരികളിലേക്കു മനസ്സു പൊട്ടിവീണതുപോലെയായി. കൈത്തറി സാരികൾ എന്റെ സെക്കന്റ് സ്കിൻ ആയി മാറി. വളരെ വേഗത്തിൽ സാരിയുടുക്കാൻ പഠിച്ചു. സാരിയിൽ മറ്റേതു വേഷത്തേക്കാൾ കംഫർട്ടബിൾ ആണെന്നും തിരിച്ചറിഞ്ഞു.

shobha-2

പക്ഷേ, മുല്ലമാല പോലെ സൗന്ദര്യവും സുഗന്ധവും വിവാഹജീവിതത്തിന് ഉണ്ടായില്ല. മാരിറ്റൽ റേപ്പിനു വരെ ഇരയായി. നാലുവർഷം സഹിച്ചും ക്ഷമിച്ചും കഴിച്ചുകൂട്ടിയ ശേഷം അതിൽനിന്ന് ഇറങ്ങിപ്പോന്നു. ബാത്റൂമിനുള്ളിലിരുന്നു കരഞ്ഞു തീർത്ത ദിനങ്ങളുടെ അവസാനം കൂടിയായിരുന്നു അത്.

പിങ്കത്തോൺ നൽകിയത്

സ്ത്രീകളുടെ ഫിറ്റ്നസിനും ബ്രെസ്റ്റ് കാൻസർ ബോധവത്കരണത്തിനും വേണ്ടി നടക്കുന്ന പിങ്കത്തോൺ എന്ന സ്ത്രീകളുടെ കൂട്ടയോട്ടം മുംബൈയിൽ നടക്കുന്ന സമയം. അതിൽ പങ്കുചേരാൻ സുഹൃത്തു ക്ഷണിക്കുമ്പോൾ പാതി മരവിച്ച മനസ്സാണുള്ളത്. പത്തു കിലോമീറ്റർ ഒാടണം. അതിനുള്ള ശക്തിയില്ല. കുറച്ചു ദൂരം ഒാടിയിട്ട് അവസാനിപ്പിക്കാമെന്നു കരുതി പേരു റജിസ്റ്റർ ചെയ്യാതെയാണ് ഒാടാൻ പോയത്. പക്ഷേ, അ‍ഞ്ചു കിലോമീറ്റർ താണ്ടിയപ്പോൾ ഇനിയും മുന്നോട്ടു പോകാമെന്നു തോന്നി. അന്ന് ആ പത്തു കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴേക്കും പ്രതിസന്ധികളെ അതിജീവിച്ച് എത്ര ദൂരം വേണമെങ്കിലും ഒാടാനാകുമെന്ന ആത്മവിശ്വാസമായി.

പിന്നീടു ബെംഗളൂരുവിൽ പിങ്കത്തോൺ നടന്നപ്പോൾ സാരിയുടുത്ത് ഒാട്ടത്തിൽ പങ്കു ചേർന്നു. കൂർഗിൽ സാരിയുടുത്തു ചെരിപ്പിടാതെയാണ് ഒാടിയത്. പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് പിങ്കത്തോൺ നടക്കുമ്പോൾ സംഘാടകയുടെ റോളിലായിരുന്നു ഞാൻ.

shobha-3

വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സ്വപ്നത്തിനു തുടക്കമിടുമ്പോൾ ആർട്ടും കൈത്തറിയും സംയോജിപ്പിച്ചുള്ള സംരംഭം എന്നായിരുന്നു മനസ്സിലെ ആശയം. കുഴിത്തറികളൊക്കെ നശിച്ചു കൈത്തറി വ്യവസായം തകർച്ചയുടെ വക്കിലാണ്. കൈത്തറി നമ്മുടെ പാരമ്പര്യത്തിന്റെ കൂടി ഭാഗമാണ്. അതിനെ രക്ഷപെടുത്താനുള്ള ശ്രമമായി ഡിസൈനർ കൈത്തറി വസ്ത്രങ്ങളും കൈത്തറി സാരിയിൽ പുതിയ പരീക്ഷണങ്ങളും ചെയ്തു. സ്വയം തെളിച്ചെടുത്ത പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയപ്പോഴാണ് മറ്റൊരു കടുത്ത പരീക്ഷണം.

പ്രണയം പറഞ്ഞെത്തിയ ഒരാളോടു താൽപര്യമില്ല എന്നു മാന്യമായി പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നു. പ്രതികാരം ചെയ്യാൻ അയാൾ ചെയ്തത് എന്റെ സ്ഥാപനത്തിലെ ജീവനക്കാരെ സ്വാധീനിച്ച് അവിടെ കഞ്ചാവ് ഒളിപ്പിക്കുകയും അതു പൊലീസിൽ അറിയിക്കുകയുമാണ്. അറസ്റ്റിലായ ദിനങ്ങളിൽ കരുതി ഇനി മുന്നോട്ട് ഒരടിപോലും വയ്ക്കാനാകില്ലെന്ന്. ആലോചിച്ചപ്പോൾ സ്വയം തിരുത്തി. പൊരുതണം. എനിക്കുവേണ്ടി മാത്രമല്ല, ചതിയിൽ പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി. തുണയായി നിന്നതും ധൈര്യം തന്നതും സഹോദരൻ കൃഷ്ണകുമാർ ആണ്. സിസി ടിവി ദൃശ്യങ്ങളിൽ കള്ളിപൊളിഞ്ഞു. ‍ ഞാൻ കുറ്റവിമുക്ത ആയി. പക്ഷേ, അതുണ്ടാക്കിയ മാനസിക ആഘാതം ഒരുപാടു വലുതായിരുന്നു.

വിമൻസ് ഡേയിൽ ചാനൽ ഡിസ്കഷന് വിളിച്ചത് കേസ് നടക്കുന്ന സമയത്താണ്. പുറത്തിറങ്ങാൻ പോലും ഭയമുള്ള സമയം. ഏതു തരത്തിലുള്ള ആക്രമണമാണ് നേരിടേണ്ടി വരികയെന്ന് ആർക്കറിയാം?. പിന്നെ തോന്നി പേടിയിൽ നിന്നു പുറത്തുവന്നില്ലെങ്കിൽ തീർന്നടിയും. സാരിയാണ് അന്നും കണ്ണുതുടച്ചതും കൈ പിടിച്ചതും. നീല ചെക്സ് ഉള്ള കൈത്തറി സാരിയുടുത്താണ് അന്നു ക്യാമറയ്ക്കു മുന്നിൽ നിന്ന് എന്റെ കഥ പറഞ്ഞത്. അതിൽ metoo#nofear എന്ന് എംബ്രോയ്ഡറി ചെയ്ത് ചേർത്തിരുന്നു. എന്നെത്തന്നെ ധൈര്യപ്പെടുത്തിയ ആ സാരി ഒരുപാടു പേർ ശ്രദ്ധിച്ചു. അതിനു ശേഷമാണു സാമൂഹിക വിഷയങ്ങളിൽ സാരിയിലൂടെ പ്രതികരിക്കുന്ന ശീലം തുടങ്ങിയത്. പല എൻജിഒ കളുടെയും ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സ്പോർട്ട്സ് താരങ്ങൾ മേരികോമിനും പി വി സിന്ധുവിനും മുതൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനു വരെ വസ്ത്രം ഡിസൈൻ ചെയ്തു നൽകി.

സാരിയുടുത്ത് ബുള്ളറ്റിൽ ലോങ് ഡ്രൈവ് പോകാനാണ് ഇപ്പോഴത്തെ ഒരു കൊതി. സാരിയിൽ ഒഴുകിയൊഴുകി മീനുകൾക്കൊപ്പം സമുദ്രാഴങ്ങളിൽ സ്കൂബാ ഡൈവ് ചെയ്യാനും ആഗ്രഹമുണ്ട്. അങ്ങനെ വീണ്ടും വീണ്ടും തെളിയിക്കാനാകണം, എനിക്കു മാത്രമല്ല, ആർക്കും ഏതഗാധ ഗർത്തത്തിൽനിന്നും കരകയറാൻ കഴിയുമെന്ന്.

സീന ടോണി ജോസ്