ഷൊർണൂർ ത്രാങ്ങാലി റോഡ് നീലമലക്കുന്നിൽ വയോധികരായ സഹോദരിമാർ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവം കവർച്ചയ്ക്കിടെയുണ്ടായ ഇരട്ടക്കൊലപാതകമെന്നു പൊലീസ്. പെയിന്റിങ് തൊഴിലാളിയായ പട്ടാമ്പി ഞാങ്ങാട്ടിരി മാട്ടായ കോതായത്ത് മണികണ്ഠൻ (48) കവർച്ചയ്ക്കിടെ ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നു ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നു കടന്നുകളയാൻ ശ്രമിച്ച ഇയാളിൽ നിന്നു സ്വർണാഭരണങ്ങളും കണ്ടെത്തിയതായി എസ്പി പറഞ്ഞു.
അമ്പലത്തൊടി വീട്ടിൽ പത്മിനി (75), തങ്കം (72) എന്നിവരെയാണു കഴിഞ്ഞദിവസം പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത വീടുകളിലായി ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. വെട്ടേറ്റ പരുക്കുകളോടെ ഇവരുടെ വീട്ടിൽനിന്ന് ഓടിയ മണികണ്ഠനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്
കഴിഞ്ഞ ജൂലൈയിൽ സഹോദരിമാരുടെ വീട്ടിൽ പെയിന്റിങ്ങിനു വന്ന മണികണ്ഠൻ ഇവരുമായി ബന്ധം സ്ഥാപിച്ചു. ഇവർ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലവും മറ്റും മനസ്സിലാക്കിയ ഇയാൾ കവർച്ചയ്ക്കു പദ്ധതിയിട്ടാണ് വ്യാഴാഴ്ച ഉച്ചയോടെ പത്മിനിയുടെ വീട്ടിലെത്തിയത്. കവർച്ച നേരിൽകണ്ട പത്മിനി ബഹളംവച്ചതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇവരെ കുത്തിപ്പരുക്കേൽപിച്ചു.
ബഹളം കേട്ട് അടുത്ത വീട്ടിൽ താമസിക്കുന്ന തങ്കവും എത്തിയതോടെ മൂവരും തമ്മിൽ മൽപിടിത്തമായി. ഇതിനിടെ മണികണ്ഠനും പരുക്കേറ്റു. സഹോദരിമാരെ കുത്തിവീഴ്ത്തിയ ഇയാൾ അടുക്കളയിൽനിന്നു പാചകവാതക സിലിണ്ടർ കൊണ്ടുവന്നു തുറന്നുവിട്ട ശേഷം തീകൊളുത്തുകയായിരുന്നു.
മരണകാരണം പൊള്ളലും ശരീരത്തിലേറ്റ മുറിവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി ആർ.ആനന്ദ് പറഞ്ഞു. പരുക്കേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തുമ്പോഴാണ് കവർച്ച നടത്തിയ സ്വർണം കണ്ടെത്തിയത്. മണികണ്ഠൻ ഷൊർണൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. 2006ൽ തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
ഇരുട്ടി വെളുത്തപ്പോൾ കുറ്റസമ്മതം
‘‘എന്നെ രക്ഷിക്കണം.. എന്നെ അവർ കുത്തി’’ എന്നു നിലവിളിച്ചു നീലാമലക്കുന്നിലൂടെ ഓടിയിറങ്ങിയ മണികണ്ഠൻ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ പൊലീസിനോടു കഥ മാറ്റിപ്പറഞ്ഞു. ‘‘ഞാനാണ് അവരെ കൊന്നത്’’ - എന്നായിരുന്നു കുറ്റസമ്മതം. വ്യാഴാഴ്ച രാത്രിയോടെ തന്നെ മണികണ്ഠനെ ആശുപത്രിയിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതമെന്നു പൊലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ നിർണായക തെളിവുകൾ ലഭിച്ചു. പൊലീസ് ശാസ്ത്രീയ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലും ഷൊർണൂർ ഡോഗ് സ്ക്വാഡിലെ ലിൻഡ എന്ന പൊലീസ് നായയെ കൊണ്ടുള്ള തെളിവെടുപ്പിലും മണികണ്ഠനിലേക്ക് ആദ്യമേ തന്നെ സൂചനയുണ്ടായിരുന്നു. പിന്നീട് സ്വർണാഭരണം ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തീ വയ്ക്കുന്നതിനിടെ മണികണ്ഠനും പൊള്ളലേറ്റിരുന്നു.
പഴുതടച്ചു കുറ്റപത്രം നൽകി പ്രതിക്കു പരമാവധി ശിക്ഷ വാങ്ങി നൽകുകയാണു ലക്ഷ്യമെന്ന് എസ്പി ആർ.ആനന്ദ് പറഞ്ഞു. ഷൊർണൂർ, ചിറ്റൂർ പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സമീപത്തെ എസ്ഐമാരെയടക്കം ഉൾപ്പെടുത്തി വിപുലമായ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.