ADVERTISEMENT

വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മുംബൈയിൽ കുളത്തിൽ മുങ്ങിമരിച്ച ഹരിപ്പാട് കുമാരപുരം സ്വദേശികളായ ഡോ. രഞ്ജിത്തും സഹോദരി കീർത്തിയും യാത്രയാകുന്നത് നാട്ടിലെ വീട്ടിൽ താമസിക്കണമെന്ന ആഗ്രഹം സഫലമാകാതെ. 

മുംബൈയിൽ വർഷങ്ങളായി സ്ഥിരതാമസമാണെങ്കിലും നാട്ടിൽ താമസിക്കണമെന്ന ആഗ്രഹം മക്കൾക്കും ഉണ്ടായതോടെ കുടുംബം ആഴ്ചകൾക്കു മുൻപ് താമല്ലാക്കലിൽ പുതിയ വീട് വാങ്ങി. ‘ശബരി’ എന്നു പേരിട്ട ഈ വീട്ടിൽ ഗൃഹപ്രവേശനച്ചടങ്ങ് നടത്തി ഒരു ദിവസം താമസിച്ച ശേഷമാണ് മക്കൾ മുംബൈയിലേക്ക് മടങ്ങിയത്. 

ADVERTISEMENT

അമ്മൂമ്മ വിജയമ്മയുടെ മരണത്തെ തുടർന്നാണ് അമ്മ ദീപയ്ക്കും അച്ഛൻ രവീന്ദ്രനും ഒപ്പം ഒരു മാസം മുൻപ് രഞ്ജിത്തും കീർത്തിയും നാട്ടിലെത്തിയത്. ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൽ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്കു മടങ്ങുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ദീപ ആലപ്പുഴയിൽ അമ്മയുടെ വീട്ടിൽ വിശ്രമത്തിലാണ്. രാത്രി വൈകിയും മക്കളുടെ മരണവിവരം ദീപയെ അറിയിച്ചിട്ടില്ല. 

നാട്ടിലെത്തുമ്പോൾ ഏവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന രഞ്ജിത്തിന്റെയും കീർത്തിയുടെയും വേർപാട് ബന്ധുക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. മൃതദേഹം ഇന്നു രാവിലെ പുതിയതായി വാങ്ങിയ താമല്ലാക്കൽ തെക്ക് ശബരി വീട്ടിൽ എത്തിച്ച് ഒരു മണിക്ക് സംസ്കരിക്കും. 

ADVERTISEMENT

വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെയാണ് ഹരിപ്പാട് സ്വദേശികളായ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചത്. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരൺ ബിൽഡിങ് നിവാസികളായ രവീന്ദ്രൻ–ദീപ ‍ദമ്പതികളുടെ മക്കളായ ‍‍ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്‌ഡിയിലെ കുളത്തിൽ മുങ്ങിമരിച്ചത്.

കീർത്തി കാൽ തെറ്റി കുളത്തിൽ വീണെന്നും സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്കു ചാടിയെന്നുമാണു വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ് ടു പൂർത്തിയാക്കി.

ADVERTISEMENT
ADVERTISEMENT