Saturday 27 May 2023 02:14 PM IST : By സ്വന്തം ലേഖകൻ

തലയ്ക്ക് ചുറ്റിക കൊണ്ടടിച്ചു, നെഞ്ചിൽ പലതവണ ചവിട്ടി; സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞു! മൂന്നുപേരും ചേർന്ന് കൂട്ടത്തോടെ ആക്രമിച്ചു

murdfgg67palkkk

കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിലുണ്ടായത് വൻ ട്വിസ്റ്റ്. സംഭവം മുൻപു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്നാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് വെളിപ്പെടുത്തിയത് സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

ഹണിട്രാപ്പ് എന്ന് ആദ്യം മുതലേ സംശയമുയർന്ന സംഭവത്തിൽ അന്വേഷണം കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അതേ ദിശയിൽത്തന്നെ എത്തുമ്പോഴും, സംഭവത്തിൽ ഉൾപ്പെട്ടവരുടെ റോളുകളിൽ കാര്യമായ മാറ്റമുണ്ട്. സിദ്ദിഖ് ജോലിയിൽനിന്ന് പുറത്താക്കിയ മുഹമ്മദ് ഷിബിലിയുടെ പ്രതികാരം എന്ന നിലയിലാണ് ആദ്യം സംശയങ്ങളുയർന്നതെങ്കിൽ, ചിത്രം കൂടുതൽ വ്യക്തമാകുമ്പോൾ കേസിന്റെ ആണിക്കല്ലായിട്ടുള്ളത് പതിനെട്ടുകാരിയായ ഫർഹാനയാണ്.

സിദ്ദിഖും ഫർഹാനയും തമ്മിലുള്ള ബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളെല്ലാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയ സംഭവങ്ങളും അടിവരയിടുന്നത് ഇതു തന്നെ. സിദ്ദിഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാം.

കേസിൽ നിലവിൽ പ്രതിസ്ഥാനത്തുള്ളത് മൂന്നു പേരാണ്. പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു–23) എന്നിവർ. ഇതിൽ ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫർഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നൽകിയത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതും ഫർഹാന പറഞ്ഞിട്ടു തന്നെ.

പ്രതിസ്ഥാനത്തുള്ള മൂന്നുപേരും ഒരുമിച്ചാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ഡി കാസ ഹോട്ടലിൽ റൂമെടുത്തത്. 18–ാം തീയതി ഷൊർണൂരിൽ നിന്നാണ് ഫർഹാന കോഴിക്കോട്ടേയ്ക്ക് എത്തുന്നത്. പിന്നാലെ ചിക്കു എന്നു വിളിക്കുന്ന ആഷിക്കുമെത്തി. രണ്ടു പേരും ട്രെയിനിലാണ് വന്നത്. ഹോട്ടലിലെ ജോലിയിൽനിന്ന് സിദ്ദിഖ് അന്ന് ഉച്ചയ്ക്ക് പറഞ്ഞുവിട്ട ഷിബിലി കോഴിക്കോട്ടുണ്ടായിരുന്നു.

സംഭവം നടക്കുമ്പോൾ മൂന്നുപേരും ഈ ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ദിഖും ഫർഹാനയും സംസാരിക്കുമ്പോൾ അവിടേക്കെത്തിയ ആഷിക്കും ഷിബിലിയും ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ തമ്മിൽ തർക്കമായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു.

എന്തുപ്രശ്നം വന്നാലും നേരിടുന്നതിനായി ഫർഹാന കയ്യിൽ ഒരു ചുറ്റിക കരുതിയിരുന്നു. ഫർഹാന നൽകിയ ചുറ്റികയുമായി ഷിബിലി സിദ്ദിഖിനെ ആക്രമിച്ചു. തലയ്ക്കാണ് അടിച്ചത്. അതിന്റെ പാട് തലയിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്റെ നെഞ്ചിൽ പലതവണ ചവിട്ടി. ഈ ചവിട്ടിൽ സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞു. തുടർന്ന് മൂന്നു പേരും ചേർന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിച്ചു. കടുത്ത ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നു മനസ്സിലാക്കുന്നത്. ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂവർ സംഘം എല്ലാവിധ ആസൂത്രണത്തോടെയുമാണ് എത്തിയത്.

ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചതോടെ ഇവർ മാനാഞ്ചിറയിൽ പോയി ട്രോളി ബാഗ് വാങ്ങി. ഒരു ട്രോളി ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോൾ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടർ വാങ്ങി. അതും കോഴിക്കോട്ടു നിന്നാണ് വാങ്ങിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. അതിനായി മുൻപു വാങ്ങിയ കടയിൽനിന്നു തന്നെ ഒരു ട്രോളി ബാഗു കൂടി വാങ്ങി. കൊലപ്പെടുത്തിയ ജി 4 റൂമിന്റെ ബാത്ത്റൂമിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.

അതിനു ശേഷം രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം കയറ്റി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ മറ്റൊരിടത്ത് വലിച്ചെറിഞ്ഞു. സിദ്ദിഖിന്റെ കാറും വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവു നശിപ്പിക്കാനായി ഉപേക്ഷിച്ചു. ഇതെല്ലാം എവിടെയാണെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. തെളിവു ശേഖരണത്തിനായി പ്രതികളുമായി ഇന്നുതന്നെ വിവിധ സ്ഥലങ്ങളിലേക്കു പോകുമെന്നും എസ്പി വിശദീകരിച്ചു.

Tags:
  • Spotlight