Saturday 18 November 2023 02:44 PM IST

‘രോഗ ബാധിതയായി മരണം കാത്തിരുന്നത് ഞാൻ, പക്ഷേ അക്രമികൾ കവർന്നത് എന്റെ ചേച്ചിയുടെ ജീവൻ’: സിസ്റ്റർ റാണി മരിയ ജ്വലിക്കുന്ന ഓർമ

Easwaran Namboothiri H

Sub Editor, Manorama Traveller

sister-rani-maria-cover

‘ഫെയ്സസ് ഓഫ് ദി ഫെയ്സ്‍ലെസ് എന്ന ചലച്ചിത്രം റാണി മരിയയുടെ ജീവിതം മാത്രമല്ല, എല്ലാവരും ഉൾക്കൊള്ളേണ്ട സന്ദേശം കൂടിയാണ്’, സിനിമയെ കുറിച്ച് റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി പറയുന്നു... ഒപ്പം തീക്ഷ്ണമായ ആ ജീവിതാനുഭവങ്ങളും’

യഥാർഥ സംഭവങ്ങളുടെ സർഗാവിഷ്കാരങ്ങൾ സമൂഹത്തിനു മുൻപിലെത്തുമ്പോൾ ഏറെ വീർപ്പുമുട്ടനുഭവിക്കുന്നത് ആ പരിണാമത്തിനു സാക്ഷ്യം വഹിക്കുന്ന കഥാപാത്രങ്ങളായിരിക്കും. പ്രത്യേകിച്ചും ആ സർഗാവിഷ്കാരം അടിസ്ഥാനമാകുന്ന സംഭവം നടന്ന് വർഷങ്ങൾക്കു ശേഷമാകുമ്പോൾ. സർഗസൃഷ്ടി ബയോപിക് വിഭാഗത്തിൽ പെടുന്ന ചലച്ചിത്രം കൂടിയാകുമ്പോൾ കഥാസന്ദർഭങ്ങളിലെ നിർണായക വേഷങ്ങളിൽ ജീവിച്ചവരുടെ ഉൾത്തുടിപ്പുകൾ പ്രാധാന്യമേറെയാണ്.

രാജ്യാന്തര വേദികളിൽ കലാമികവിന് മുപ്പതിലേറെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി, പ്രദർശനവേദികളിലെല്ലാം പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ ഫെയ്സസ് ഓഫ് ദി ഫെയ്സ്‌ലെസ് എന്ന ചലച്ചിത്രം ഇപ്പോൾ കേരളത്തിലെ തിയറ്ററുകളിൽ എത്തുകയാണ്. വിശ്വാസത്തിൽ ഉറച്ച ലക്ഷ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം രേഖപ്പെടുത്തുന്ന ഈ സിനിമ വെള്ളിത്തിരയിൽ നിറയുമ്പോൾ അങ്ങകലെ മധ്യപ്രദേശിലെ ഉൾഗ്രാമത്തിൽ സിസ്റ്റർ റാണി മരിയയുടെ സഹോദരി, സിസ്റ്റർ സെൽമി പോൾ ഏറെ പ്രത്യാശയോടെ കാത്തിരിക്കുകയാണ്, കാണികളുടെ പ്രതികരണം അറിയാനായി.

‘‘ഇന്നത്തെ ലോക സമൂഹത്തിന് ഏറെ ആവശ്യമുള്ള ക്ഷമ എന്ന രണ്ടക്ഷരമാണ് ഈ ചലച്ചിത്രത്തിന്റെ സന്ദേശം. ചലച്ചിത്രം കാണുന്ന എല്ലാവർക്കും ആ സന്ദേശം ഉൾക്കൊള്ളാനാകും എന്നാണ് എന്റെ പ്രതീക്ഷ. ഇത് ഒരു കഥയല്ലല്ലോ... ജീവിച്ച്, പ്രവർത്തിച്ച് മരണം വരിച്ച ഒരാളുടെ ജീവിതചിത്രമല്ലേ. ആ സന്ദേശം എല്ലാവർക്കും ഉൾക്കൊള്ളാനാകും എന്നാണ് എന്റെ പ്രതീക്ഷ’’ സിസ്റ്റർ സെൽമി പറയുന്നു.

sister-rani

പെരുമ്പാവൂരിനു സമീപം പുല്ലുവഴിയിൽ വട്ടാലിൽ വീട്ടിൽ പൈലി–ഏലീശ്വ ദമ്പതികളുടെ രണ്ടാമത്തെ മകളായി ജനിച്ച സിസ്റ്റർ റാണി മരിയ മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രീകരിച്ച് ആദിവാസികൾക്കും കർഷകർക്കും സാധാരണക്കാർക്കുമിടയിൽ സാമൂഹ്യ സേവന പ്ര‍വർത്തനങ്ങൾ നടത്തി വരികയായിരുന്നു. എന്നാൽ സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾ വിദ്യാഭ്യാസത്തിലൂടെ ഉണരുന്നതും അവരുടെ സ്ത്രീകൾ ശക്തി പ്രാപിക്കുന്നതും കണ്ട് ശക്തമായ ജാതിവ്യവസ്ഥ കുടികൊണ്ടിരുന്ന ആ നാട്ടിലെ ജൻമികൾ ഭീതിയിലാകുകയും സിസ്റ്ററെ പിൻതിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സാധാരണക്കാർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കാൻ നിശ്ചയിച്ചിരുന്ന സിസ്റ്ററുടെ മനസ്സ് മാറുന്നില്ലെന്നു കണ്ട് ജൻമികൾ ഗുണ്ടകളെ അയച്ച് സിസ്റ്ററെ കൊലപ്പെടുത്തുകയായിരുന്നു.

face-of-the-faceless

സിസ്റ്റർ റാണി മരിയയുടെ ആറു സഹോദരങ്ങളിൽ ഇളയവളായ സിസ്റ്റർ സെൽമി മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചേച്ചി സഭയിൽ ചേരുന്നത്. ചേച്ചിയുടെ സഭാവിശേഷങ്ങളും പ്രവർത്തനങ്ങളും കേട്ട് അതിൽ നിന്ന് പ്രചോദിതയായാണ് സിസ്റ്റർ സെൽമിയും സഭാവസ്ത്രം സ്വീകരിക്കുന്നത്. ‘‘സാധാരണക്കാർക്ക് വേണ്ടി മരിക്കാനും ഞാൻ തയാറാണ് എന്ന് ചേച്ചി എപ്പോഴും പറയുമായിരുന്നു. ഞാൻ കാൻസർ ബാധിതയായി അതിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം രോഗമുക്തയാകുന്ന സമയത്താണ് ചേച്ചിയുടെ മരണവാർത്ത അറിയുന്നത്. മരണം കാത്തിരുന്ന എന്നെ വിളിക്കാതെ ദൈവം ചേച്ചിയെ വിളിച്ചല്ലോ എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് 115 കിലോമീറ്ററോളം മാറി ഇൻഡോറിൽ എത്തുമ്പോഴേക്ക് എന്റെ മനസ്സ് മുഴുവൻ ചേച്ചിയുടെ വാക്കുകൾ മുഴങ്ങുകയായിരുന്നു, പാവങ്ങൾക്കു വേണ്ടി മരിക്കാനും എനിക്ക് ഭയമില്ല, നമ്മളല്ലാതെ മറ്റാരാണ് അവർക്കു വേണ്ടി പ്രവർത്തിക്കാനുള്ളത്? എന്നോട് പലവട്ടം ഇങ്ങനെ പറഞ്ഞ ചേച്ചി അവരുടെ ലക്ഷ്യത്തിലേക്കുള്ള മാർഗത്തിലായിരുന്നു ജീവൻ വെടിഞ്ഞത്. ചേച്ചിക്കും കൊലയാളികളോട് ക്ഷമിക്കാനെ സാധിക്കൂ. അതാണ് ഞങ്ങൾക്കും അത്തരത്തിലൊരു വഴികാണിച്ചു തന്നത്.’’

ഇരുപത്തി ഏഴാം വയസ്സിൽ ക്യാൻസർ ബാധിതയായി ശസ്ത്രക്രിയയ്ക്കു വിധേയയായ സിസ്റ്റർ സെൽമി പോൾ വർഷങ്ങൾക്കിപ്പുറം വീണ്ടും രോഗപരിചരണം തേടുന്ന ഘട്ടത്തിലാണ്. ‘ദ് ഫെയ്സസ് ഓഫ് ദ് ഫെയ്സ്‌ലെസ് ന്റെ പ്രിവ്യു മുംബൈയിൽ നടന്നപ്പോൾ മോശം ആരോഗ്യാവസ്ഥ കാരണം പോയി കാണാൻ സാധിച്ചില്ല. എന്നാൽ ചിത്രം കണ്ടിട്ടു വന്ന സുഹൃത്തുക്കളും ബന്ധുക്കളും അറിയാവുന്നവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. എല്ലാവർക്കും ആ ചലച്ചിത്രത്തിന്റെ സന്ദേശം ഉൾക്കൊള്ളാനാകും എന്നാണ് പ്രതീക്ഷ. ക്ഷമിക്കാൻ സാധിക്കുക എന്നത് വലിയൊരു കൃപ തന്നെ, എന്നാൽ ക്ഷമ എന്നൊരു കരുത്തില്ലാതെ ജീവിതത്തിൽ സമാധാനം ഉണ്ടാകില്ല. ആ സന്ദേശമാണ് സിസ്റ്ററിന്റെ ജീവിതത്തിന്റെയും ഈ ചലച്ചിത്രത്തിന്റെയും സാരം.’’

face-of-the-faceless-3

ട്രൈ ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസയാണ് ചിത്രം നിർമിച്ചിരിക്കുന്നത്, ഷൈസൻ പി ഔസേപ്പ് സംവിധാനവും ജയ്പാൽ ആനന്ദൻ തിരക്കഥയും നിർവഹിച്ചു. 18 സംസ്ഥാനങ്ങളിൽ നിന്ന് 150 ലേറെ അഭിനേതാക്കളുള്ള ദ് ഫെയ്സസ് ഓഫ് ദ് ഫെയ്സ്‌ലെസ്സിൽ പ്രധാന കഥാപാത്രമായ സിസ്റ്റർ റാണി മരിയയെ അവതരിപ്പിച്ചിരിക്കുന്നത് മലയാളി താരം വിൻസി അലോഷ്യസാണ്. സംസ്ഥാനത്തെ പ്രധാന തിയറ്ററുകളിൽ ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നു.