Thursday 06 February 2025 09:50 AM IST : By സ്വന്തം ലേഖകൻ

‘നിലത്തുവീണിട്ടും ലാത്തികൊണ്ട് അടിച്ചു, സ്ത്രീയാണെന്ന പരിഗണന പോലും ഉണ്ടായില്ല; ഒരു പ്രകോപനവുമില്ലാതെയാണ് മർദിച്ചത്’: സിത്താരമോൾ

sithara

ആളുമാറിയുള്ള പൊലീസ് മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് നിലത്തുവീണിട്ടും പൊലീസ് വീണ്ടും മർദിച്ചതായി സിത്താര മോൾ. തോളെല്ലിനുണ്ടായ പൊട്ടലിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സിത്താരയിപ്പോൾ. ‘വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന ഞങ്ങളെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസുകാർ മർദിച്ചത്. കാര്യമെന്താണെന്നു ചോദിച്ചിട്ടു പോലും പറഞ്ഞില്ല. അടിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ ഓടി. പക്ഷേ, ഞാനും ഭർത്താവും നിലത്തുവീണുപോയി. നിലത്തുവീണ ഞങ്ങളെ പൊലീസ് ലാത്തികൊണ്ട് അടിച്ചു. സ്ത്രീയാണെന്ന പരിഗണന പോലും ഉണ്ടായില്ല. വനിതാ പൊലീസ് ഉദ്യോഗസ്ഥർ സംഘത്തിൽ ഉണ്ടായിരുന്നില്ല. കൈക്ക് പരുക്കു പറ്റിയ എനിക്ക് എഴുന്നേറ്റുനിൽക്കാൻ പോലും സാധിക്കുന്നില്ലായിരുന്നു.

ഭർത്താവിന്റെ തലയ്ക്കു പരുക്കേറ്റ് രക്തം വരുന്നുണ്ടായിരുന്നു. പരിചയമില്ലാത്ത സ്ഥലമായതിനാൽ എന്തുചെയ്യണമെന്ന് അറിയാതെ ആശങ്കയിലായിരുന്നു. മർദനമേറ്റ് അവശനിലയിലായതിനാൽ കൂടെയുള്ളവരെ ഫോണിൽ വിളിച്ചുവരുത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് സംഭവം ചോദിച്ചറിഞ്ഞ് പൊലീസിൽ വിവരം അറിയിക്കുന്നത്.’– സിത്താരമോൾ പറഞ്ഞു.

എസ്ഐക്കെതിരെ മുൻപും പരാതി

വിവാഹസൽക്കാരത്തിനു പോയി മടങ്ങിയ സംഘത്തെ ആക്രമിച്ച സംഭവത്തിൽ നടപടിക്കു വിധേയനായ എസ്ഐക്കെതിരെ മുൻപും അകാരണമായി മർദിച്ചെന്ന് ആരോപിച്ച് പരാതിയുയർന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ അരുൺ മോഹൻ എന്ന യുവാവിനെ അകാരണമായി മർദിച്ചതിന് ഇദ്ദേഹത്തിനെതിരെ ജില്ലാ പൊലീസ് മേധാവിയുടെ പക്കൽ പരാതിയെത്തിയിരുന്നു.

മറ്റൊരു കേസിന്റെ ഭാഗമായി ഒപ്പിടാൻ സ്റ്റേഷനിലെത്തിയ അരുണിനെ അസഭ്യം പറയുകയും നെഞ്ചിൽ ചവിട്ടുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അരുൺ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.

ചുമത്തിയത് നിസ്സാര വകുപ്പുകൾ

വിവാഹ സൽക്കാരത്തിനു പോയി മടങ്ങിയ സംഘത്തിനെ പൊലീസ് മർദിച്ച സംഭവത്തിൽ ഇപ്പോഴുള്ള അന്വേഷണം തൃപ്തികരമല്ലെന്നു മർദനമേറ്റവർ പറഞ്ഞു. നിലവിൽ എടുത്തിരിക്കുന്ന കേസിൽ മർദനം, മാരകമായി മുറിവേൽപ്പിക്കുക തുടങ്ങിയ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന വകുപ്പ്, വധശ്രമക്കുറ്റം എന്നിവ ചുമത്തിയിട്ടില്ല.

മനുഷ്യാവകാശ കമ്മിഷനിലും പട്ടികജാതി പട്ടിക വർഗ കമ്മിഷനിലും പരാതി നൽകുമെന്നാണ് സിത്താരയും കുടുംബവും പറയുന്നത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും വധശ്രമത്തിനും കേസെടുക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു.

Tags:
  • Spotlight