Monday 27 January 2025 02:25 PM IST

‘എട്ടാമത്തെ കീമോയുടെ സമയത്ത് എന്റെ മുടിയെല്ലാം കൊഴിഞ്ഞു’: മരുന്നുമണങ്ങളിൽ മുങ്ങിയ ജീവിതം: കാൻസറിനെ തോൽപിച്ച ശിവാ

V R Jyothish

Chief Sub Editor

sivani-prasanth

നഷ്ടപ്പെടുമെന്നു ഭയപ്പെട്ട ഒന്ന്, പതിവിലേറെ തിളക്കത്തോടെ തിരികെ കിട്ടിയ സന്തോഷമുണ്ടു ശിവാനിയുടെ കണ്ണുകളിൽ. എന്താണു തിരിച്ചുകിട്ടിയ ആ വിലപ്പെട്ട സ മ്മാനം? ഒരു നിമിഷത്തെ മൗനത്തിൽ ഒന്നു മുങ്ങി മുഖമുയർത്തി നോക്കി ചിരിച്ചു കൊണ്ടു ശിവാനി പറഞ്ഞു. ‘ ഈ ജീവിതം തന്നെ’.

ഗുരു, അണ്ണൻതമ്പി, ചൈനാടൗൺ തുടങ്ങി നിരവധി സിനിമകളിലുടെ മലയാളിക്ക് പരിചിതയാണ് ശിവാനി. വിക്രമാദിത്യൻ, വെളുത്ത കത്രീന എന്നീ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെയും പ്രിയമുഖം. പക്ഷേ, ക്യാമറയുടെ മുന്നിൽ നിന്ന് പെട്ടെന്നൊരു ദിവസം ശിവാനിയെ കാണാതായി.

2022 ഏപ്രിലിൽ ജീവിതത്തിലേക്കു ക്ഷണിക്കാതെ ഒരു അതിഥി എത്തി. കാൻസർ ബാധിതയാണെന്നു തിരിച്ചറിഞ്ഞു. അതിജീവനത്തിന്റെ ആ അനുഭവം പങ്കുവയ്ക്കുന്നു ശിവാനി.

കോവിഡും ചാടിക്കടന്നു, പക്ഷേ...

‘‘ അന്നു കേരളത്തിനു സാനിറ്റൈസറിന്റെ മണമായിരുന്നു. നാടാകെ പാഞ്ഞുപടരുന്ന കോവിഡ്. ആദ്യം വന്നവരെയൊക്കെ മഹാരോഗികളായി കണ്ടെങ്കിലും പിന്നെ, കോവിഡ് വരാത്തവ ർ ആരുമില്ലെന്ന അവസ്ഥയെത്തി. എന്തുകൊണ്ടോ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ എനിക്കു കഴിഞ്ഞു. രോഗത്തിനു പോലും ശിവാനിയെ പേടിയാണെന്ന് അന്നു ഫ്രണ്ട്സ് കളിയാക്കി.

പക്ഷേ, വലിയ വില്ലന്റെ വരവിനു മുൻപുള്ള നിശബ്ദത മാത്രമായിരുന്നു അത്. ഞാൻ കൂടി പങ്കാളിയായ വർക്ക് ഫ്രം ഹോം എന്ന സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. ചില അസ്വസ്ഥതകൾ തോന്നിയതുകൊണ്ട് ആശുപത്രിയിലെത്തി. ബയോപ്സി എടുക്കാൻ ഡോക്ടർ നിർദേശിച്ചു. ഞാൻ തകർന്നുപോയി. ടെസ്റ്റ് റിപ്പോർട്ട് വന്നു. കാൻസർ മൂന്നാംഘട്ടത്തിലായിരുന്നു അപ്പോൾ. പിന്നെ, ചികിത്സയുടെ നാളുകൾ. എട്ട് കീമോയും 21 േറഡിയേഷനും. അന്നാണ് പ്രശാന്തിന്റെ യഥാർഥ സ്നേഹം ഞാൻ തിരിച്ചറിഞ്ഞത്. രാവും പകലും എന്നോടൊപ്പമുണ്ടായിരുന്നു പ്രശാന്ത്.

മോഹിച്ച പോലൊരാൾ

‘‘ജീവിതത്തിൽ ചിലത് ആഗ്രഹിക്കുന്നതു പോലെ തേടി വരുമെന്ന് പറയാറില്ലേ. അങ്ങനെ തന്നെയാണ് പ്രശാന്ത് പരമേശ്വരൻ എന്ന ക്രിക്കറ്റർ എന്റെ ജീവിതത്തിലേക്കു വരുന്നത്. സിനിമയിൽ അത്യാവശ്യം തിരക്കുള്ള സമയം. ഐപിഎൽ ക്രിക്കറ്റർ ആയിരുന്നു പ്രശാന്ത്. ഒരു അഭിമുഖത്തിൽ വിവാഹ സങ്കൽപത്തെക്കുറിച്ചൊരു ചോദ്യം വന്നു. ഒന്നുമാലോചിക്കാതെ പറഞ്ഞതാണ്. പക്ഷേ, ആ മറുപടി മനസ്സിൽ നിന്നു വന്നതാണ്.

എങ്ങനെയുള്ള ആളാകണം ഭാവി വരൻ എന്നായിരുന്നു ചോദ്യം. ക്രിക്കറ്റർ പ്രശാന്ത് പരമേശ്വരനെ പോലെ ഉയരമുള്ള ഒരാളെയാണ് എനിക്കിഷ്ടം. അഭിമുഖം കഴിഞ്ഞുഞാൻ വീട്ടിലെത്തി. വീണ്ടും സിനിമയുടെ തിരക്കുകളിലേക്കു കടന്നു. പിന്നീട് എനിക്കൊരു ഫോൺ കോൾ വന്നു. ‘പ്രശാന്ത് പരമേശ്വരനാണ്’ പരിചയപ്പെടുത്തലും ആമുഖവും കഴിഞ്ഞു. പിന്നെയും ഫോൺ വിളികൾ തുടർന്നു.

പ്രണയം വിവാഹത്തിലെത്തി. 2011–ൽ വിവാഹത്തിനുശേഷം ഞങ്ങൾ ചെന്നൈയിൽ സ്ഥിരതാമസമാക്കി. മകൻ ഇഷാൻപുത്ര ജനിച്ചതിനുശേഷം നാലുവർഷം ബ്രേക്ക് എടുത്തു. അതിനു ശേഷം സിനിമയിൽ സജീവമായിത്തുടങ്ങി. ആശുപത്രിക്കാലം ആദ്യം എന്നെ സംബന്ധിച്ചു കടുത്ത നിരാശയുടെ ദിനങ്ങളായിരുന്നു. എങ്ങനെ പുറത്തു കടക്കണം എന്നറിയാത്ത അവസ്ഥ. അത്രയും മാനസികസംഘർഷം തോന്നി. അസുഖം പോലെ എന്നെ വല്ലാതെ മുറിവേൽപ്പിച്ച ഒരനുഭവം സ്കൂൾ കാലത്തുണ്ട്. വാക്കുകൾക്കു ചിലപ്പോൾ കത്തിയേക്കാൾ മൂർച്ചയുണ്ടെന്നു ഞാനാദ്യമായി തിരിച്ചറിഞ്ഞത് അന്നാണ്. തിരുവനന്തപുരത്തിനടുത്ത് കടയ്ക്കാവൂരാണ് എന്റെ നാട്. അച്ഛൻ മോഹൻദാസ്. അമ്മ ബീന. ഞാനും സഹോദരൻ സമ്പത്തും വളർന്നത് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ്.

അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് കോൺവെന്റ് സ്കൂളിലും ആറ്റിങ്ങൽ നവഭാരത് ഹയർ സെക്കൻഡറി സ്കൂളിലുമായി വിദ്യാഭ്യാസം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഗുരു’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിക്കുന്നത്. ബന്ധു വഴിയാണ് അവസരം വന്നത്.

ക്രിസ്മസ് അവധിക്കാലമാണ്. സേലത്തായിരുന്നു ഷൂട്ടിങ്. ആളൊഴിഞ്ഞ മലയോരത്ത്. വലിയ സെറ്റാണ്. അവിടെ എന്നെപ്പോലെ കുറച്ചുകുട്ടികൾ ഉണ്ട്. എന്റെ അനിയനും ഒപ്പമുണ്ട്. കുട്ടികൾ മേക്കപ് ചെയ്യുന്നു. എന്റെ ഊഴമെത്തിയപ്പോൾ മേക്കപ് ഇടുന്ന ചേട്ടൻ ചോദിച്ചു. ‘ഈ കയ്യിൽ ഇനി എന്തിനാണ് മേക്കപ്പ് ഇടുന്നത്?’

ആ ചേട്ടൻ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കു മനസ്സിലായില്ല. കയ്യിന്റെ കറുപ്പ് നിറമാകാം അദ്ദേഹത്തിന്റെ അനിഷ്ടത്തിന്റെ കാരണമെന്നു തോന്നി. ഇതുകണ്ടു നിന്ന മറ്റൊരാൾ ആ ചേട്ടനോടു ദേഷ്യപ്പെട്ടു. ‘കുട്ടികളോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത്?’ അദ്ദേഹം ശാസന പോലെ പറഞ്ഞു. ആ സംഭവം എന്നെ വല്ലാതെ മുറിവേൽപ്പിച്ചു. പിന്നെ, കലാരംഗത്തു നിന്നു മെല്ലെ അകന്നു. സോ ളോ പ്രോഗാമുകളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം പോയി. കലോത്സവങ്ങളോടുള്ള ഇഷ്ടം സംഘഗാനത്തിലും ഗ്രൂപ്പ് ഡാൻസിലുമായി ഒതുക്കപ്പെട്ടു.

sivani-4

പാട്ടും ഡാൻസും പഠിക്കുന്നതും നിർത്തി. പിന്നെ ഞാ ൻ പഠിച്ച സ്കൂളിലെ സിസ്റ്ററമ്മമാരുടെ സ്നേഹപരിലാളനകൾ കൊണ്ടാണ് കലാരംഗത്തേക്കു തിരിച്ചുവന്നത്. അതുകൊണ്ടു തന്നെ അതാണ് എന്റെ ആദ്യഅതിജീവനം. കാൻസറിനു പോലും രണ്ടാം സ്ഥാനമേയുള്ളു.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം നാഗർകോവിലിൽ എൻജിനീയറിങ്ങിനു ചേർന്നു. അക്കാലത്താണ് മോഡലിങ്ങിലേക്കു കടക്കുന്നത്. ‘മഴവില്ല്’ എന്ന ചാനൽ പരിപാടിയുടെ അവതാരകയായി ദൃശ്യമാധ്യമരംഗത്തു തുടക്കം കുറിച്ചു. സർഗോ വിജയകുമാറാണ് അന്ന് ആ പരിപാടിയുടെ പ്രൊഡ്യൂസർ. അതിനുശേഷമാണ് മമ്മൂട്ടി ഇരട്ടറോളിൽ അഭിനയിച്ച ‘അണ്ണൻ തമ്പി’യിൽ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിക്കുന്നത്. എസ്.എൻ. സ്വാമി കഥയും തിരക്കഥയും എഴുതിയ രഹസ്യ പൊലീസ് എന്ന ജയറാം സിനിമയിൽ നാലു നായികമാരിൽ ഒരാളായി. തമിഴ് സിനിമകളിലും അഭിനയിച്ചു. ആനന്ദം ആരംഭം, നാൻഗ എന്നിവ പ്രധാന ചിത്രങ്ങൾ. കരിയറിൽ സ്വന്തം പേരുറപ്പിക്കാനുള്ള യാത്ര സജീവമായിരിക്കുമ്പോഴാണ് അസുഖം പിടിമുറുക്കുന്നത്. അതുവരെ പരിചയമില്ലാത്ത മരുന്നിന്റെ ലോകം. മരുന്നുമണങ്ങളിൽ കടന്നു വരുന്ന രാത്രികൾ പകലുകൾ.

എട്ടാമത്തെ കീമോയുടെ സമയത്ത് എന്റെ മുടിയെല്ലാം കൊഴിഞ്ഞു. പുരികം പോലും. അപ്പോഴാണ് എനിക്കു തോന്നിയത്. ഇനിയും പഠിക്കണം. ഞാൻ ബിസിനസ് മാനേജ്മെന്റ് മാസ്റ്റർ ഡിഗ്രിക്കു ചേർന്നു.

പഠനം എന്ന കൂട്ട്

ജീവിതത്തിൽ ഒരു താഴ്ച വരുമ്പോൾ അതിജീവിക്കാൻ ഏറ്റവും നല്ല കൂട്ട് എന്തെങ്കിലും പുതിയതായി പഠിക്കുന്നതാണ് എന്നാണ് എന്റെ അനുഭവം. അതുവരെയുള്ള ല ക്ഷ്യങ്ങളുടെ ഒപ്പം പുതിയ ഒന്നു കൂടി ചേർത്തു വയ്ക്കുമ്പോൾ മനസ്സിന്റെ കരുത്തും ഉന്മേഷവും താനേ വർധിക്കും. പലരും ചോദിച്ചു. ഇപ്പോൾ തന്നെ വേണോ? ചികിത്സ കഴിഞ്ഞിട്ടു പോരേ? വെറുതേ കോഴ്സ് ഫീസ് പാഴാക്കണോ? പക്ഷേ, ഞാനുറപ്പിച്ചു മറുപടി പറഞ്ഞു. ൈഫനൽ പരീക്ഷ എഴുതാൻ ഞാൻ വരും. അപ്പോൾ എന്റെ അസുഖവും കുറഞ്ഞിരിക്കും. ഒരുപക്ഷേ, നിങ്ങൾക്ക് എന്നെ കണ്ടാൽ മനസ്സിലാകാതെ വരും. അതു പോലെ തന്നെ സംഭവിച്ചു. നിഴലുകൾ മാറി. വീണ്ടും നിറങ്ങൾ വന്നു.

sivani-1

ഇന്ന് ഓർക്കുമ്പോൾ അത് എന്റെ ആത്മവിശ്വാസം മാത്രമായിരുന്നു എന്നു തോന്നിപ്പോവുന്നു. അവസാനമെടുത്ത പെറ്റ്സ്കാൻ റിപ്പോർട്ട് പരിശോധിച്ച് ഡോക്ടർ പറഞ്ഞു; ‘കംപ്ലീറ്റ് നെഗറ്റീവ്. എങ്കിലും സൂക്ഷിക്കണം.’

ഇനിയുമുണ്ടേറെ ദൂരം

‘‘കാൻസറിനെ അതിജീവിച്ച ശേഷവും പഠനം ആവേശമായി തുടർന്നു. വിദേശ സർവകലാശാലകളിൽ നിന്നടക്കം നാലു ബിരുദാനന്തര ബിരുദങ്ങളും ഗവേഷണ ബിരുദവും നേടി. ഇന്ത്യൻ വീൽചെയർ ക്രിക്കറ്റ് അസോസിയേഷന്റെ ബ്രാൻഡ് അംബാസഡർ, ഗൗതം ഗംഭീറും യൂസഫ് പത്താനും ഉൾപ്പെട്ട യു.എസ് മാേസ്റ്റഴ്സ് മീഡിയ ഹെഡ് അങ്ങനെ കാൻസർ നൽകിയ അർധവിരാമത്തിനു ശേഷം ജീവിതം കൂടുതൽ സജീവമായ പോലെ തോന്നി.’’ യു.എസ്.എ ഗ്ലോബൽ അക്കാദമിയുടെ മീഡിയ ഹെഡ് കൂടിയാണ് ശിവാനി. ഇതിനിടയ്ക്ക് അഭിനയം, ഫാഷൻ ഷോ അങ്ങനെ സദാ സജീവമായ ജീവിതം. ഈ അടുത്തകാലത്ത് കൊച്ചിയിൽ ഒരു സ്വകാര്യ ഏജൻസി നടത്തിയ മിസ്സിസ് കേരള മത്സരത്തിൽ കിരീടം ചൂടിയപ്പോൾ അതിജീവനത്തിന്റെ ആർജവത്തോടെ ശിവാനി പറഞ്ഞു;

‘‘എനിക്ക് ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിനാണു ജീവിതത്തിൽ നിന്നു മടങ്ങിപ്പോകുന്നത്.’’

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ഹരികൃഷ്ണൻ. ജി