ADVERTISEMENT

അമ്മയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ കേസിൽ  മകൻ അറസ്റ്റിൽ. ഭരണിക്കാവ് ആയിരംകുന്ന് പുത്തൻതറയിൽ മോഹനന്റെ ഭാര്യ രമയെ(53) കൊലപ്പെടുത്തിയ കേസിൽ ഇളയ മകൻ നിഥിനാണ് (28) കുറത്തികാട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ മോഹനനും മൂത്തമകൻ മിഥുനും പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. മിഥുൻ ഉച്ചയോടെ തിരികെയെത്തിയപ്പോഴാണ് രമയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. 

അയൽവാസികളെയും പൊലീസിനെയും വിവരമറിയിച്ച് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രമയെ രക്ഷിക്കാനായില്ല. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് നിഥിൻ രമയെ മർദിക്കുകയും തുടർന്ന് കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ADVERTISEMENT

നിഥിൻ സ്ഥിരമായി ലഹരി ഉപയോഗിക്കുമെന്നും മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണെന്നും വീട്ടിൽ സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നെന്നും സമീപവാസികൾ പറഞ്ഞു. നിഥിന്റെ ശല്യം കാരണം പല രാത്രികളിലും രമ സമീപ വീടുകളിൽ അഭയം പ്രാപിച്ചിരുന്നു. മർദനം ഭയന്ന് കഴിഞ്ഞ വർഷം ഇവർ വാടകവീട്ടിലേക്കു മാറിയെങ്കിലും ഇനി കുഴപ്പമുണ്ടാക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്.

മാനസികാസ്വാസ്ഥ്യത്തിന് തിരുവനന്തപുരത്ത് ചികിത്സ കഴിഞ്ഞ് ഒരാഴ്ച മുൻപ് വീട്ടിലെത്തിയ നിഥിൻ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലും രമയെ വധിക്കാൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. മകന്റെ ഉപദ്രവം കാരണം വീണ്ടും വാടക വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചിരിക്കെയാണ് കൊലപാതകം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT