Wednesday 26 July 2023 12:41 PM IST : By സ്വന്തം ലേഖകൻ

അഞ്ചു ദിവസത്തോളം കാത്തിരുന്നു, ആരും വന്നില്ല... ഉറ്റവരില്ലാത്ത ശ്രീധരനു ചിതയൊരുക്കി അനിലച്ചൻ

father-anil

മനുഷ്യത്വത്തിനു മതത്തിന്റെ അതിർവരമ്പുകളില്ലെന്നു വീണ്ടും തെളിയിച്ച് അനിലച്ചൻ ഉറ്റവരില്ലാത്ത ശ്രീധരന് മകന്റെ സ്ഥാനത്തു നിന്നു ചിതയൊരുക്കി. കഴിഞ്ഞ 17നു മരിച്ച പൈനുങ്കൽപ്പാറ ബത്‌ലഹം ജറിയാട്രിക് കെയർഹോം അന്തേവാസി ശ്രീധരന്റെ(82) സംസ്കാരമാണ് യാക്കോബായ സഭാ വൈദികനും കെയർ ഹോം മാനേജിങ് ട്രസ്റ്റിയുമായ ഫാ. അനിൽ മൂക്കനോട്ടിൽ നിർവഹിച്ചത്. 

ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം നടത്തിയ ശേഷമാണു തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ശ്രീധരന്റെ ചിതയ്ക്കു ഫാ. അനിൽ തീ കൊളുത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞിരുന്ന ശ്രീധരനെ അമ്പലപ്പുഴ പൊലീസിന്റെ ശുപാർശയെ തുടർന്നു മേയ് 24ന് ആണു കെയർ ഹോമിൽ എത്തിച്ചത്.  

രോഗം മൂർച്ഛിച്ചതിനെ തുടർന്നു മരിച്ച ശ്രീധരന്റെ ഉറ്റവരെ കണ്ടെത്താൻ 5 ദിവസത്തോളം കാത്തിരുന്ന് അന്വേഷിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെയാണു ഫാ. അനിൽ സ്വന്തം നിലയിൽ സംസ്കാരം നടത്താൻ തീരുമാനിച്ചത്. മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഏറ്റെടുത്ത ശേഷമായിരുന്നു സംസ്കാരം.

3 വർഷം മുൻപ് രോഗികളും അശരണരുമായ വയോധികരെ സംരക്ഷിക്കാൻ ആരംഭിച്ച കെയർ ഹോമിൽ 66 പേർ ഇതിനോടകം മരിച്ചിട്ടുണ്ട്. ഇതിൽ 33 പേരുടെയും ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്തതിനാൽ ഏറ്റെടുത്തു ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെ സംസ്കരിച്ചിട്ടുണ്ടെന്നു ഫാ. അനിൽ പറഞ്ഞു. അതതു മതാചാര പ്രകാരമുള്ള ചടങ്ങുകൾ നിർവഹിച്ചാണ് എല്ലാവരുടെയും സംസ്കാരം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ആരും നോക്കാനില്ലാതെ കഴിഞ്ഞിരുന്ന ഒട്ടേറെ വയോധികരുടെ സംരക്ഷണം കെയർ ഹോം ഏറ്റെടുത്തിട്ടുണ്ട്. 76 അന്തേവാസികളും ജീവനക്കാരുമടക്കം 89 പേർ നിലവിൽ ഹോമിലുണ്ട്.

More