Thursday 25 May 2023 12:09 PM IST : By സ്വന്തം ലേഖകൻ

അങ്കമാലിയിലെ ആദ്യ സ്വകാര്യ ബസ് വനിത ഡ്രൈവര്‍, ഇരട്ടക്കുട്ടികളുടെ അമ്മ; പുരുഷ ഡ്രൈവർമാര്‍ക്കിടയില്‍ പെൺപുലിയായി ശ്രീനിത്യ

srinithya44336v

പുരുഷ ബസ് ഡ്രൈവർമാരുടെ ഇടയിലെ പെൺപുലിയാണു കാടപ്പാറ നാൽപാടൻ ശ്രീനിത്യ. പുരുഷന്മാർ അടക്കിവാഴുന്ന സ്വകാര്യബസ് മേഖലയിലേക്ക് അങ്കമാലിയിലെ ആദ്യ വനിത ബസ് ഡ്രൈവറായി ധൈര്യപൂർവം കടന്നുവന്നിരിക്കുകയാണു ശ്രീനിത്യ. അങ്കമാലി–മഞ്ഞപ്ര– ചുള്ളി പ്ലാന്റേഷൻ റൂട്ടിൽ ഓടുന്ന സ്വകാര്യബസ് എവിഎം ശ്രീനിത്യ ഓടിച്ചുതുടങ്ങിയിട്ട് ഒരാഴ്ചയായി.

പെരുമ്പാവൂരിലെ ഡ്രൈവിങ് സ്കൂളിൽ നിന്നാണ് ഹെവി ലൈസൻസ് എടുത്തത്. വീട്ടിലെ കാർ ഓടിക്കാറുണ്ട്. ബന്ധുവിന്റെ മിനി ലോറിയിൽ പരിശീലനം നേടി. ഭർത്താവ് മനോജ് നാൽപാടൻ പ്രോത്സാഹിപ്പിച്ചതോടെ സ്വകാര്യബസ് ഡ്രൈവറായി രംഗത്തിറങ്ങി. ബസിന്റെ ഉടമയെ സമീപിച്ചപ്പോൾ ഓടിച്ചു നോക്കാൻ പറഞ്ഞു. പിന്നീട് തുടരുകയും ചെയ്തു. ശ്രീനിത്യ സിവിൽ എൻജിനീയറിങ്ങും തയ്യലും പഠിച്ചിട്ടുണ്ട്. അയ്യമ്പുഴ ഭാഗത്ത് ഏറെ നാൾ പത്രവിതരണക്കാരിയായിരുന്നു.

അങ്കമാലി–കാലടി മേഖലയിൽ 160 ബസുകളാണു സർവീസ് നടത്തുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്കാണു പലപ്പോഴും. സമയനിഷ്ഠ പാലിച്ചു ബസ് ഓടിച്ചെത്തിക്കുകയെന്നത് ക്ലേശകരമെന്നു ശ്രീനിത്യ പറയുന്നു. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ് ജോലി. 10 വയസ്സുള്ള ഇരട്ടക്കുട്ടികളുടെ മാതാവാണു ശ്രീനിത്യ. ഭർത്താവ് മനോജ് മലയാറ്റൂർ നിലീശ്വരത്ത് മൊബൈൽ സർവീസ് സെന്ററും തയ്യൽ ഷോപ്പും നടത്തുകയാണ്.

Tags:
  • Spotlight