രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ പ്രാർഥിക്കും. ‘ദൈവമേ.... ഇന്നു ജോലിക്കുവേണ്ടി ആരും വിളിക്കരുേത...’
ജോലിയൊന്നും ചെയ്യാതെ മടി പിടിച്ചു രാവിെല മുതൽ ചടഞ്ഞുകൂടാം എന്നു കരുതി അല്ല ഞാൻ അങ്ങനെ പ്രാർഥിക്കുന്നത്. എന്റെ ജോലി എന്താണെന്ന് അറിയുമ്പോൾ ആ പ്രാ ർഥനയുടെ അർഥവും വ്യാപ്തിയും നിങ്ങൾക്കു ബോധ്യമാകും. അതു വഴിയേ പറയാം.
എന്റെ പേര് ശ്രീരഞ്ജിനി. എല്ലാവരും സ്േനഹത്തോടെ ശ്രീജ എന്നു വിളിക്കും. ഹരിപ്പാടാണു സ്വദേശം. ചെറുതന എന്ന ഗ്രാമത്തിൽ. അച്ഛൻ വാസുദേവൻ, അമ്മ അംബിക. കുറച്ചു കയ്പ്പും കൂടുതൽ മധുരവുമായി കുട്ടിക്കാലം കടന്നുപോയി. പത്താം ക്ലാസ് വരെ പഠിക്കാനേ സാധിച്ചുള്ളൂ. അതോർക്കുമ്പോൾ ഇന്നു കുറ്റബോധമുണ്ട്.
പഠിക്കാനുള്ള സാഹചര്യങ്ങൾ അന്നു വീട്ടിൽ ഉണ്ടായിരുന്നു. എന്നിട്ടും പഠിച്ചില്ല. കുറച്ചുകൂടി പഠിച്ചിരുന്നെങ്കിൽ ജീവിതം വേറൊരു ദിശയിലേക്കു മാറിയേനേ. പ ക്ഷേ, പറഞ്ഞിട്ടു കാര്യമൊന്നുമില്ലല്ലോ? ഇപ്പോഴുള്ള ജീവിതം നന്നായി ജീവിക്കുക എന്നല്ലാതെ. പത്തൊൻപതാം വയസ്സിൽ വിവാഹിതയായി. ചേർത്തല കുത്തിയതോട് സ്വദേശി മനോജാണ് ഭർത്താവ്. പെയിന്റിങ് തൊഴിലാളിയാണ് അദ്ദേഹം. ചെറുതെങ്കിലും സന്തോഷമുള്ള ജീവിതം. പെൺകുഞ്ഞു കൂടി പിറന്നതോടെ ഞങ്ങളുടെ ആഹ്ലാദം ഇരട്ടിച്ചു.
നിറം മങ്ങി തുടങ്ങിയ കാലം
കുഞ്ഞിന് മൂന്നു വയസ്സായ കാലം. അദ്ദേഹത്തിനു പണി കിട്ടുന്നതു കുറവ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റാത്ത അ വസ്ഥ. അങ്ങനെ ഞാൻ തയ്യൽ പഠിച്ചു. പക്ഷേ, പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. വേറെ എന്തെങ്കിലും തൊഴിൽ കണ്ടുപിടിക്കണം. ഒടുവിൽ ഡ്രൈവിങ് പഠിച്ചു. സ്വയംതൊഴിൽ പദ്ധതിപ്രകാരം ഒാട്ടോറിക്ഷ സ്വന്തമാക്കി. അങ്ങനെ കുത്തിയതോട് കവലയിലെ ആദ്യത്തെ വനിതാ ഓട്ടോഡ്രൈവറായി.
ആ സമയത്താണു രണ്ടാമത്തെ കുഞ്ഞു പിറക്കുന്നത്. കുറച്ചുനാൾ ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാെത വ ന്നു. ഒപ്പം നാടാകെ കൊറോണ കൂടി വന്നതോടെ ഭർത്താവിനു തീരെ ജോലി ഇല്ലാതെയായി. ഞാൻ വീണ്ടും ഓട്ടോറിക്ഷയുമായി ഇറങ്ങി. ഹരിതകർമസേനയിൽ പ കരക്കാരിയായും ജോലി ചെയ്തു. ആയിടയ്ക്കാണു ദേശീയ പാതയിൽ നിർമാണ പ്രവർത്തനങ്ങൾ സജീവമായത്. അതോടെ ഓട്ടോറിക്ഷ വഴിയുള്ള വരുമാനവും കുറഞ്ഞു. കുത്തിയതോട് ഓട്ടോറിക്ഷാ സ്റ്റാൻഡിൽ സേവ്യർ എന്ന ചേട്ടന് ജനിമൃതി എന്നൊരു ശവസംസ്കാര യൂണിറ്റുണ്ട്. എന്റെ ബുദ്ധിമുട്ട് അറിയാവുന്നതു കൊണ്ടു സംസ്കാരത്തിനുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന ഓട്ടോ ഓടിക്കുന്നോ എന്നു സേവ്യർ ചേട്ടൻ ചോദിച്ചു. പണം അത്യാവശ്യമാണെങ്കിലും ആദ്യം ഞാനൊന്നു മടിച്ചു.
ചെല്ലേണ്ടതു മരണവീട്ടിലേക്കാണ്. അതും മൃതദേഹം ദഹിപ്പിക്കുന്നതിനു മുൻപ്. സങ്കടങ്ങളുടെ നട്ടുച്ചയാണ് ആ സമയം. പേമാരി പോലെ കണ്ണീരു പെയ്യുന്ന സമയം. മുന്നിൽ വേറെ വഴികൾ ഇല്ലാത്തതുകൊണ്ട് ആ നിലവിളികൾ മനസ്സാൽ സ്വീകരിച്ച് സേവ്യർ ചേട്ടന്റെ വണ്ടി ഓടിക്കാൻ തുടങ്ങി. വണ്ടി ‘സൈറ്റിൽ’ എത്തിച്ചാൽ മാത്രം പോ രാ സാധനങ്ങൾ ഇറക്കിക്കൊടുക്കണം. സഹായിയായി കൂ ടെ നിൽക്കണം.
പിന്നെ, ജോലിയുടെ കണക്കുകൾ മനസ്സിലാക്കി തുടങ്ങി. കണക്ക് തെറ്റിയാൽ എല്ലാം തെറ്റും. വിറക് എത്തിക്കുന്നതും തീ കൊടുക്കുന്നതും മാത്രമല്ല അത്. ചിരട്ടയും വിറകും അടുക്കുന്നതിൽ പോലും കൃത്യത വേണം. ഒരു ജീവിതത്തെ അഗ്നി സ്വീകരിക്കുന്ന നിമിഷം. മെല്ലെ ഉത്തരവാദിത്തം കൂടി വന്നു. ഡ്രൈവർ തസ്തികയിൽ നിന്ന് ചടങ്ങിന്റെ സഹായി ആയി. പിന്നെ, മുഖ്യകാർമികൻ വരാത്ത ദിവസങ്ങളിൽ ആ ജോലിയും കൂടി ചെയ്യേണ്ടി വരും.
ചന്ദന പമ്പരം തേടി നടന്നു ഞാൻ...
പണ്ടു വീടിനടുത്തു മരണം നടന്നാൽ പേടിച്ചു കുറേ ദിവസത്തേക്കു ഞാൻ പുറത്തിറങ്ങാറില്ലായിരുന്നു. മരിച്ച ആ ൾ പിന്നിലുണ്ട് എന്നു തോന്നും. അങ്ങനെയുള്ള ഞാനാണ് ഇപ്പോൾ മഞ്ചമൊരുക്കി പരേതരെ യാത്രയാക്കുന്നത്. സാഹചര്യമല്ലേ മനുഷ്യരെ ഓരോ അവസ്ഥയിൽ എത്തിക്കുന്നത്.
എല്ലാ മരണവീടുകൾക്കും ഒരേ മനസ്സാണ്. മിക്കവാറും സ്ഥലത്തു മരണാനന്തരചടങ്ങുകൾ നടത്താൻ കർമികൾ ഉണ്ടാകും. അവർ പറയുന്നതിന് അനുസരിച്ചു ചെയ്താൽ മതി. ചിലയിടത്തു നമ്മൾ തന്നെ എല്ലാം ചെയ്യണം. ചടങ്ങുകളിൽ ഏറ്റവും വേദനാജനകം അവസാനത്തെ കൊള്ളി വയ്ക്കുന്നതാണ്. മുഖം പട്ടുകച്ച കൊണ്ടു മൂടും. മരിച്ചവർക്ക് അതോടെ ഈ ഭൂമിയും ആകാശവും അന്യമാകും.
മുഖത്തിനു മുകളിലൂടെ കണ്ണിെന മറച്ചു കൊണ്ട് വിറകു കൊള്ളികൾ അടുക്കും. കച്ചയിൽ നിന്നൊരു നൂലെടുത്തുതീക്കൊള്ളി കൊണ്ടു അതു മുറിക്കും. ബന്ധങ്ങളുടെ ചരടുകൾ മുറിച്ചു ശരീരം അഗ്നിക്കു സമർപ്പിക്കും. ചുറ്റും പുകച്ചുരുൾ പരക്കും. അതോടെ തീർന്നു എല്ലാം. ഒരു മനുഷ്യായുസ്സു കൊണ്ടു നേടിയതെല്ലാം പിന്നെ, ഒരു പിടി ചാരമാകും.
അത്രേയുള്ളൂ ജീവിതം. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ പലരും അതോർക്കാറില്ല. ഒരു വീട്ടിൽ സംസ്കാരത്തിനു ചെന്നപ്പോൾ കൊച്ചു കുട്ടികൾ പറമ്പിൽ നിന്നു കളിക്കുകയാണ്. അതിലൊരു കുഞ്ഞിനെ ഞാൻ ശ്രദ്ധിച്ചു. നല്ല ഓമനത്തമുള്ള കുട്ടി. സംസ്കാര സമയത്തു കർമം ചെയ്യുന്ന ആളെ കണ്ടപ്പോഴാണ് ഞാൻ ഞെട്ടിപ്പോയത്. ആ കുട്ടി ഈറനണിഞ്ഞു വരുന്നു. അവന്റെ അച്ഛനാണു മരിച്ചത്. 43 വയസ്സേ പ്രായമുള്ളൂ.
ഹൃദയസ്തംഭനമായിരുന്നു. മരണവീടുകളിൽ ഇതുപോലെ ചില കാഴ്ചകളുണ്ടാകും. അച്ഛനോ അമ്മയോ മരിച്ചതറിയാതെ കൂട്ടുകാരോടൊപ്പം കളിക്കുന്ന നിഷ്കളങ്കരായ കുട്ടികൾ. അവർക്ക് അറിയില്ല മരണം എന്നാൽ എന്താണെന്ന്.

വയലാർ എഴുതിയ കവിത ഓർമയില്ലേ?
‘...തൊട്ടടുത്തങ്ങേ പറമ്പിൽ ചിതാഗ്നി തൻ ജ്വാലകൾ
ആ ചിതാഗ്നിക്കു വലം വച്ചു ഞാൻ
എന്തിനച്ഛനെ തീയിൽ കിടത്തുന്നു നാട്ടുകാർ
ഒന്നും മനസ്സിലായില്ലെനിക്കപ്പോഴും
ചന്ദന പമ്പരം തേടി നടന്നു ഞാൻ...’
ചിതയെരിയുന്നത് മനസ്സിൽ
ജോലിക്കിടയിൽ ഞങ്ങളുടെ മനസ്സും ഉരുകിപ്പോകുന്ന സ ന്ദർഭങ്ങൾ ധാരാളമുണ്ട്. ഉറ്റവരുടെ അലമുറകൾ. അടക്കിപ്പിടിച്ച തേങ്ങലുകൾ. ആദർശ് എന്ന 16 വയസ്സുകാരൻ. എന്റെ മകളുടെ അതേ പ്രായം. കുളത്തിൽ മുങ്ങിയായിരുന്നു അവന്റെ മരണം. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതാണ്. വീട്ടുകാർക്കു താങ്ങും തണലുമാകേണ്ടിയിരുന്ന കുട്ടി. അവൻ മരിക്കുന്നതിന് ഏതാനും മാസം മുൻപാണ് അവന്റെ അച്ഛനും മരിച്ചത്. ഈ സംസ്കാരം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞുപോയെങ്കിലും അവന്റെ അമ്മയുടെ നിലവിളി ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. എരിയുന്നതു മറ്റുള്ളവരുടെ ചിതയാണെങ്കിലും കനൽ മുഴുവൻ നമ്മുടെ മനസ്സിലാണ്.

കുത്തിയതോട് ‘നികർത്തിൽ’ എന്നാണ് എന്റെ വീട്ടുപേര്. ചതുപ്പിൽ നാലു തൂണുകൾ നിവർത്തി നിർത്തി ഉണ്ടാക്കിയ െഷഡാണ് അത്. അടച്ചുറപ്പില്ല. വീടിനകത്തുത്ത് ചിലപ്പോൾ ഉടുമ്പുകൾ പ്രത്യക്ഷപ്പെടും. പഞ്ചായത്തിൽ നിന്നു ‘ൈലഫ്’ പ്രകാരം കിട്ടിയ വീട് പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല ഇതുവരെ. മകൾ ദേവനന്ദന പ്ലസ് വണ്ണിനു പഠിക്കുന്നു. അവൾ നന്നായി പഠിക്കുന്നുണ്ട്. അവളിലാണു പ്രതീക്ഷ. പ്ലസ്ടു കഴിഞ്ഞാൽ അവൾക്കു നഴ്സിങ്ങിനു പോകണം എന്നാണ് ആഗ്രഹം. ജീവിതം കരകയറാൻ അതേയുള്ളൂ മാർഗമെന്ന ബോധ്യം മകൾക്കുമുണ്ട്. ഇളയ മകൻ ദേവനാരായണൻ. അവന് അഞ്ചു വയസ്സായെങ്കിലും വളർച്ച കുറവാണ്. ഓട്ടിസമുണ്ട് കുഞ്ഞിന്.
മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം എന്ന സ്വപ്നമേയുള്ളൂ മനസ്സിൽ. ഈ ജോലി കൊണ്ട് കാര്യങ്ങൾ ഒരുവിധം നടന്നു പോകുന്നു. 800 രൂപയാണു കൂലി. ചില വീട്ടുകാർ എന്തെങ്കിലും കൂടി തരും. ജോലി ഇല്ലാത്ത ദിവസം ഓട്ടോറിക്ഷ ഓടിക്കും. വീടുപണി തീർക്കാൻ കഴിയാത്തതാണു വലിയ സങ്കടം.
മക്കൾ വളർന്നു വരികയല്ലേ. കഷ്ടപ്പാടുകൾ ഏറെയുണ്ടെങ്കിലും രാവിലെ എഴുന്നേറ്റ് ഇന്നു ജോലി കിട്ടണേയെന്ന് ഞാൻ പ്രാർഥിക്കാറില്ല; കാരണം എനിക്കറിയാം 800 രൂപയ്ക്കു പിന്നിൽ കേൾക്കുന്ന നിലവിളിയുടെ വേദന.
വി. ആർ. ജ്യോതിഷ്
ഫോട്ടോ: ഹരികൃഷ്ണൻ. ജി