Thursday 02 May 2024 12:05 PM IST

‘ആമേൻ സിനിമയാണ്... അതിലെ ആ സീനുകൾ ഞങ്ങൾക്കിടയിൽ സംഭവിക്കുന്നതല്ല’: ഇതാ ഒരു സൂപ്പർ ബാൻഡ് കഥ

V R Jyothish

Chief Sub Editor

band-story

ൻഡ് സംഘങ്ങൾക്കിടയിൽ ‘ചാലക്കുടി കൈരളി’ മമ്മൂട്ടിയാണെങ്കിൽ ‘മുണ്ടത്തിക്കോട് രാഗദീപം’ മോഹൻലാലാണ്! ഉദാഹരണത്തിനു പ്രമുഖരായ രണ്ടു ബാൻഡ് സംഘങ്ങളുെട വിശേഷണം പറഞ്ഞുവെന്നേയുള്ളൂ...

ഡ്രമ്മിൽ നാല് കൊട്ട്, ക്ലാർനറ്റിൽ രണ്ടു സിനിമാപ്പാട്ട്, ആഘോഷം ഏതുമാകട്ടെ, അവിടെയെല്ലാം ബാൻഡ് സംഘങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നു കരുതുന്ന ദേശങ്ങളുണ്ട്. ആ മേളപ്പെരുക്കങ്ങളുടെ  താളപ്പുറങ്ങളിലൂടെയുള്ള പാട്ടു യാത്രയാണിത്. കേരളത്തിൽ ബാൻഡ് സംഘങ്ങൾ നൂറിലധികമുണ്ട്. പള്ളികൾക്കും സ്കൂളുകൾക്കും സംഘടനകൾക്കും വരെയുണ്ട് ഇന്നു ബാൻഡുകൾ. ജീവിതമെന്നാൽ  ബാൻഡ് സംഗീതമെന്നു കരുതുന്ന ക ലാകാരന്മാരും സംഘങ്ങളും നിരവധി.
ഗുരുവായൂരോ മുണ്ടത്തിക്കോടോ ചെന്ന്  രാഗദീപം വത്സരാജ് ആരെന്നു ചോദിച്ചാൽ അവർ പറയും. ‘മ്മളെ... ചങ്കാണെന്ന്...’ ചാലക്കുടിയിൽ ചെന്നു രാമചന്ദ്രൻ മാസ്റ്റർ ആരെന്നു ചോദിച്ചാലും കേള്‍ക്കാം, ‘മ്മളെ... കൈരളി ബാൻഡിന്റെ മാസ്റ്ററല്ലേന്ന്...’ ഓരോ പ്രദേശത്തുമുണ്ട് ഇതുപോലെ താരപരിവേഷമുള്ള ബാൻ‍ഡ് സംഘങ്ങളിലെ സൂപ്പർസ്റ്റാറുകൾ.

ആശാന്മാരുടെ സംഗീതം

ബാൻഡ് സംഗീതം വിദേശിയാണ്. ജന്മദേശം ഏതെന്ന കാര്യത്തിലും ഭിന്നാഭിപ്രായങ്ങളാണ്. കടൽക്കാറ്റിനൊപ്പം ബാൻഡ് സംഗീതം കേരളത്തിൽ ആദ്യം എവിടെയെത്തി എന്നതിനും കൃത്യമായ ചരിത്രരേഖകൾ ലഭ്യമല്ല. തുടക്കം കണ്ണമാലിയിലാണെന്നും ഫോർട്ടുകൊച്ചിയിലാണെന്നും കോഴിക്കോട്ടാണെന്നും അങ്ങനെ പല പറച്ചിലുകൾ. എന്തായാലും ബ്രിട്ടിഷുകാരുടെ കാലം മുതൽ കേരളത്തിൽ ബാൻഡ് സംഘങ്ങൾ സജീവമായിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളിൽ ശവസംസ്കാര ചടങ്ങിന്റെ ഭാഗമായി ബാൻഡ് സംഗീതം പ്രചാരത്തിലുണ്ടായിരുന്നു. മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകുന്ന വിലാപയാത്രയുടെ സ്വരമായിരുന്നു അക്കാലത്ത് ബാൻഡ് സംഗീതം.

പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ബാൻഡുകൾ മുഖം മാറ്റിതുടങ്ങി. ചടുലതാളത്തിന്റെ അങ്കപ്പെരുക്കങ്ങളുമായി അടവു തികഞ്ഞ ആ ശാൻമാർ കളത്തിലിറങ്ങി. അതോടെ സെമിത്തേരിയിലെ വിഷാദഗീതങ്ങൾ മെല്ലെ മാഞ്ഞു. എവിടെ സന്തോഷമുണ്ടോ, അവിടെ ബാൻഡ് സംഗീതവുമുണ്ട് എന്ന നിലയിലേക്കു കാര്യങ്ങൾ മാറി.   
ആശാൻമാർ എന്നായിരുന്നു ആദ്യകാലത്ത് ബാൻഡ് ലീഡേഴ്സിനെ വിളിച്ചിരുന്നത്. ജനപ്രിയത കൂടിയപ്പോൾ കാലം ആശാൻമാർക്കു പുതിയ പേരു നൽകി, ‘ബാൻഡ് മാസ്റ്റേഴ്സ്’.
ആൾക്കൂട്ടത്തിലെ ജൂനിയർ ആർട്ടിസ്റ്റായി ഒതുങ്ങി നിന്നു പിന്നെ, സൂപ്പർസ്റ്റാറായി മാറിയ കഥയാണു കേരളത്തിലെ ബാൻഡ് സംഗീതത്തിന്റേത്.

ബാൻഡിനൊപ്പം തകിലും

പാശ്ചാത്യസംഗീതത്തിന്റെ മാളിക വിട്ടിറങ്ങി വ ന്ന ബാൻഡിനെ കർണാടക സംഗീതം കെട്ടിപ്പുണർന്നു. അങ്ങനെ രാഗങ്ങളും കീർത്തനങ്ങളും ബാൻഡിലും നിറഞ്ഞു. ക്ലാർനറ്റിനും കോർനറ്റിനും ഡ്രംസിനുമൊപ്പം തകിലും കയറി നിന്നു. താളം കൊട്ടിക്കയറിയ അക്കാലത്തും സിനിമാപാട്ടുകൾ ബാൻഡുകളിലേക്ക് എത്തിയിരുന്നില്ല. മെല്ലെ അതും സംഭവിച്ചു. ബാൻഡിലൂടെ ജനപ്രിയ സിനിമാഗാനങ്ങ ൾ തെരുവുകളിൽ ആനന്ദപ്പൂരമായി. അതിനൊപ്പം തന്നെ ചട്ടവും ചിട്ടയും തെറ്റിക്കാതെ പരമ്പരാഗത ബാൻഡ് സംഗീതവും മുന്നോട്ടൊഴുകി.  
‘പാശ്ചാത്യസംഗീതത്തിന്റെ താളരാഗക്രമമാണു ബാൻഡ് സംഗീതത്തിന്റെ ആത്മാവ്, പാശ്ചാത്യസംഗീതത്തിൽ തന്നെ മാർച്ചിങ് ട്യൂൺസ് എന്ന വിഭാഗത്തിലാണു ബാൻഡിന്റെ അടിസ്ഥാന താളവിന്യാസങ്ങൾ വരുന്നത്. ‘‘ദുഃഖസാന്ദ്രമായ ഈണത്തിൽ നീങ്ങുന്ന ബാൻഡ് സംഘങ്ങളെപ്പോലെയായിരുന്നു ബാൻഡ് കലാകാരന്മാരുടെ ജീവിതവും’’ കഴിഞ്ഞ ആറു പതിറ്റാണ്ടായി ഈ രംഗത്തുള്ള  രാമചന്ദ്രൻ മാഷിന്റെ വാക്കുകൾ.

കലാഭവൻ മണിയുെട ബന്ധുകൂടിയായ രാമചന്ദ്രൻ മാസ്റ്റർ ഈ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയ ആളാണ്. ആദ്യകാലത്ത് എട്ടുപേർ മാത്രമായിരുന്നു ഒരു ബാൻഡ് സംഘത്തിൽ ഉണ്ടായിരുന്നത്. അതിനെ 32 അംഗങ്ങൾ ഉള്ള വലിയ സംഘമാക്കിയതിനും കർണാടക സംഗീതത്തിലേക്ക് അടുപ്പിച്ചതിലും മാസ്റ്റർക്ക് വലിയ പങ്കുണ്ട്. ‘മാരിവില്ലു പന്തലിട്ട...’, ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ...’, ‘പെണ്ണാളേ... പെണ്ണാളേ...’ ‘നക്ഷത്രദീപങ്ങൾ തിളങ്ങി...’  തുടങ്ങി ഒരു കാലത്തു മലയാളിയുടെ മനസ്സിൽ മധുരം നിറച്ച സിനിമാഗാനങ്ങൾ രാമചന്ദ്രൻ മാസ്റ്ററെപ്പോലെയുള്ളവർ ബാൻഡിലൂടെ പരിചയപ്പെടുത്തി. ആ ഗാനപ്രവാഹം പുതിയ പാട്ടുകളിലൂടെ തുടരുന്നു.

ചാലക്കുടി കൈരളി പോലെ സിനിമാഗ്ലാമറുണ്ട് മുണ്ടത്തിക്കോട് രാഗദീപത്തിനും. രാഗദീപം ബാൻഡിന്റെ എല്ലാമെല്ലാമാണു വത്സരാജ്. ‘‘കുട്ടിക്കാലം മുതൽ ഈ സംഗീതോപകരണങ്ങളുടെ ഇടയ്ക്കായിരുന്നു  ജീവിതം. മുതിർന്നപ്പോൾ അതൊരു ജീവിതോപാധിയായി. ആത്മാർഥമായി ഈ ജോലി ചെയ്യുന്നു. അതുകൊണ്ടാകും നന്നാകുന്നു എന്നു മറ്റുള്ളവർ പറയുന്നത്.’ വത്സരാജിന്റെ വാക്കുകൾ. കേരളത്തിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള ബാൻഡ് സംഘങ്ങളിൽ ഒന്നാണു രാഗദീപം.’’

band-1 ഗുരുവായൂർ മുണ്ടത്തിക്കോട് രാഗദീപം ബാൻഡ് സംഘാംഗങ്ങൾ

‘‘ട്രിപ്പിൾ ഡ്രം, ബാസ് ഡ്രം, സൈഡ് ഡ്രം, സാക്സ്, എ ഫോണിയം, ഇലത്താളം, തകിൽ, ട്രംപീറ്റ്, ക്ലാർനറ്റ് – കുറഞ്ഞത് ആറുമാസത്തെ പരിശീലനം ഉണ്ടെങ്കിൽ മാത്രമേ ഇവയൊക്കെ ഉപയോഗിക്കാൻ പറ്റൂ’’ രാഗദീപത്തിലെ മാത്യു മാസ്റ്റർ പറയുന്നു.

കുമരങ്കരി പള്ളിയിലെ പാട്ടുമത്സരം

‘ബാൻഡ് വാദകസംഘങ്ങളുടെ കഥ പറഞ്ഞ ആമേൻ എന്ന സിനിമയെക്കുറിച്ചു ബാൻഡ് സംഘങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ‘‘അതു സിനിമയാണ്. അതിൽ പറയുന്ന സിനിമാറ്റിക് ആയിട്ടുള്ള സംഭവങ്ങൾ ഒന്നും ഞ ങ്ങൾക്കിടയിൽ സംഭവിക്കുന്നതല്ല. ബാൻഡ് സംഘങ്ങൾ തമ്മിൽ മത്സരമുണ്ട്. അതുപക്ഷേ, കാണികളുടെ മുന്നിൽ വച്ചാണെന്നു മാത്രം.’’ ബാൻഡ് വാദകനായ സ്റ്റീഫൻ പറയുന്നു.

എന്നാൽ തിരക്കഥാകൃത്തും ബാൻഡിന്റെ ആരാധകനുമായ ജെബിൻ പറയുന്നതു മറ്റൊന്നാണ്. ‘‘പത്തു പതിനൊന്നു വർഷം മുൻപു വരെ ബാൻഡ്സെറ്റ് ടീമുകളിൽ സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ എന്നൊന്നും ഇല്ലായിരുന്നു. എന്നാൽ ലിജോ ജോസ് െപല്ലിശ്ശേരി സിനിമകൾ ഇറങ്ങിയപ്പോൾ കഥ മാറി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ പ്രശാന്ത് പിള്ള സ്റ്റുഡിയോയിൽ വച്ചു കൈരളിയുടെയും രാഗദീപത്തിന്റെയും പാട്ടുകൾ റിക്കോർഡ് ചെയ്തതോടെ ആ ട്രൂപ്പുകളുടെ ഗ്ലാമർ പിന്നെയും കൂടി.

അങ്ങനെ രാഗദീപവും കൈരളിയും ന്യൂ സംഗീത് തിരൂരും ചേർന്നു സൃഷ്ടിക്കുന്ന മത്സരവേദികൾ ആമേൻ സിനിമയുടെ തുടർച്ചയല്ലേ?’’ ബാൻഡ്സംഘങ്ങൾക്കു വേണ്ടി ഗാനരചന നടത്തുന്നവരിൽ ഒരാളാണ് ജെബിൻ.  

‘‘പുതിയ ആൾക്കാർ ഈ രംഗത്തേക്കു വരുന്നില്ല. അതു തന്നെയാണു ബാൻഡ്സംഘങ്ങൾ നേരിടുന്ന വെല്ലുവിളിയും. നല്ല ശാരീരിക അധ്വാനം വേണ്ട ജോലിയാണ് ഇത്.’’ സ്കൂൾ ഹെഡ്മാസ്റ്ററും കൈരളി ബാൻ‍ഡ് സെറ്റിലെ അംഗവുമായ പ്രഹ്ലാദന്റെ വാക്കുകൾ. മറ്റു കലാരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയൊന്നും ആരാധകരുണ്ടായിരുന്നില്ല ബാൻഡ് സംഘങ്ങൾക്ക്. പ്രത്യേകിച്ചു തെക്കൻകേരളത്തിൽ. കണ്ണമാലി, ഫോർട്ട് കൊച്ചി, പള്ളുരുത്തി, അരൂർ തുടങ്ങി കൊച്ചിയുെട വിവിധഭാഗങ്ങളിൽ മുഴങ്ങിയ ബാൻഡ് വാദ്യത്തിന്റെ അലയൊലികൾ പിന്നീട് ആലപ്പുഴയിലേക്കും വ്യാപിച്ചു. അതിന്റെ ഭാഗമായിരുന്നു കുട്ടനാട്ടുകാരൻ  ജോസഫ് ജെ. കുന്നത്ര. അദ്ദേഹത്തിന്റെ ആശയമായിരുന്നു ഒരു വനിതാ ബാൻഡ് സെറ്റ്.

ചമ്പക്കുളം സിസ്റ്റേഴ്സിന്റെ കഥ

‘‘നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അ ത്യപൂർവമായ ആ കലാവിരുന്ന് ഉടൻ ആരംഭിക്കും. ആസ്വാദകഹൃദയങ്ങളിൽ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് ചമ്പക്കുളം സിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന തകർപ്പൻ ബാൻഡ്മേളം ഈ മൈതാനത്തിൽ കെട്ടിയുയർത്തിയ കമനീയമായ വേദിയിൽ ഉടൻ ആരംഭിക്കുകയായി.’’ പതിറ്റാണ്ടുകൾക്കു മുൻപ് കേരളക്കരയെ ഒന്നാകെ ഇളക്കിമറിച്ചിരുന്ന ഒരു അറിയിപ്പാണിത്.

band-3

ബാൻഡ് സെറ്റിലേക്ക് എന്നല്ല പൊതുരംഗത്തേക്കു ത ന്നെ പെൺകുട്ടികൾ അധികം കടന്നുവരാത്ത കാലത്താണു ജോസഫ് ജെ. കുന്നത്ര എന്ന ബാൻഡ് മാസ്റ്ററും അ ദ്ദേഹത്തിന്റെ അഞ്ചു പെൺമക്കളും ചേർന്നു പുതിയൊരു ചരിത്രമെഴുതിയത്. 1965 –മുതൽ 1995-വരെ മൂന്നു പതിറ്റാണ്ടു നീണ്ടു നിന്നു ആ ബാൻഡ് സംഘത്തിന്റെ മുഴക്കം.
‘‘ഭേദപ്പെട്ട സാമ്പത്തിക നിലയുള്ള പുരാതന കുടുംബമാണു ഞങ്ങളുടെ കുന്നത്ര തറവാട്. അപ്പനു കലയോടുള്ള താൽപര്യം കൊണ്ടു മാത്രമാണു ഞങ്ങൾ ഈ രംഗത്തേക്കു വരുന്നത്. അല്ലാതെ ഉപജീവനമാർഗമായല്ല. പിന്നീടു ഞങ്ങൾക്കു തന്നെ ഈ തിരക്കിൽ നിന്നു മാറിനിൽക്കാൻ കഴിയാതെ വന്നു. അങ്ങനെ 30 വർഷം കടന്നുപോയത് അറിഞ്ഞില്ല.’ മേരിമ്മ പറയുന്നു. ചമ്പക്കുളം സിസ്റ്റേഴ്സിൽ ഒരാൾ.

‘എനിക്ക് അന്ന് ഏഴു വയസ്സായിരുന്നു. ഏറ്റവും മൂത്ത ചേച്ചി മേരിമ്മയ്ക്കു പതിമൂന്നും. മേരിമ്മയും അഞ്ചാമത്തെ മകളായ എത്സമ്മയും ട്രംപറ്റ് വായിക്കും. ജോസ്നാമ്മയും സോഫിയാമ്മയും ക്ലാർനറ്റാണു വായിക്കുന്നത്. കൊളന്തമ്മയാണു കോർനറ്റ്. ഞാനും മൂത്ത സഹോദരൻ കൊളന്തച്ചനും ഡ്രമ്മിൽ. അപ്പൻ മാസ്റ്റർ ഓഫ് ക്ലാർനറ്റായി ഞങ്ങളെ നയിക്കും.’’ചമ്പക്കുളം സിസ്റ്റേഴ്സിന്റെ ഇളയസഹോദരൻ  രാരിച്ചൻ  പറയുന്നു.

‘‘അർത്തുങ്കൽ, അരുവിത്തുറ, ഭരണങ്ങാനം, എടത്വാ, കുറവിലങ്ങാട് അങ്ങനെ എത്രയോ പള്ളികൾ. പാലായിലെ രാക്കുളി തിരുനാളിനും തൃശൂരിലെ അമ്പു പെരുന്നാളിനുമൊക്കെ പതിവായി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പള്ളികളിൽ മാത്രമല്ല, ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള ഉത്സവത്തിനു പത്തുവർഷം തുടർച്ചയായി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.’’ ജോസ്നാമ്മ പറയുന്നു. ഏഴാം വയസ്സിൽ ഡ്രം കൈയിലെടുത്ത രാരിച്ചനാണ് ഇപ്പോൾ ബാൻഡിന്റെ അമരക്കാരൻ. ചമ്പക്കുളം സിസ്റ്റേഴ്സ് എന്നതു മാറി ചമ്പക്കുളം ബാൻഡ് എന്നായി പേര്. ചമ്പക്കുളം സിസ്റ്റേഴ്സിന്റെ കഥയിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. ഇവർ ചമ്പക്കുളത്ത് ഒരു പാരലൽ കോളജ് തുടങ്ങി. അന്ന് അവിടെ മലയാളം പഠിപ്പിക്കാൻ വന്ന മാഷ് പിന്നീട് മലയാള സിനിമയിൽ വലിയ നടനായി. ചമ്പക്കുളത്തിന് തൊട്ടടുത്തുള്ള നെടുമുടിയിലെ വേണുഗോപാലൻ, നമ്മുടെ സ്വന്തം നെടുമുടി വേണു.

പാട്ടിനൊപ്പം പരീക്ഷണങ്ങളും

എഴുതപ്പെട്ട നിബന്ധനകൾ ഉണ്ട് ബാൻഡ് സംഘങ്ങൾക്ക്. വെള്ള ഷർട്ടും കറുത്ത പാന്റുമാണു സാധാരണനിലയിൽ വേഷം. സംഘാടകരുടെ താൽപര്യം അനുസരിച്ചു യൂണിഫോം മാറിമാറി വരാം. അതു സംഘാടകർ തന്നെ കൊടുക്കും. ‘‘എങ്കിലും ഭാരം കുറഞ്ഞ വസ്ത്രങ്ങളാണ് ബാൻഡുകാർക്കു സൗകര്യം. കാരണം ഭാരമുള്ള ഉപകരണങ്ങളുമായി മണിക്കൂറുകൾ നിൽക്കേണ്ട ജോലിയാണിത്.’’ രാഗദീപം ബാൻഡിലെ േഡവിസ് മാസ്റ്റർ പറയുന്നു.

‘‘കാണികൾക്കു പുതുമ പകരാൻ പല പരീക്ഷണങ്ങളും ബാൻഡ് സംഘങ്ങൾ ചെയ്യാറുണ്ട്. കയർ ബോൾ അത്തരത്തിലുള്ള ഒരു പരീക്ഷണമാണ്. കയറിൽ കെട്ടിയ ബോൾ കൊണ്ട് ഡ്രമ്മിൽ താളത്തിൽ കൊട്ടുന്നതിന് ഒരുപാടു പരിശീലനം ആവശ്യമുണ്ട്. അതുപോലെ ചിലർ തീപന്തം കൊണ്ടുള്ള അഭ്യാസം ആവശ്യപ്പെടും. തീപ്പന്തം കൊണ്ടു ഡ്രമ്മിൽ താളത്തിൽ കൊട്ടുകയാണു ചെയ്യുന്നത്. സെക്കൻഡുകളുടെ വ്യത്യാസം പോലും വലിയ നഷ്ടം ഉണ്ടാകാം എന്നതാണ് അത്തരം പരീക്ഷണങ്ങളുടെ അപകടം.’’ രാഗദീപത്തിലെ ഡ്രമ്മർ സുധീഷ്.    
‘‘ഉത്സവകാലങ്ങളാണു ബാൻഡ് സംഘങ്ങളുടെ സീസ ൺ. പിന്നെ, തിരഞ്ഞെടുപ്പ് കാലം ബാൻഡുകാർക്കു കിട്ടുന്ന ബോണസാണ്.’’ കൈരളി ബാൻഡ് സംഘത്തിലെ ഉണ്ണികൃഷ്ണൻ പറയുന്നു. ബാൻഡുകൾ സൃഷ്ടിക്കുന്ന ഈണങ്ങളിൽ മുങ്ങിനിൽക്കുമ്പോൾ പലരും ഈ പിന്നാമ്പുറ കഥകളൊന്നും അറിയണമെന്നില്ല.  എന്തായാലും നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അപൂർവ ക ലാവിരുന്ന് ഈ മൈതാനത്ത് ഉടൻ ആരംഭിക്കുന്നതായിരിക്കും. ഇനി ആ അറിയിപ്പു കേൾക്കാൻ കാത്തിരിക്കാം.

കാലത്തിനൊത്ത മാറ്റം

ക്ലാർനറ്റ് രണ്ട്, കോർനറ്റ് രണ്ട്, സൈഡ് ഡ്രം ഒന്ന്, ഡ്രം ഒന്ന്, സിംബാൽ ഒന്ന്, ജാൽറ ഒന്ന് ഇങ്ങനെ എ ട്ടു പേരടങ്ങുന്ന സംഘമായിരുന്നു തുടക്കത്തിൽ. പിന്നെ, അംഗബലം 32 ആയി. തകിൽ പോലുള്ള പുതിയവാദ്യങ്ങൾ കൂടെ വന്നു. പാട്ടുകൾ വായിച്ചു തുടങ്ങിയ കാലത്ത് ഭക്തിഗാനങ്ങളായിരുന്നു കൂടുതലും. പിന്നീടാണ് സിനിമാഗാനങ്ങൾ വന്നത്. ‘ചില സ്ഥലങ്ങളിൽ ഒരുപാട്ടു തന്നെ ഒരു പാടുതവണ പാടേണ്ടി വരും ‘മാമാങ്കം പലകുറി കൊണ്ടാടി... ആയിരം കണ്ണുമായ് കാത്തിരുന്നു പിന്നെ, ഹിന്ദി ഗാനമായ കുർബാനി... കുർബാനി....’ ഇതൊക്കെ എത്രയോ തവണ പാടിയിരിക്കുന്നു.’ ചാലക്കുടി കൈരളിയുടെ അമരക്കാരനായ തോമസേട്ടൻ പറയുന്നു. പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള ചാലക്കുടി കൈരളിയുടെ നേതൃസ്ഥാനത്ത്് ഇന്നു തോമസേട്ടനാണ്.

വി.ആർ. ജ്യോതിഷ്
ഫോട്ടോ: ടിബിൻ അഗസ്റ്റിൻ, വിനീത് മോഹൻ,
സാജൻ പാലിയേക്കര