Friday 26 May 2023 02:54 PM IST

‘പണ്ടു കഴിച്ച നല്ല ഭക്ഷണം ആരോഗ്യ രഹസ്യം, 106ലും പ്രഷറോ ഷുഗറോ തൊട്ടിട്ടില്ല’: 5 തലമുറയുടെ അമ്മക്കുട്ടി പറയുന്നു

Ammu Joas

Sub Editor

eliyammachi

‘ആനിക്കൊച്ചല്ലേ ഇത്.’ കുട്ടിയുടുപ്പിട്ട് ഓടിവന്ന പത്തു വയസ്സുകാരിയുടെ കൈ പിടിച്ച് ഉമ്മ വച്ചു കൊഞ്ചിച്ചു നൂറ്റിയാറു വയസ്സുള്ള മുതുമുതുമുത്തശ്ശി ഏലിയാമ്മ. ആനിയുടെ പിന്നാലെ അമ്മ ഡയാനയും അമ്മമ്മ ലിസമ്മയും മുത്തശ്ശി ആനിയമ്മയും മുന്നിലേക്കെത്തിയതോടെ ഏലിയമ്മയുടെ കണ്ണിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി.കോട്ടയം പമ്പാവാലി പുത്തൻപുരയ്ക്കൽ വീട്ടുമുറ്റത്താണ് അഞ്ചു തലമുറകളുടെ ഈ സംഗമം നടന്നത്.

ഓർമത്താളുകൾ മറിയുന്നു

ഏലിയാമ്മച്ചിയ്ക്കു രണ്ടു വർഷമായി കേൾവിക്കു പ്രശ്നമുണ്ട്. പ്രായാധിക്യത്തിന്റേതായ ചെറിയ ബുദ്ധിമുട്ടുകളും. പക്ഷേ, അഞ്ചു തലമുറയെയും ഓർമക്കടലാസ്സിൽ മായാതെ കുറിച്ചു വച്ചിട്ടുണ്ട് ഈ മുതുമുതുമുത്തശ്ശി.

വിശേഷം ചോദിക്കാനിരുന്നപ്പോഴേ ഏലിയാമ്മച്ചി മോണ കാട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു, ‘‘ഒന്നും കേൾക്കാൻ പറ്റത്തില്ല, അധികമൊന്നും സംസാരിക്കാനും വയ്യ.’’ ഏലിയാമ്മച്ചിയുടെ മകൾ എൺപത്തിയാറുകാരി ആനിയമ്മയാണു ബാക്കി പറഞ്ഞത്. “ഞാൻ താമസിക്കുന്നതു കുറച്ചു മാറി കുന്നുംപുറത്താണ്. 100-ാം വയസ്സിലും അമ്മ എന്നെ കാണാൻ വീട്ടിലേക്കു നടന്നു വരുമായിരുന്നു. പറമ്പിന്റെയറ്റത്തു പമ്പയാറാണ്. ആറ്റിൽ പോയി കുളിച്ച ശേഷമാണ് അമ്മയുടെ പതിവുകൾ ആരംഭിച്ചിരുന്നത്. ഇപ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യാൻ പരസഹായം വേണ്ട. 106-ാം വയസ്സിലും പ്രഷറോ ഷുഗറോ തൊട്ടിട്ടില്ല, കൊറോണയും അടുത്തെങ്ങും എത്തിയില്ല.’’

ഈ ആരോഗ്യത്തിന്റെ ആയുസ്സിന്റെയും രഹസ്യമെന്തെന്നുചോദിച്ചപ്പോൾ ഉണർവോടെ ഏലിയാമ്മച്ചിയുടെ മറുപടിയെത്തി, ‘‘പണ്ടു കഴിച്ച നല്ല ഭക്ഷണം തന്നെ. ഒരു നിമിഷം പോലും ചുമ്മാ ഇരിക്കരുത്. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതാണു ശീലം, അതാണ് ആരോഗ്യത്തിനും നല്ലത്. ദൈവവിശ്വസവും കൂട്ടിനു വേണം.’’

ആനിയമ്മയാണ് ഏലിയാമ്മച്ചിയുടെ മൂത്ത മകൾ. താഴെ നാലു പേരുണ്ട്. അഗസ്തി, ചാക്കോ, ജോസഫ്, മേരി. അഗസ്തിയുടെ കൂടെയാണ് ഏലിയാമ്മച്ചി ഇപ്പോൾ താമസിക്കുന്നത്.

‘‘ചേനപ്പാടി ആയിരുന്നു അമ്മയുടെ നാട്. കുട്ടിയായിരുന്നപ്പോൾ നിലത്തെഴുത്തു കളരിയിൽ പോയതു കൊണ്ട് എഴുതാനും വായിക്കാനും നല്ല വശമുണ്ടായിരുന്നു.

കൃഷിയാണ് അന്നുമിന്നും കുടംബത്തിന്റെ ആദായം. ഇച്ചായന്റെ കൂടെ അമ്മയും എപ്പോഴും പറമ്പിലുണ്ടാകും. കാപ്പിയും വാഴയും കപ്പയും പാവലും പയറും കൂർക്കയുമെന്നു വേണ്ട ഒട്ടുമിക്ക വിളകളും കൃഷി ചെയ്യുമായിരുന്നു. തൊണ്ണൂറാം വയസ്സിൽ മരിക്കുന്നതു വരെയും ഇച്ചായൻ തോമാച്ചൻ പറമ്പിൽ പണിയെടുത്തിരുന്നു. 18 തരം കാച്ചിലിനങ്ങളുടെ കൃഷിയുണ്ടായിരുന്നു ഇച്ചായന്. ഇഞ്ചികാച്ചിൽ, കടുവാക്കാച്ചിൽ, ചുവന്നുതുടുത്ത ഇറച്ചികാച്ചിൽ ഇവയൊക്കെ കൃഷി ചെയ്യുന്നവർ വിരളമാണ്. ആടും പ ശുവും കോഴിയുമൊക്കെയുള്ളതുകൊണ്ട് അടുക്കളയുടെ കാര്യത്തിൽ ഞങ്ങൾ സ്വയം പര്യാപ്തരയായിരുന്നു’’ എന്നു പറഞ്ഞ് ആനിയമ്മ ചിരിക്കുന്നു.

പമ്പാവാലിയിലേക്ക്

‘‘ഇച്ചായനും അമ്മയും കൂടി എഴുപതുകളിലാണ് പമ്പാവാലിയിൽ സ്ഥലം വാങ്ങുന്നത്. കൃഷി ചെയ്യാനുള്ള സ്ഥ ലവും സൗകര്യവും നോക്കിയായിരുന്നു ആ തീരുമാനം. അന്ന് കല്യാണം കഴിഞ്ഞ് ഞാൻ കൊല്ലമുളയിലാണ്.’’

ആനിയമ്മയുടെ മകൾ ലിസമ്മയാണ് ബാക്കി കഥ പറഞ്ഞത്. “കല്യാണദിവസം 12 മൈൽ നടന്നാണ് അമ്മ പള്ളിയിലേക്കു പോയതത്രെ. കല്യാണം കഴിഞ്ഞു വീണ്ടും ആറു മൈൽ നടന്ന് ചാച്ചന്റെ വീട്ടിലേക്ക്. അന്നു തന്നെ വൈകിട്ട് വീണ്ടും 18 മൈൽ നടന്നു സ്വന്തം വീട്ടിലേക്ക്. ഒരു കല്യാണം കഴിക്കാൻ എത്ര നടപ്പു നടന്നെന്നോ... എന്നു പറഞ്ഞു ഇപ്പോഴും ഞങ്ങൾ അമ്മയെ കളിയാക്കും.” കൂട്ടച്ചിരിയിൽ ആനിയമ്മയുടെ ഭർത്താവ് പൗലോസും കൂട്ടിനെത്തി.

ഏഴു മക്കളാണ് ആനിയമ്മയ്ക്ക്. ഏഴു പേരെയും പ്രസവിച്ചതു വീട്ടിലും. ‘‘അന്നതു പുതിയ കാര്യമൊന്നുമല്ല. പ ക്ഷേ, ഇപ്പോഴത്തെ പിള്ളേർക്ക് അതൊക്കെ അദ്ഭുതമാണ്.’’ ആനിയമ്മ അടുത്ത ഓർമ പറഞ്ഞു. ‘‘എന്റെ മൂത്ത മകൻ ജോസഫിനും എന്റെ അനിയത്തിക്കും ഒരേ പ്രായം. നാൽപത്തിരണ്ടാം വയസ്സിൽ അമ്മ അഞ്ചാമതു പ്രസവിച്ചത് ഒരു ഡോക്ടറുടെയും സഹായമില്ലാതെയാണ്.

1984ൽ ഇച്ചായന്റെ കയ്യിൽ നിന്നു കുറച്ചു സ്ഥലം മേടിച്ചു ഞാനും ഏഴു മക്കളും കൂടി പമ്പാവാലിയിലേക്കു വന്നു. ഇവിടെത്തി എട്ടാം പക്കമായിരുന്നു ലിസമ്മയുടെ കല്യാണം. അന്നവൾക്ക് 21 വയസ്സാണ്. ഞാൻ ജീവിതത്തിലാദ്യമായി ആശുപ്രതിയിൽ പോയി രണ്ടു ദിവസം നിൽക്കുന്നതു ലിസമ്മയുടെ പ്രസവത്തിനാണ്. പിന്നീടും മക്കളുടെ ഓരോ ആവശ്യങ്ങൾക്കായി മാത്രമേ ആശുപതിയിൽ കയറിയിട്ടുള്ളൂ.’’ ആനിയമ്മ ഒരു നിമിഷം കണ്ണടച്ചു ദൈവത്തോടു നന്ദി പറയുന്നു.

eliyammachi-1

തലമുറകളുടെ മനസ്സിൽ

ലിസമ്മയുടെ ഓർമകളിലുള്ളത് കൊന്ത ചൊല്ലാൻ പഠിപ്പിച്ച അമ്മയും ഇച്ചായനുമാണ്. ‘‘മുത്തശ്ശിയും മുത്തശ്ശനു മാണെങ്കിലും അമ്മയെന്നും ഇച്ചായനെന്നുമാണു ഞങ്ങൾ പേരക്കുട്ടികളും വിളിച്ചിരുന്നത്. കുട്ടിക്കാലത്തു സ്കൂൾ അവധിക്കാണ് അമ്മയുടെ അടുത്തേക്കു പോകുക. എന്നും രാവിലെ പള്ളിയിൽ കൊണ്ടുപോകും. സന്ധ്യാപ്രാർഥനയ്ക്ക് എല്ലാവരും ഒന്നിച്ചിരിക്കണമെന്നു നിർബന്ധമാണ്.

പിന്നീട് മകൾ ഡയാനയുമായി വരുമ്പോഴും അവളെയും പ്രാർഥനാ പാട്ടുകൾ പഠിപ്പിച്ചുകൊടുത്തത് ഇച്ചായനാണ്. ഇച്ചായൻ പഠിപ്പിച്ച ‘കർത്താവേ നീ മനുഷ്യനേ...’ എന്ന പാട്ടു പാടിയാണ് ഞങ്ങളുടെ കുടുംബത്തിലെ എ ല്ലാവരും ഇന്നും ഉറങ്ങുന്നത്.’’ ലിസമ്മയുടെ ഭർത്താവ് ജോൺസണും അതു ശരിവച്ചു.

ഡയാനയുടെ മനസ്സിൽ പക്ഷേ, മുതുമുത്തശ്ശിയുടെ നാ ടൻ വിഭവങ്ങളാണ് ആദ്യം തെളിയുന്നത്. “ഞങ്ങൾ വരുന്നുവെന്നു പറയുമ്പോൾ തന്നെ ഞാവലും പേരയ്ക്കാമാങ്ങയുമൊക്കെ പറിച്ചു വയ്ക്കും. ഉപ്പു പുരട്ടിയ കടച്ചക്കയും തേങ്ങാ ചുരണ്ടിയതും ഇഡ്ഢലിതട്ടിൽ വച്ചു പുഴുങ്ങിയുണ്ടാക്കുന്ന ഒരു സ്പെഷൽ വിഭവമുണ്ട് ഏലിയാമ്മച്ചിയുടെ കയ്യിൽ. പലവട്ടം ശ്രമിച്ചിട്ടും ആ രുചിയുടെ ഏഴയലത്ത് ഞാൻ എത്തിയിട്ടില്ല.

എനിക്ക് മകൾ ജനിച്ചപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ഏലിയാമ്മച്ചിയാണ്. ഇവളെ അടുത്തിരുത്തി വിശേഷങ്ങൾ കേൾക്കാൻ ഇപ്പോഴും വലിയ ഉത്സാഹമാണ്.’’ തന്നെക്കുറിച്ച് സംസാരിക്കുന്നതു കേട്ട് ബാക്കി സംഭാഷണം അഞ്ചാം ക്ലാസ്സുകാരിയായ ആനി ഏറ്റെടുത്തു.‘‘ഞാനും അമ്മയും അച്ഛൻ ബ്രൗണും അയർലൻഡിലാണ് താമസം. ഞാൻ വലുതായിട്ട് വല്യമ്മച്ചിയേയും കൊണ്ടു പോണം അങ്ങോട്ട്...’’ ഏഴു വർഷമായി അയർല ൻഡിൽ നഴ്സാണ് ഡയാന.

ആനിക്കൊച്ചിനൊപ്പം അയർലൻഡിലേക്കൊന്നു പോകുന്നോ എന്നു ചോദിച്ചപ്പോൾ, ‘പിന്നെന്താ പോയേക്കാം...’ എന്നു പറഞ്ഞു ചിരിക്കുന്നു ഏലിയാമ്മച്ചി. 100 അ ല്ല 110 കടക്കാനും ഉള്ളു നിറഞ്ഞുള്ള ഈ ചിരിയുടെ ഉന്മേഷം മാത്രം മതിയല്ലോ.

അമ്മു ജൊവാസ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ