Thursday 29 February 2024 03:08 PM IST

‘ഗുണ കേവിൽ ഇറങ്ങിയ 5 പേരുടെ മൃതദേഹം മാത്രം കിട്ടി, ബാക്കിയുള്ളവർക്ക് എന്തു സംഭവിച്ചു?’: ഭീതിയുറയും ഡെവിൾസ് കിച്ചൻ

Baiju Govind

Sub Editor Manorama Traveller

guna-cave-cover Image Credit : Freezedmem/Shutterstock

ഇക്കഴിഞ്ഞ ഞായറാഴ്ചയും കൊടൈക്കനാലിൽ നല്ല ജനത്തിരക്കായിരുന്നു. വണ്ടികളുടെ നിര കാരണം റോഡുകളെല്ലാം സ്തംഭിച്ചു. ഹോട്ടലുകളിലെവിടെയും മുറി കിട്ടാനില്ല. വാഹനങ്ങളെല്ലാം കേരള രജിസ്ട്രേഷൻ. എവിടെ തിരിഞ്ഞാലും മലയാളികൾ. അന്നും ഇന്നും നമ്മളിങ്ങനെ കൊടൈക്കനാലിനോട് അടങ്ങാത്ത അഭിനിവേശം കാത്തു സൂക്ഷിക്കുന്നതിനു കാരണം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? കുടുംബ ബജറ്റിന്റെ ഇക്കണോമിക്സ് – അതാണ് കൊടൈക്കനാലും മലയാളിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. കയ്യിൽ നിൽക്കുന്ന ചിലവിൽ രസകരമായ യാത്ര; അന്നും ഇന്നും ഇതാണ് കൊടൈക്കനാലിന്റെ ആകർഷണം. രണ്ടോ മൂന്നോ ദിവസം ചുറ്റിക്കറങ്ങി കണ്ടാസ്വദിക്കാനുള്ള വിശേഷങ്ങൾ ഉള്ളതുകൊണ്ട് മടുപ്പു തോന്നില്ല. നമ്മുടെ നാട്ടിൽ വേനൽക്കാലം കൊടുമ്പിരിക്കൊള്ളുമ്പോൾ കൊടൈക്കനാലിൽ കൊടും തണുപ്പിന്റെ ദിനങ്ങളാണ്. അവധിക്കാലത്ത് മലയാളികൾ കൊടൈക്കനാലിലേക്ക് ടൂർ പോകുന്നതിനു കാരണം അതാണല്ലോ. കൊടൈക്കനാലിൽ പത്ത് കാഴ്ചകളാണുള്ളത്. അവിടെ പോകുന്നവർ കൃത്യമായി ഇതു പ്ലാൻ ചെയ്യുക.

സിൽവർ കാസ്കേ‍‍ഡ്

മധുരയിൽ നിന്നോ പഴനിയിൽ നിന്നോ കൊടൈക്കനാലിലേക്കു പോകുമ്പോൾ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്പോട്ട് സിൽവർ കാസ്കേ‍ഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയിൽ നിന്നൊഴുകി പാറപ്പുറത്തുകൂടി 180 അടി ഉയരത്തിൽ നിന്നു പതിക്കുന്നു വെള്ളിച്ചിലങ്കയണിഞ്ഞ വെള്ളച്ചാട്ടം. ഏപ്രിൽ, മേയ് മാസങ്ങളിൽ കാസ്കേഡിനു മുന്നിൽ ജനത്തിരക്കേറും.

ഫെബ്രുവരിയിലും ജനത്തിരക്കിനു കുറവില്ല. സെൽ‌ഫി സ്റ്റിക്കുമായി വെള്ളച്ചാട്ടത്തെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നവർ സിൽവർ കാസ്കേഡിനു മുന്നിൽ തിക്കിത്തിരക്കി. തൊപ്പിയും വളയും മാലയും ചോക്ലേറ്റും വിൽക്കുന്ന കടകൾ സിൽവർഹിൽസ് കാസ്കേഡിനെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.

ചെമ്പകനൂർ മ്യൂസിയം

കോയമ്പത്തൂരിലെ ഗാസ് ഫോറസ്റ്റ് മ്യൂസിയത്തിൽ നിന്നു വലിയ വ്യത്യാസങ്ങളില്ലാത്ത ഒരു മ്യൂസിയം കൊടൈക്കനാലിലുണ്ട് – ചെമ്പകനൂർ മ്യൂസിയം. മൃഗങ്ങളുടെയും പക്ഷികളുടെയും മനുഷ്യന്റെയും മൃത ശരീരം ആസിഡിലിട്ട് സൂക്ഷിച്ചിട്ടുള്ള ഈ മ്യൂസിയമാണ് കൊടൈക്കനാൽ ടൂറിൽ രണ്ടാമത്തെ സ്ഥലം.

കാട്ടുപോത്തിന്റെ തോലുണക്കി അതിനുള്ളിൽ കൃത്രിമ വസ്തുക്കൾ നിറച്ച് ജീവനുള്ള മൃഗത്തെപ്പോലെയാക്കി അവിടെ സൂക്ഷിച്ചിട്ടുണ്ട്. മാനും മുയലും പക്ഷികളുമൊക്കെ ഇതുപോലെ ജീവൻ തുടിക്കുന്ന പോലെ നിലനിൽക്കുന്നു. മലമ്പാമ്പിനെയും മനുഷ്യക്കുഞ്ഞിനെയുമെല്ലാം കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിട്ടുള്ള കാഴ്ച സന്ദർശകരിലുണ്ടാക്കുന്ന കൗതുകം പറഞ്ഞറിയിക്കാനാവില്ല.

9)-Kodaikanal-Museum ചെമ്പകനൂർ മ്യൂസിയം

ഗോഷൻ റോഡ് വ്യൂ പോയിന്റ്

എത്രയോ സിനിമകൾക്കു പശ്ചാത്തലമായിട്ടുള്ള പൈൻ മരത്തോട്ടത്തിനരികിലൂടെ മോയിർ സ്മൃതി മണ്ഡപത്തിലേക്കു നീങ്ങി. കടന്നു പോകുന്നതും എതിരെ വരുന്നതുമായ വണ്ടികളെല്ലാം കേരള രജിസ്ട്രേഷൻ. കൊടൈക്കനാൽ സന്ദർശകരിൽ എപ്പോഴും മുന്നിൽ നിൽക്കുന്നത് മലയാളികൾ തന്നെ. കൂവി വിളിച്ചും പാട്ടുപാടിയും വിദ്യാർഥികൾ മരത്തോപ്പുകൾക്കരികിൽ സംഘം ചേർന്ന് ആർത്തുല്ലസിക്കുന്നു. ആകാശത്തിനു താഴെ കുട ചൂടിയ കോടമഞ്ഞിന്റെ തണുപ്പ് സന്ദർശകരുടെ ആവേശം ഇരട്ടിയാക്കി.

ഗോഷൻ റോഡിനരികിലുള്ള വാച്ച് ടവറിലേക്കാണ് യാത്ര. കൊടൈക്കനാലിലെ കുന്നിൻ ചെരിവുകളിൽ കോടമഞ്ഞ് കട്ട പിടിച്ചു നിൽക്കുന്നതു കാണാനാണ് ഈ തിരക്ക്. കൊടൈക്കനാലിനെ സൗന്ദര്യ വത്കരിച്ചവരിൽ പ്രമുഖനായ സർ തോമസ് മോയിറിന്റെ സ്മരണയ്ക്കായി നിർമിച്ച സ്തൂപത്തിനരികെ നിന്ന് ഫോട്ടോയെടുക്കാൻ ജനപ്രളയം.

5)-Kodaikanal-pine-forest

ഇരുമ്പു ഗോവണി കയറി വാച്ച് ടവറിനു മുകളിൽ നിന്നു നോക്കിയപ്പോൾ ആകാശത്തിന്റെ തെക്കുഭാഗം കാണാനില്ല! പഞ്ഞിക്കെട്ടുകൾ കൂട്ടിക്കെട്ടി അടുക്കി വച്ചതുപോലെ വെളുത്ത നിറം മാത്രം. ശക്തിയായി കാറ്റു വീശിയിട്ടും അനക്കമില്ലാതെ നിന്ന കോട മഞ്ഞിന്റെ കുളിരിനെ മറി കടക്കാൻ കട്ടൻ ചായയുമായി ആളുകൾ പരക്കം പാഞ്ഞു.

6)-Kodaikanal-Memmoir

ഗുണ ഗുഹ

തട്ടിക്കൊണ്ടു പോയ അഭിരാമിയെ ഒളിപ്പിക്കാൻ ഗുണ കണ്ടെത്തിയ മലയിടുക്കിലേക്കാണ് അടുത്ത യാത്ര. സിനിമയുടെ പേരിൽ പ്രശസ്തമായ മലയിടുക്കിൽ ആഴ്ചയിൽ ഏഴു ദിവസവും സന്ദർശകരെത്താറുണ്ട്. ഗുണ ഗുഹയുടെ കവാടത്തിനടുത്ത് കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിനടുത്ത് വെയ്റ്റിങ് ഷെഡ്ഡിന്റെ നിർമാണം പൂർത്തിയായി. സന്ദർശകർക്കു നടക്കാൻ സിമന്റിട്ട പാതയുണ്ട്. വഴി കാണിക്കാനും കഥ പറയാനും ഗൈഡുമാർ ഓടി നടക്കുന്നു.

സിമന്റ് പാത കടന്ന് കാട്ടിലേക്കു പ്രവേശിക്കുന്ന സ്ഥലത്ത് കുരങ്ങ് ശല്യത്തിന് യാതൊരു കുറവുമില്ല. കുരങ്ങിന്റെ ആക്രമണത്തിൽ നിന്നു രക്ഷപെടാനെത്തിയ സന്ദർശകരിൽ ചിലർ തട്ടിത്തടഞ്ഞു വീണു. വാനരന്മാരെ മറികടന്ന് സംഘം ചേർന്നാണ് ആളുകൾ ഗുണ ഗുഹയിലേക്കു നടന്നത്. കമ്പി വേലി കെട്ടി സുരക്ഷിതമാക്കിയ ഗുഹയെക്കുറിച്ച് സന്ദർശകരിലേറെപ്പേർക്കും യാതൊരു ധാരണയുമില്ല. ഗുഹയ്ക്കപ്പുറത്ത് കുന്നിനു മുകളിൽ കെട്ടിയിട്ടുള്ള വാച്ച് ടവറിൽ കയറി കോടമഞ്ഞിന്റെ ഭംഗിയാസ്വദിച്ച് ആളുകൾ അവിടം വിട്ടു. ഗുണ എന്ന സിനിമ കാണാത്തവരാണ് അവരെല്ലാം. കമൽഹാസൻ സാഹസികമായി അഭിനയിച്ച രംഗങ്ങളെക്കുറിച്ച് അറിയാത്തവരാണ് അവർ...

guna-cave-22

സന്ദർശകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം, ആ പ്രദേശത്തെവിടെയും ഗുണ ഗുഹ എവിടെയന്നു കാണിക്കാനായി ബോർഡ് വച്ചിട്ടില്ല. അപകട സാധ്യത ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഗൈഡ് പറഞ്ഞു. ‘‘ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങിയ പത്തു ചെറുപ്പക്കാരിൽ അഞ്ചു പേരുടെ മൃതദേഹം കിട്ടി. ബാക്കിയുള്ളവർക്ക് എന്തു പറ്റിയെന്നു പോലും അറിയില്ല. അതിൽപ്പിന്നെയാണ് കമ്പിവേലി കെട്ടിയത്. ബോർഡ് എഴുതി വച്ചാൽ അതുവഴി ആളുകൾ ഇറങ്ങി നോക്കും. എന്തിനാ വെറുതെ...’’ വഴികാട്ടിയായി എത്തിയ സുന്ദർ പറഞ്ഞു.

1)-Kodaikanal-top-view

പില്ലർ റോക്സ്

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ പോലെ ഉയർന്നു നിൽക്കുന്ന രണ്ട് ഗ്രാനൈറ്റ് മലകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പില്ലർ റോക്സ്. Devil’s kitchen എന്നായിരുന്നു ഇംഗ്ലീഷുകാർ ഈ മലയ്ക്കിട്ട പേര്. രണ്ടു സ്തൂപങ്ങളുടെ ആകൃതിയുള്ള മല പിന്നീട് പില്ലർ റോക്സ് എന്നറിയപ്പെട്ടു.

പില്ലർ റോക്സ് കാണാനെത്തുന്നവർക്ക് നിൽക്കാനുള്ള വ്യൂപോയിന്റ് കല്ലുകൾ പാകി ഭംഗിയാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള കളി സ്ഥലവും ഇതിനോടു ചേർന്നുള്ള പുൽമേടയും സന്ദർശകർക്കു വിശ്രമിക്കാനുള്ള പീഠങ്ങളായി മാറ്റി. മഞ്ഞിൽ മുങ്ങിയ താഴ്‌വര കാണാനാകില്ലെങ്കിലും നെടുതായ മലകളുടെ രൂപം ആകാശച്ചെരുവിൽ തെളിഞ്ഞു കാണാം.

പില്ലർ റോക്സിൽ നിന്നു മടങ്ങും വഴി അക്വാഷ്യ മരത്തോപ്പിൽ കയറി. ചിത്രം ഉൾപ്പെടെയുള്ള മലയാള സിനിമകൾക്കു പശ്ചാത്തലമായ അക്വാഷ്യത്തോട്ടത്തിൽ ഇപ്പോൾ കുതിര സവാരിയാണ് പ്രധാന വിനോദം. പൈൻ മരങ്ങളും അക്വാഷ്യയും ഇടതൂർന്ന തോട്ടത്തിൽ ഫോട്ടോ എടുക്കുന്നവരുടെ തിരക്കായിരുന്നു. കുതിരപ്പുറത്തു കയറിയും കാട്ടിലൂടെ ചുറ്റിക്കറങ്ങിയും സഞ്ചരിക്കുന്നവർ മലയാളികളാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

കൊടൈക്കനാൽ ടൂറിൽ സ്ഥിരമായി ഒഴിവാക്കപ്പെടുന്നതും എന്നാൽ നിർബന്ധമായും കണ്ടിരിക്കേണ്ടതുമായ ആരാധനാലയമാണ് ലാ സലേത്തിലെ മാതാവിന്റെ പള്ളി. ഫ്രഞ്ച് മിഷനറിമാർ 1863ൽ നിർമിച്ച പള്ളി തമിഴ്നാട്ടിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ ആരാധനാലയങ്ങളിലൊന്നാണ്. ഫ്രഞ്ച് വാസ്തു വിദ്യയും തമിഴ് തച്ചുശാസ്ത്രവും ഒത്തു ചേർന്നതാണ് ഓടു മേഞ്ഞ ആരാധനാലയം. മനോഹരമായ അൾത്താരയോടുകൂടിയ പള്ളിയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

3)-Kodaikanal-Garden

ആത്മഹത്യാ മുനമ്പ്

അന്ധമായ പ്രണയത്തിനൊടുവിൽ ഒരുമിച്ചു ജീവനൊടുക്കിയ ചെറുപ്പക്കാരാണ് പച്ച നിറമണിഞ്ഞ താഴ്‌വരയെ ആത്മഹത്യാ മുനമ്പാക്കി മാറ്റിയത്. ഇരുവശത്തും മതിലു കെട്ടിയ ‘ഗലി’യിൽ കച്ചവടക്കാർ നിറഞ്ഞ പാതയിലൂടെയാണ് ‘suicide point’ലേക്കുള്ള വഴി. ചോക്ലേറ്റും വസ്ത്രങ്ങളും ഫാൻസി സാധനങ്ങളും വിൽക്കുന്ന കടകളിൽ സ്കൂൾ വിദ്യാർഥികളുടെ തിരക്കൊഴിഞ്ഞ നേരമില്ല. കച്ചവടക്കാരിലേറെയും മലയാളികളാണ് എന്നത് മറ്റൊരു കേരള കണക്ഷൻ. ഇരുമ്പു വേലിയുടെ അരികിൽ നിന്നാൽ കട്ടകുത്തിയ മഞ്ഞല്ലാതെ മറ്റൊന്നും കാണാനില്ല. വെയിലുള്ള പകലുകളാണ് സ്യുയിസൈഡ് പോയിന്റിലെ മികച്ച ദിനങ്ങൾ.

7)Kodaikanal-Suicide-point ആത്മഹത്യ മുനമ്പ്

കോക്കേഴ്സ് വോക്

ഗോൾഫ് കളിക്കാനായി നീക്കി വച്ച നീളമേറിയ കുന്നിൻ ചെരിവിലെ വളഞ്ഞ റോഡിലൂടെ കോക്കേഴ്സ് വോക്കിലെത്തി. മലഞ്ചെരിവിലുണ്ടാക്കിയ ഒരു കിലോമീറ്റർ നടപ്പാതയാണ് കോക്കേഴ്സ് വോക്. അവിടെ നിന്നാൽ പെരിയകുളം പട്ടണം മുതൽ പാമ്പാർ നദി വരെയുള്ള സ്ഥലങ്ങൾ കാണാം. മഞ്ഞില്ലാത്ത പകലുകളിൽ ഭൂപടം പോലെ താഴ്‌വര മുഴുവൻ കാണാം. കൊടൈക്കനാലിന്റെ താഴ്‍‌വരയുടെ സൗന്ദര്യം ആസ്വദിക്കാൻ വഴി വെട്ടിയ ലഫ്റ്റനന്റ് കോക്കർ എന്നയാളോട് ബഹുമാനം തോന്നി. നടപ്പാതയുടെ പകുതിയിൽ ഒബ്സർവേറ്ററി കേന്ദ്രമുണ്ട്. ടെലിസ്കോപ്പിലൂടെ തമിഴ്‌നാടിന്റെ താഴ്‌വരയെ കാണാൻ വിദ്യാർഥി സംഘങ്ങൾ തിരക്കു കൂട്ടി.

8)-Kodaikanal-Kokers-walk കോക്കേഴ്സ് വോക്കിൽ നിന്നാൽ കൊടൈക്കനാൽ പട്ടണവും മല നിരയും ക്യാമറയിൽ പകർത്താം

തടാകം, പാർക്ക്

ഇനി പോകാനുള്ളത് തടാകം, പാർക്ക്. രണ്ടും അടുത്താണ്. ‘‘ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനോളം വരില്ല.’’ പാർക്കിൽ കയറിയ ഒരു കുടുംബത്തിന്റെ അഭിപ്രായം. ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനോളം വലുപ്പമില്ലെങ്കിലും കൊടൈക്കനാലിലെ പൂന്തോട്ടവും വാട്ടർ ഫൗണ്ടനുമെല്ലാം കുട്ടികളെ സന്തോഷിപ്പിക്കും. പുൽമേടയ്ക്കു മുകളിൽ കാട്ടുപാത തെളിച്ച് ഇരുവശത്തും സല്ലാപത്തിനുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രണയ സ്വപ്നങ്ങൾ പൂവിടുന്ന പാർക്ക് കമിതാക്കളാൽ സജീവം.

ചവിട്ടി നീങ്ങുന്ന ബോട്ടുകളും മോട്ടോർ ബോട്ടുകളും നീങ്ങുന്ന തടാകക്കരയിൽ എപ്പോഴും തിരക്കുണ്ടാകും. കുറേയാളുകൾ കുതിരപ്പുറത്തു കയറി സവാരി നടത്താൻ കാത്തു നിന്നു.

തൊപ്പിതൂക്കിപ്പാറ

രണ്ടാം നാൾ സാഹസിക സഞ്ചാരം ആരംഭിക്കുന്നത് തൊപ്പിതൂക്കിപ്പാറയിൽ നിന്നാണ്. ആയിരം അടി താഴ്ചയുള്ള കൊക്കയും കിഴുക്കാംതൂക്കായ പാറയും ഉൾപ്പെടുന്നതാണ് ഈ സ്ഥലം. കാടിനുള്ളിലേക്ക് എട്ടു കിലോമീറ്റർ യാത്ര ചെയ്താൽ തൊപ്പിതൂക്കിപ്പാറയിലെത്താം. പണ്ടുകാലത്ത് ഇവിടെയെത്തിയ സായിപ്പിന്റെ തൊപ്പി കൊക്കയിലേക്കു വീണു. കാറ്റ് ഗതിമാറി വീശിയപ്പോൾ തൊപ്പി മുകളിലേക്ക് വന്നെന്നു നാട്ടുകഥ. അങ്ങനെയാണ് തൊപ്പിതൂക്കിപ്പാറ എന്നു പേരു വന്നത്. സന്ദർശകരുടെ തിരക്കേറിയതോടെ തൊപ്പിതൂക്കിപ്പാറയിൽ കമ്പിവേലി കെട്ടി. ശ്രദ്ധിക്കുക: ഗൈഡില്ലാതെ തൊപ്പിതൂക്കിപ്പാറയിലേക്കു പോകരുത്. കുറുക്കനും കരടിയുമുള്ള കാടാണ്, അതീവ ജാഗ്രത പുലർത്തുക.

10)-Kodaikanal-Lasaleth-Church ലാ സലേത്ത് പള്ളി

ബെരിജാം

ബെരിജാം അണക്കെട്ടാണ് അടുത്ത സ്ഥലം. പ്രവേശനത്തിന് തമിഴ്നാട് വനം വകുപ്പിന്റെ ഓഫിസിൽ നിന്നു പെർമിഷൻ ടിക്കറ്റ് എടുക്കണം. കാട്ടു വഴിയിലൂടെ ഇരുപത്തഞ്ചു കിലോമീറ്റർ യാത്ര ചെയ്യാൻ പരിചയ സമ്പന്നരായ ഡ്രൈവർമാർക്കേ കഴിയൂ. കാടിന്റെ ഭംഗിയും അണക്കെട്ടിന്റെ നിശബ്ദ സൗന്ദര്യവുമാണ് ബെരിജാം യാത്രയിൽ കാണാനുള്ളത്.

തമിഴ്നാട്ടിലെ അഴകേറിയ രണ്ടു മലയടിവാരങ്ങളാണ് ഊട്ടിയും കൊടൈക്കനാലും. രണ്ടു സ്ഥലങ്ങളിലും മലയാളികളാണ് സന്ദർശകർ. സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘങ്ങളാണ് അവരിലേറെയും. ആഴ്ചാവസാനത്തിലെ രണ്ടു ദിവസം കുടുംബത്തോടൊപ്പം ആഘോഷിക്കാനെത്തുന്നവരും കുറവല്ല. കൊടൈക്കനാലിലെത്തിയ ഓരോരുത്തരുടെയും മുഖത്ത് ആ സന്തോഷം തിരിച്ചറിയാം. കമ്പിളി വസ്ത്രങ്ങളുടെ ചൂടണിഞ്ഞ് യാത്രയുടെ ആവേശത്തിലേറി അവരെല്ലാം അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞു. തൊപ്പിയും കൂളിങ് ഗ്ലാസും ഓവർ കോട്ടുമിട്ട മലയാളികൾ കൂട്ടംകൂടി നിൽക്കുന്നതു കാണാൻ കൊടൈക്കനാലിൽത്തന്നെ പോകണം.

baijugovind@gmail.com