Friday 07 February 2025 09:49 AM IST : By സ്വന്തം ലേഖകൻ

മഹാഗണി മരത്തിന്റെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ പതിച്ച് മരണം; ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ബിനിജ യാത്രയായി

girl900

മഹാഗണി മരത്തിന്റെ ഉണങ്ങിയ ശിഖരം തലയിൽ വീണു മരിച്ച അരുവിപ്പുറം ഒടുക്കത്ത് മേലെ വീട്ടിൽ പ്രശാന്തിന്റെയും ആൻസിയുടെയും മകൾ ബിനിജയ്ക്ക് (8) കണ്ണീരോടെ വിട. നന്നായി പടം വരയ്ക്കുന്ന കുഞ്ഞായിരുന്നു ബിനിജ. സ്വന്തം വീടിന്റെ ചുമരിലും തൊട്ടടുത്ത് മുത്തശ്ശന്റെ വീട്ടിലെ ചുമരിലും ഒട്ടേറെ പടങ്ങൾ ബിനിജ വരിച്ചിരുന്നു. ഇന്നലെ ഇതിനെ നോക്കി വിലപിക്കുകയായിരുന്നു അമ്മ ആൻസിയും അടുത്ത ബന്ധുക്കളും. വീടിന്റെ പടം വരയ്ക്കാനാണ് ബിനിജയ്ക്ക് ഏറെയിഷ്ടമെന്ന് ബന്ധുക്കൾ പറയുന്നു.

വീടിന്റെ ഒരു ചുമരിൽ വരച്ചിട്ടുള്ളതും വീടിന്റെ പടമാണ്. മുകളിലായി മേഘങ്ങളും മുന്നിൽ പൂക്കളവും കാണാം. മറ്റൊരു ചിത്രത്തിൽ ബലൂൺ പറത്തി വിടുന്ന കുട്ടികളാണ്. അവളുടെ കളിപ്പാട്ടങ്ങളും വീടിനു മുന്നിൽ അവിടവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. കുറച്ച് അകലെയായി ബിനിജയുടെ തലയിൽ വീണ തടിക്കഷണവും. കോഴിക്കുഞ്ഞുങ്ങളെ പിടികൂടാൻ ഓടിക്കളിക്കുന്നതിനിടെയാണ് 70 അടിയോളം ഉയരത്തിൽ നിന്ന് മരക്കൊമ്പ് തലയിൽ പതിച്ചത്.

അപകടം നടന്നത് ബിനിജയുടെ മുത്തശ്ശൻ പ്രസാദിന്റെ കൺമുന്നിലായിരുന്നു. തലയിൽ മരക്കഷണം വീണ ഉടൻ ബിനിജ അബോധാവസ്ഥയിലായ ബിനിജയെയും കോരിയെടുത്ത് ആദ്യം ഓടിയത് പ്രസാദാണ്. പിന്നാലെ രക്ഷിതാക്കളും നാട്ടുകാരിൽ ചിലരും ഒപ്പം കൂടി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അന്ത്യം സംഭവിച്ചു.

വീട്ടുകാർക്കും അയൽക്കാർക്കും ഏറെ പ്രിയപ്പെട്ട ബിനിജയുടെ വേർപാട് അവർക്ക് ഉൾക്കൊള്ളാനാവുന്നില്ല. മരപ്പണി ചെയ്യുന്ന പ്രശാന്തിന്റെയും ആൻസിയുടെയും ഏക മകളായിരുന്നു. ബിനിജ പഠിച്ചിരുന്ന നെയ്യാറ്റിൻകര മാരായമുട്ടം ഗവ. എൽപി സ്കൂളിലും താറാവിള സെന്റ് മേരീസ് പള്ളിയിലെയും പൊതുദർശനത്തിനു ശേഷം ഇന്നലെ വൈകിട്ട് നാലരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മൃതദേഹം സ്കൂളിൽ എത്തിച്ചപ്പോൾ അധ്യാപകർ വിങ്ങിപ്പൊട്ടി.

Tags:
  • Spotlight