ADVERTISEMENT

കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനിൽ വൃന്ദാരാജിന്റെ (24) ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ സൈനികൻ അറസ്റ്റിൽ. കോട്ടാത്തല സരിഗ ജംക്‌ഷൻ കൃഷ്ണാഞ്ജലിയിൽ അനുകൃഷ്ണനെയാണ് (27) ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദാരാജ് കഴിഞ്ഞ 23ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.

തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെടുത്തു. വൃന്ദയുമായി അനു കൃഷ്ണൻ 6 വർഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഒരാഴ്ച മുൻപ് മറ്റൊരു പെൺകുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹനിശ്ചയം നടന്നു. ഇക്കാര്യം വൃന്ദാരാജ് ചോദിച്ചപ്പോൾ വാട്സാപ് മെസേജിലൂടെ അസഭ്യം പറഞ്ഞ് അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ.

ADVERTISEMENT

അനുകൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സന്ദേശങ്ങളും തുടർച്ചയായി പെൺകുട്ടിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന മെസേജുകളും പൊലീസ് വീണ്ടെടുത്തു. ബാബുരാജിന്റെയും ശ്രീലതയുടെയും ഏകമകളാണ് വൃന്ദാരാജ്. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്ഐമാരായ ജി.ഗോപകുമാർ, ബാലാജി.എസ്.കുറുപ്പ്, ടി.അജയകുമാർ, ടി. സുദർശന കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എസ്.സഹിൽ, എ.നഹാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനുകൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു.

ADVERTISEMENT
ADVERTISEMENT