Saturday 01 April 2023 04:33 PM IST

‘ചിക്കൻ കറി കായം ചേർത്ത് ഉണ്ടാക്കിയാലെന്താ?’: തലയിൽ ബൾബ് മിന്നിച്ച ഐഡിയ: കായം സിസ്റ്റേഴ്സിന്റെ ബിസിനസ് സീക്രട്ട്

Tency Jacob

Sub Editor

_BAP4165 ഫോട്ടോ: ബേസിൽ പൗലോ, അരുൺ പയ്യടിമീത്തൽ

കേരളത്തിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാകാത്ത ചേരുവയാണ് കായം. എന്നാൽ നമ്മുടെ നാട്ടിൽ ഇത് അധികം ഉൽപാദിപ്പിക്കുന്നുമില്ല. എംബിഎ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിച്ചു നടന്ന പെൺകുട്ടിക്ക് ഈ അറിവ് സന്തോഷവും ആത്മവിശ്വാസവും നൽകി.

പ്രീമിയം ക്വാളിറ്റിയിൽ കായം നിർമിച്ചു വിൽക്കാമെന്നു തീരുമാനമെടുത്തു. ‘‘പത്തു പ്രാവശ്യത്തിലധികം പരാജയപ്പെട്ടിട്ടാണ് വിജയകരമായ ഫോർമുലയിൽ എത്തിയത്. വീട് ഒപ്പം നിന്നതു കൊണ്ടു വിജയം കണ്ടു.’’  ‘3 വീസ്’ പ്രൊഡക്ട്സിന്റെ മാനേജിങ് ഡയറക്ടർ ഇരുപത്തിമൂന്നുകാരിയായ വർഷ പറഞ്ഞുതുടങ്ങി. ‘‘സഹോദരിമാരായ വിസ്മയയും വൃന്ദയും ഒപ്പമുണ്ട്. പേരിലെ ‘വി’ കൾ ചേർന്നാണ് ‘3 വീസ്’ എന്ന ബ്രാൻഡ് ഉണ്ടായത്. വിസ്മയ ചാർട്ടേണ്ട് അക്കൗണ്ടൻസി പൂർത്തിയാക്കുന്നതിനൊപ്പം കമ്പനിയുടെ ഫിനാൻസ് കാര്യങ്ങളും നോക്കുന്നു. വൃന്ദ ബിബിഎ കഴിഞ്ഞ് കമ്പനിയുടെ ഡിജിറ്റൽ മാർക്കറ്റിങ്ങും മെഷീനറീസ് ഓപറേഷൻസും കൈകാര്യം ചെയ്യുന്നു.’’

‘‘ഞങ്ങളിപ്പോൾ കായം സിസ്റ്റേഴ്സ് എന്നാണ് അറിയപ്പെടുന്നത്. കറി പൗഡർ, പലതരം മസാലപൊടികൾ, അരിപ്പൊടി, ഡീ ഹൈഡ്രേറ്റഡ് ബനാന എന്നിങ്ങനെയായി ഇപ്പോൾ 16 പ്രൊഡക്ട്സ് ഉണ്ട്.’’ വിസ്മയ കൂട്ടിച്ചേർത്തു.  

‘‘എംബിഎ കഴിഞ്ഞപ്പോൾ അധികം മുതൽമുടക്കില്ലാത്ത സംരംഭം തുടങ്ങണം എന്നു തീരുമാനിച്ചു. എന്നാൽ അവശ്യ ഉൽപന്നം ആയിരിക്കുകയും വേണം. മാർക്കറ്റ് റിസർച് നടത്തിയാണ് കായത്തെ കണ്ടെത്തുന്നത്.’’ ഇത്രയും ചെറുപ്പത്തിൽ ഇത്രയും വലിയൊരു സംരംഭം തുടങ്ങിയതിന്റെ ആവേശമൊന്നുമില്ലാതെ വർഷ.

കൂട്ടുസംരംഭം നല്ലതല്ലേ

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂട്ടു പെരുങ്കായത്തിന് രൂക്ഷഗന്ധമായിരിക്കും. അതിൽ ചില സുഗന്ധദ്രവ്യങ്ങളും കൂടി ചേർന്നതാണ് നമ്മൾ ഉപയോഗിക്കുന്ന പെരുങ്കായം. തയാറാക്കുന്ന വിധം പഠിച്ചിരുന്നെങ്കിലും ചെയ്തുനോക്കിയപ്പോൾ ആദ്യമൊക്കെ ദ്രാവകരൂപത്തിലായിരുന്നു. ഖരരൂപമായപ്പോൾ രുചി ശരിയാകുന്നില്ല. ഉ ണ്ടാക്കുന്ന കായം അടുത്ത ബന്ധുക്കൾക്കു കൊടുക്കും. ‘കായത്തിന്റെ മണം കിട്ടുന്നില്ല.’ എന്നാകും പരാതി. പരീക്ഷിച്ചു പരീക്ഷിച്ചാണ് പച്ചക്കൊടി കിട്ടിയത്.’’ ചേച്ചി ‘കായക്കഥ’ പറയുന്നതു കേട്ട് വിസ്മയയും വൃന്ദയും ചിരിച്ചു.  

‘‘അന്നൊക്കെ ഞങ്ങളുടെ വീട്ടിൽ എന്നും സാമ്പാറും അച്ചാറുമാണ്. ഇതിൽ രണ്ടിലുമാണല്ലോ കായം കൂടുതലായി ഉപയോഗിക്കുന്നത്. ചിക്കൻകറി കായം ചേർത്ത് ഉണ്ടാക്കിയാലെന്താ എന്നുപോലും ചിന്തിച്ചു പോയിരുന്നു.’’ വൃന്ദ ബാക്കി കഥ പൂരിപ്പിച്ചു. 2019 ജൂലൈയിലാണ് സംരംഭം ആരംഭിച്ചത്. വീട്ടിലെ ഒരു മുറി തന്നെയായിരുന്നു ഫൂഡ് പ്രൊഡക്‌ഷ‌ൻ യൂണിറ്റായി മാറ്റിയെടുത്തത്. ഇപ്പോൾ ക ളമശ്ശേരിയിലാണ് യൂണിറ്റ്. അമ്മ സരളയും അച്ഛൻ പ്രശാന്തും പിന്തുണയായി ഒപ്പമുണ്ട്.

കേരളത്തിൽ കൂടുതലായും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയാണ് വിറ്റുപോകുന്നത്. രാജ്യത്തിനു പുറത്തേക്കുള്ള കയറ്റുമതി സാധ്യത നോക്കുന്നുണ്ട്.’’