Thursday 30 March 2023 03:00 PM IST : By സ്വന്തം ലേഖകൻ

‘കുട്ടികളുമായി തുറന്നു സംസാരിക്കുക, അവർക്കു പറയാനുള്ളതു കേൾക്കുക’; വീട്ടിലിരിക്കുന്ന മക്കളുടെ കാര്യത്തിൽ വേണം കൂടുതൽ കരുതൽ

dreee4566vhju

വീട്ടിലിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ വേണം കൂടുതൽ കരുതൽ. കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.. 

കാരണങ്ങൾ നിസ്സാരം 

മാനസിക പിരിമുറുക്കം, നിരാശ, കുടുംബ വഴക്കുകൾ, മൊബൈൽ - ഇന്റർനെറ്റ് അമിതോപയോഗം, രക്ഷിതാക്കളുടെ ശകാരം തുടങ്ങിയവയൊക്കെയാണു പൊതുവായി കുട്ടികൾക്കിടയിലെ ആത്മഹത്യകൾക്കു പിന്നിലെന്നാണു കണ്ടെത്തലുകൾ. വ്യക്തമായ കാരണങ്ങൾ കണ്ടെത്താനാകാത്ത കേസുകളും ഏറെ. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അവസരം ഇപ്പോഴും പല വീടുകളിലും ലഭിക്കുന്നില്ല. വിഷാദ രോഗവും വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

‘മരണക്കളി’യായി ഓൺലൈൻ ഗെയിമുകൾ

ക്ലാസുകളെല്ലാം ഓൺലൈനായപ്പോൾ കുട്ടികളുടെ നിയന്ത്രണത്തിലായി മൊബൈൽ ഫോണും കംപ്യൂട്ടറുമെല്ലാം. കോവിഡ് നിയന്ത്രണങ്ങൾ കാരണം പുറത്തെ സൗഹൃദങ്ങളും കളിനേരങ്ങളുമെ‍ാക്കെ കുറഞ്ഞതോടെ കുട്ടികൾ പലരും ഓൺലൈൻ - മൊബൈൽ ഗെയിമുകളുടെ ലോകത്തായി. ലഹരിക്ക് അടിപ്പെട്ടുപോകുന്നവരിൽ കാണുന്നതുപോലെയുള്ള ഭ്രാന്തമായ ആവേശമാണ് ഇത്തരം കളികളോടു ചില കുട്ടികൾക്ക്. വീട്ടിലിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ ശ്രദ്ധ പരമപ്രധാനമാണ്. 

ഇവ ശ്രദ്ധിക്കാം

∙ മുതിർന്നവർ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണം.

∙ കൗമാരക്കാരെയും കൊച്ചുകുട്ടികളെയും അടുത്തറിയാൻ ശ്രമിക്കണം.

∙ കുട്ടികളുമായി തുറന്നു സംസാരിക്കുക, അവർക്കു പറയാനുള്ളതു കേൾക്കുക.

∙ സന്തോഷവും സ്നേഹവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.

∙ അവശ്യസന്ദർഭങ്ങളിൽ കൗൺസലിങ് ഉൾപ്പെടെയുള്ള വിദഗ്ധ സഹായം തേടാൻ മടിക്കാതിരിക്കുക.

മനസ്സ് താളം തെറ്റുന്നുവോ? വിളിക്കാം

∙ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാൻ പൊലീസിന്റെ നേതൃത്വത്തിൽ എസ്പിസിയുടെ സഹായത്തോടെ ഫോൺ വഴി കൗൺസലിങ് നൽകുന്ന ‘ചിരി’ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ചിരി ഹെൽപ് ലൈൻ നമ്പറിലേക്കു കുട്ടികൾക്ക് ഏതു സമയത്തും വിളിക്കാം. വിദഗ്ധരായ സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ എന്നിവർ മാർഗനിർദേശം നൽകും.  94979 00200, ചൈൽഡ് ലൈൻ - 1098

Tags:
  • Spotlight