Saturday 19 August 2023 12:48 PM IST

‘8 വയസ്സു മുതൽ കഴിച്ചപ്ലേറ്റ് എടുത്തു വയ്ക്കാൻ പറയാം കൗമാരത്തിൽ പാചകവും പഠിപ്പിക്കാം’: മിടുക്കരാകാൻ സൂപ്പർ സ്കിൽസ്

Chaithra Lakshmi

Sub Editor

super-skills

സ്റ്റേജിൽ പാട്ടു പാടാൻ നിൽക്കുമ്പോൾ ഏതു പാട്ടു പാടണമെന്ന് അമ്മയോടു ചോദിച്ചിട്ടു വരട്ടെ എന്ന് ഒരു കൊച്ചുകുട്ടി ചോദിച്ചാലെന്താകും സംഭവിക്കുക? എല്ലാവരും അതുകേട്ടു ചിരിക്കും.

ആ സ്ഥാനത്തു കുട്ടിക്കു പകരം മുതിർന്ന വ്യക്തിയാണെങ്കിലോ? ജീവിതത്തിൽ ഏറെ ആവശ്യമുള്ള കഴിവാണ് സ്വയംതീരുമാനമെടുക്കുക എന്നത്. ആത്മവിശ്വാസം വളരാനും സ്വയംമതിപ്പു മെച്ചപ്പെടാനും ഈ കഴിവു സഹായിക്കും. മത്സരവും വെല്ലുവിളികളുമുള്ള വിശാലമായ ലോകമാണു പുതുതലമുറയെ കാത്തിരിക്കുന്നത്. തൊഴിൽമേഖലയിൽ മികവു തെളിയിക്കുന്നതിനു പാഠപുസ്തകങ്ങൾ അരച്ചു കലക്കി കുടിച്ചാൽ മാത്രം പോര. ജീവിത നൈപുണ്യം, േസാഫ്റ്റ് സ്കിൽസ് ഇങ്ങനെ ഒട്ടേറെ ഘടകങ്ങൾ കൂടി പുതിയകാലം ആവശ്യപ്പെടുന്നുണ്ട്.

ഇതിനായി കൗമാരകാലത്തിനുള്ളിൽ കുട്ടികളെ പരിശീലിപ്പിക്കേണ്ട സൂപ്പർ സ്കിൽസിനെക്കുറിച്ച് അറിയാം.

തീരുമാനമെടുക്കാനുള്ള കഴിവ്

∙ ചെറിയ പ്രായം മുതലേ തീരുമാനമെടുക്കാനുള്ള കഴിവു വളർത്താം. െചറിയ കുട്ടികളോടു രണ്ടു വസ്ത്രം കാണിച്ചിട്ട് ഏതെങ്കിലുെമാന്നു തിരഞ്ഞെടുക്കാൻ പറയാം. ബ്രേക്ഫാസ്റ്റ് എന്തു വേണമെന്നതിനു തലേദിവസം രണ്ട് ഓപ്ഷൻ നൽകി ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കാൻ അനുവദിക്കാം.

പ്രായത്തിനനുസരിച്ചു ദൈനംദിന കാര്യങ്ങളിൽ ഇ തേ പോലെ തീരുമാനമെടുക്കാൻ അവസരം നൽകണം. അല്ലാതെ മാതാപിതാക്കളുടെ തീരുമാനങ്ങൾ അനുസരിക്കൽ മാത്രമാണു കുട്ടികളുടെ ധർമം എന്ന രീതി പിന്തുടരുത്. അഭിപ്രായ സ്വാതന്ത്ര്യം ശീലിക്കാനും സ്വയം തീരുമാനമെടുക്കാനും പ്രാപ്തരാകട്ടെ നമ്മുടെ കുട്ടികൾ.

∙ കുടുംബത്തിലെ പ്രധാനകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ തിരിച്ചറിവാകുന്ന പ്രായത്തിലുള്ള കുട്ടികളെ ഒപ്പം കൂട്ടുക. അവരുടെ അഭിപ്രായങ്ങളും പരിഗണിക്കാം.

∙തീരുമാനമെടുക്കുന്നതിൽ മാതാപിതാക്കൾ മാതൃകയാകണം. തീരുമാനത്തിന്റെ അനന്തരഫലം എന്താകും എന്നു മുതിർന്നവർ വിലയിരുത്തുന്നതു കണ്ടു പഠിക്കാൻ കുട്ടികൾക്ക് അവസരം നൽകണം. ‘പ്ലാൻ എ നടന്നില്ലെങ്കിൽ പ്ലാൻ ബി നോക്കാം’ എന്ന രീതിയിൽ ചിന്തിക്കാൻ കുട്ടികളെ സഹായിക്കാം.

∙ മാതാപിതാക്കളുടെ ഇഷ്ടം കുട്ടികളിൽ അടിച്ചേൽപിക്കരുത്. തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാതെ വരുമ്പോൾ കൗമാരക്കാർ അസ്വസ്ഥരാകാം.

അവരുടെ വാക്കുകൾ കേൾക്കുകയും ആവശ്യമായ പിന്തുണ നൽകുകയും വേണം. ഇഷ്ടമുള്ള വസ്ത്രമണിഞ്ഞു കുട്ടി വരുമ്പോൾ ‘അയ്യേ, ഇതാണോ ഇട്ടത്’ എന്നു േചാദിച്ചാൽ കുട്ടികളുടെ ആത്മവിശ്വാസം തകരും. ‌പിന്നീടൊരവസരത്തിൽ ഇഷ്ടമുള്ള വസ്ത്രം ഏതെന്നു ചോദിച്ചാൽ പോലും മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് അവർ എത്താം. സ്വന്തം ഇഷ്ടങ്ങൾ തുറന്നു പ്രകടിപ്പിക്കാനുള്ള കുഞ്ഞിന്റെ സ്വാഭാവികമായ കഴിവാണ് ഈ അടിച്ചമർത്തലിലൂടെ നഷ്ടമാകുന്നത്.

∙ കൗമാരമെത്തുമ്പോഴേക്കും സമപ്രായക്കാരുടെ കാഴ്ചപ്പാടുകളാകും കുട്ടിയെ സ്വാധീനിക്കുക. ട്രെൻഡ് പിന്തുടരുന്നതിലും വസ്ത്രധാരണത്തിലുമെല്ലാം ഈ സ്വാധീനം പ്രതിഫലിക്കും. ഇത് സ്വാഭാവികമാണ്.

ഓേരാ സാഹചര്യത്തിലും പിന്തുടരേണ്ട രീതികൾ പറഞ്ഞു നൽകാനും മാതൃകയാകാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. തങ്ങളുടെ ശൈലി കുട്ടികളിൽ അടിച്ചേൽപിക്കുകയല്ല വേണ്ടത്. ഇത്തരം ഗ്രൂമിങ് വ്യക്തിത്വത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയാനും സ്വന്തം ശൈലി സ്വീകരിക്കാനും പിന്തുണയേകുക.

∙ തീരുമാനത്തിൽ തെറ്റു പറ്റുമ്പോൾ പിന്തുണ നൽകുകയും വേണം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക, കരിയർ തീരുമാനിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കാലഘട്ടം കൂടിയാണു കൗമാരം. മുതിർന്നവരുടെ ഉപദേശങ്ങൾ പരിഗണനയിലെടുത്തു തന്നെ കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ അവർ പഠിക്കട്ടെ.

സാമ്പത്തികരംഗവും യാത്രകളും

പണം എങ്ങനെ കൈകാര്യം ചെയ്യണം, സമ്പാദ്യം എങ്ങനെ വളർത്താം ഈ വിഷയങ്ങൾ പാഠപുസ്തകങ്ങളിലില്ല. വീട്ടിലെ അവസ്ഥയോ? പണമിടപാടുകൾ, കുടുംബ ബജറ്റ് തുടങ്ങിയ ചർച്ചകളിൽ നിന്നെല്ലാം കുട്ടികളെ ഒഴിവാക്കും. മുതിരുമ്പോൾ ഇതെല്ലാം കുട്ടി സ്വയം പഠിച്ചോളും എന്നാകും മുതിർന്നവരുടെ ധാരണ.

കുട്ടിക്കാലത്തു തന്നെ പണം കൈകാര്യം ചെയ്യുന്നതിലുള്ള നിപുണത മെച്ചപ്പെടുത്തേണ്ടതു വളരെ പ്രധാനമാണ്. ജോലിയിൽ പ്രഫഷനൽ ആയവർ പോലും പേഴ്സണൽ ഫിനാൻസ് കൈകാര്യം ചെയ്യുന്നതിൽ പരാജയമാകുന്ന അവസ്ഥ ഒഴിവാക്കാൻ ഇതു സഹായിക്കും.

skills

∙ ചെറിയ പ്രായത്തിലേ പിഗ്ഗി ബാങ്ക് വാങ്ങി നൽകുക. കിട്ടുന്ന േപാക്കറ്റ് മണി അതിലിട്ടാൽ ഇഷ്ടമുള്ള സാധനം വാങ്ങാനുള്ള പണം സമ്പാദിക്കാമെന്നു പഠിപ്പിക്കാം.

∙ ഷോപ്പിൽ േപായി സാധനങ്ങൾ വാങ്ങാനും പണമിടപാടു നടത്താനും കുട്ടിയെ ശീലിപ്പിക്കാം.

∙ കുടുംബ ബജറ്റ് തയാറാക്കുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടാം. നിശ്ചിത തുക െകാണ്ടു ഫലപ്രദമായി എങ്ങനെ വീട്ടുകാര്യങ്ങൾ നടത്താമെന്ന് അവർ പഠിക്കട്ടെ.

∙സമ്പാദ്യം എങ്ങനെ വളർത്താം എന്നതിനെക്കുറിച്ചും മുതിർന്നവർ പറഞ്ഞു നൽകേണ്ടതുണ്ട്. ചെറിയ പ്രായത്തിൽ പത്തു രൂപ നിക്ഷേപിച്ചാൽ പോലും കാലമേറെ ക ഴിയുമ്പോൾ കൂട്ടുപലിശയുടെ ഗുണം മൂലം സമ്പത്തു വളരുമെന്നു കുട്ടിക്ക് അറിവു നൽകാം.

∙കൗമാരപ്രായം കടക്കുമ്പോഴേക്കു കുട്ടികൾ തനിയെ യാത്ര ചെയ്യാൻ തുടങ്ങാം. 18 വയസ്സായാൽ ലൈസൻസെടുക്കുകയും വണ്ടി ഓടിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ അപകടമുണ്ടാകുകയോ പരിക്കേൽക്കുകയോ ചെയ്താൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകൾ കൂടി കുട്ടികളെ പരിശീലിപ്പിക്കണം.

വീട്ടുജോലികൾ പഠിക്കാം

പ്രായത്തിന് അനുയോജ്യമായ രീതിയിൽ വീട്ടുകാര്യങ്ങൾ െചയ്യാൻ കുട്ടികളെ ശീലിപ്പിക്കണം. കഴിച്ച പാത്രം കഴുകി വയ്ക്കുക, സ്വന്തം വസ്ത്രങ്ങൾ അലക്കുക, പാചകം തുട ങ്ങിയ ദൈനംദിനകാര്യങ്ങളിൽ സ്വയംപര്യാപ്തത വേണം.

∙ എട്ടു വയസ്സു മുതൽ കഴിച്ച പ്ലേറ്റ് എടുത്തു വയ്ക്കാൻ പറയാം. കൗമാരപ്രായമെത്തുമ്പോൾ സ്വന്തം വസ്ത്രങ്ങൾ അലക്കാനും അത്യാവശ്യം പാചകവും പരിശീലിപ്പിക്കാം.

12–13 വയസ്സിൽ ദൈനംദിനജീവിതത്തിൽ ആവശ്യം വേണ്ട നിപുണതകൾ ശീലിപ്പിക്കേണ്ടതുണ്ട്.

∙ ജോലി സമ്മർദം ഒപ്പം വീട്ടുജോലിയുടെ ഭാരം, കുടുംബത്തിൽ നിന്നു വേണ്ട പിന്തുണ ഇല്ലാത്ത അവസ്ഥ ഇതൊക്കെ ചേർന്നു വരുന്നതു പല ദാമ്പത്യബന്ധങ്ങളിലും വിള്ളൽ വീഴ്ത്തുന്നുണ്ട്. പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരേ പോലെ വീട്ടുകാര്യങ്ങൾ പരിശീലിപ്പിക്കണം. ഇതിന് അമിതമായ പ്രാധാന്യം നൽകണമെന്നല്ല. ജോലിയുടെ ഒപ്പം വീട്ടുകാര്യങ്ങൾ കൂടി നോക്കാൻ അവരെ പ്രാപ്തരാക്കുകയാണു വേണ്ടത്. കുടുംബത്തിന്റെ മാനേജ്മെന്റ് കൂട്ടുത്തരവാദിത്തമാണെന്ന തോന്നൽ മക്കളിൽ വളർത്താൻ മാതാപിതാക്കൾ മാതൃകയാകണം.

ചില കുട്ടികൾ വീട്ടുജോലി ചെയ്യാൻ സ്വയം മുന്നോട്ടു വരും. എന്നാൽ അടുക്കള അലങ്കോലമാക്കുമെന്നു പറഞ്ഞു ചില മാതാപിതാക്കൾ അവരെ പിന്തിരിപ്പിക്കും. ഇതുശരിയല്ല. അവർക്കു ചെയ്തു പഠിക്കാൻ അവസരം നൽകണം. ചില കുട്ടികൾക്കു തൂത്തുവാരുന്നതും മുറ്റമടിക്കുന്നതും ഇഷ്ടമല്ല. അത്തരം ജോലികൾ ചെയ്യാൻ സമ്മർദമേ ൽപിക്കുന്നതു നന്നല്ല. മുതിർന്നവർ വീട്ടുജോലി വിഭജിക്കുമ്പോൾ ചെറിയ ജോലികൾ കുട്ടികൾക്കു നൽകുക. ഘട്ടംഘട്ടമായി എല്ലാ വീട്ടുജോലികളിലും പരിശീലനമേകാം.

258053699

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്

ചെറിയ പ്രായം മുതലേ കുട്ടികളിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവു വളർത്തിയെടുക്കണം. തീരെ ചെറിയ പ്രായത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ‘നമുക്ക് ഇങ്ങനെ ചെയ്താലോ’ എന്നു ചോദിച്ചു പരിഹാരത്തിലേക്കു വഴികാട്ടാം. ക്രമേണ സ്വയം പരിഹാരം കണ്ടെത്താൻ കുട്ടി പഠിക്കും.

∙ സമയനിഷ്ഠ പാലിക്കുന്നതിനൊപ്പം സ്വയം കാര്യങ്ങൾ എങ്ങനെ ക്രമീകരിച്ചു ചെയ്യാം എന്നു പരിശീലിപ്പിക്കണം.

∙ ആരോഗ്യകരമായ ബന്ധങ്ങൾ, സൗഹൃദങ്ങൾ ഇവ സൃഷ്ടിക്കാനും നിലനിർത്താനും കുട്ടികൾ പഠിക്കേണ്ടതുണ്ട്. തെറ്റായ ജീവിതരീതി പിന്തുടരുന്ന വ്യക്തികളെ സൗഹൃദവലയത്തിൽ നിന്ന് ഒഴിവാക്കാൻ ഇതു സഹായകരമാകും.

ചില വ്യക്തികളുമായി കൂട്ടുകൂടരുതെന്നു മാതാപിതാക്കൾ പറയുന്നതു വിപരീതഫലമുണ്ടാക്കാം.ശരിയേത്, തെറ്റേത് എന്നു തിരിച്ചറിയാനുള്ള കഴിവു കുട്ടികളിൽ വളർത്തുകയാണു വേണ്ടത്. അതിനു ചെറിയ പ്രായം മുതലേ മൂല്യങ്ങളെയും നല്ല ശീലങ്ങളെയും കുറിച്ച് അറിവ് നൽകാം.

∙വ്യക്തിയെന്ന നിലയിൽ പാലിക്കേണ്ട അതിർവരമ്പുകളെക്കുറിച്ചു പറഞ്ഞു നൽകാം. സ്വന്തം വ്യക്തിത്വത്തെ ബാധിക്കുന്ന രീതിയിൽ അതിർവരമ്പുകൾ ലംഘിക്കാൻ മറ്റുള്ളവരെ അനുവദിക്കരുതെന്നും പറഞ്ഞു നൽകണം.

∙ കരിയറിന് പ്രാധാന്യം നൽകുമ്പോൾ വോളന്ററി സ്കിൽസിനും പ്രാധാന്യമുണ്ട്. ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന ചിന്ത കുട്ടികളിൽ വളർത്തണം.

സ്വന്തം കാര്യത്തിൽ മാത്രം കേന്ദ്രീകരിച്ചു വളരുന്ന അവസ്ഥ ഒഴിവാക്കുന്നതിന് ഏതെങ്കിലും സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാൻ അവസരമൊരുക്കുക. ഇതു വ്യക്തിത്വവികാസം മെച്ചപ്പെടുത്താനും കരിയറിനു ഗുണം ചെയ്യുന്ന പല കഴിവുകൾ വളർത്താനും ഗുണകരമാകും. സമൂഹവുമായി ഇടപഴകുന്നതിനുള്ള നിപുണത വളർത്താനും കഴിയും.



ഭക്ഷണശീലം വ്യക്തിശുചിത്വം



∙ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരാൻ കുട്ടിയെ ശീലിപ്പിക്കണം. ചെറുപ്രായത്തിലെ ഭക്ഷണശീലങ്ങൾ മുതിരുമ്പോഴും കൂട്ടിയെ സ്വാധീനിക്കാം. അധികം എരിവും മ സാലയും ചേർന്ന ഭക്ഷണം ഒഴിവാക്കാം. സാലഡും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നു മുതിർന്നതിനു ശേഷം പറഞ്ഞാൽ കുട്ടി അതു സ്വീകരിക്കണമെന്നില്ല. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണശീലം കുഞ്ഞിലേ തുടങ്ങാം.

∙വ്യക്തിശുചിത്വം പാലിക്കാനും കുട്ടികളെ പരിശീലിപ്പിക്കുക. പ്രായപൂർത്തിയാകുന്ന കാലമായതിനാൽ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതു വളരെ പ്രധാനമാണെന്നതു പഠിപ്പിക്കണം. ആർത്തവശുചിത്വം പാലിക്കുന്നതിനുള്ള കാര്യങ്ങൾ പെൺകുട്ടികൾക്കു പറഞ്ഞു നൽകാം.



ആശയ വിനിമയത്തിനുള്ള കഴിവ്



മനസ്സിലെ ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാനുള്ള കഴിവാണ് ആശയവിനിമയശേഷി. നല്ല ശ്രോതാവാകുക എന്നതും പ്രധാനമാണ്. സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുക. അഭിപ്രായങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കുക, ആവശ്യമുള്ളപ്പോൾ സഹായം ചോദിക്കുക തുടങ്ങിയവയും ആശയവിനിമയശേഷിയിൽ ഉൾപ്പെടും. ഏത് പ്രായത്തിലും ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ കുട്ടിയെ പ്രോത്സാഹിപ്പിക്കണം.

∙ ഉൾവലിഞ്ഞ സ്വഭാവമുള്ളയാളെ ബഹിർമുഖത്വം പ്രകടിപ്പിക്കാൻ നിർബന്ധിക്കുകയല്ല വേണ്ടത്. അടിസ്ഥാനപരമായ സ്വഭാവം മാറില്ല. കുറ്റപ്പെടുത്തുന്നതിനു പകരം ആശയവിനിമയ ശേഷി മെച്ചപ്പെടുത്താൻ പ്രോത്സാഹനമേകാം.

∙ അതിരു കടന്നു സംസാരിക്കുന്നെന്നു തോന്നുമ്പോഴല്ലാതെ മറ്റുള്ളവരുെട മുന്നിൽ കുട്ടികളെ തിരുത്തരുത്. അത് അപമാനമായിട്ടാകും കുട്ടിക്കു തോന്നുക. തെറ്റുതിരുത്തൽ കഴിവതും സ്വകാര്യനിമിഷങ്ങളിൽ മതി.

∙ചെറിയ പ്രായത്തിലേ പല ഭാഷ പഠിക്കാൻ അവസരം നൽകുക. പല ഭാഷകളിലുള്ള ആശയവിനിമയത്തിനു മാതാപിതാക്കൾ മുൻകയ്യെടുത്താൽ കുട്ടികൾ ഈ ഭാഷകളിൽ മിടുക്കരാകും.



സ്ക്രീൻ ടൈം പ്രയോജനപ്പെടുത്താം



സാങ്കേതികവിദ്യയുടെ പ്രയോജനം ലോക്ഡൗൺ കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. പക്ഷേ, അമിതമായ സ്ക്രീൻടൈം കുട്ടികളിലെ ക്രിയാത്മകതയും സർഗാത്മകതയും നഷ്ടപ്പെടാനോ കുറയാനോ ഇടയാക്കാം. എന്നാൽ ഇതേ സാങ്കേതികവിദ്യ പലമേഖലയിലും മുന്നേറുന്നതിനുളള പ്രചോദനവുമേകും.

ചെറിയ കുട്ടികളിൽ സ്ക്രീൻടൈം കുറയ്ക്കുന്നത് നല്ലതാണ്. മുതിർന്ന കുട്ടികളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ആരോഗ്യകരമായ സംസ്കാരം കൊണ്ടുവരാനാണു ശ്രമിക്കേണ്ടത്.

എത്ര സമയം ചെലവഴിക്കുന്നു, ഏത് രീതിയിൽ ഉപയോഗിക്കുന്നു ഇവ പ്രധാനമാണ്. മൂന്ന് മോഡ് ആയി സമയത്തെയും ഗാഡ്ജറ്റിനെയും വിഭജിച്ച് ചിട്ടയോടെ ക്രമീകരിച്ച സമയം മാത്രമായി സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്തുക. കുട്ടികൾ മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം ഈ നിയമം പാലിക്കണം..

∙ പുസ്തക വായനയ്ക്ക് വേണ്ടി സമയം നീക്കിവയ്ക്കണം. ചാറ്റിങ്, േസാഷ്യൽ മീഡിയ ഇവയൊന്നും ഈ സമയത്തു പാടില്ല. അറിവ് നേടാൻ മാത്രമുള്ളതാണ് ഈ സമയം.

∙ വേണ്ടതെല്ലാം വായിച്ചു കഴിഞ്ഞു. ഇനി സർഗാത്മകതയ്ക്കുള്ള നേരമാണ്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാം. കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.

∙ മുതിർന്ന കുട്ടികൾക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് വേണ്ടിയുള്ള സമയം. േസാഷ്യൽ മീഡിയ നോക്കാനോ ആശയവിനിമയം നടത്താനോ ഉള്ള സമയമാണിത്. ഈ രീതിയിൽ സമയം വിഭജിച്ച് സാങ്കേതികവിദ്യ ആരോഗ്യകരമായി പ്രയോജനപ്പെടുത്താൻ കുട്ടികളെ പഠിപ്പിക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

അരുൺലാൽ ടി. എസ്.

സൈക്കോളജിസ്റ്റ്

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

ഫിസിക്കൽ മെഡിസിൻ ആൻഡ്

റിഹാബിലിറ്റേഷൻ സെന്റർ, തൃശൂർ

സന്ധ്യ വർമ

ലൈഫ് ആൻഡ് എക്സിക്യൂട്ടീവ് കോച്ച് (എസിസി െഎസിഎഫ്

സർട്ടിഫൈഡ്),

േകാ ഫൗണ്ടർ ആൻഡ് ഡയറക്ടർ

സ്കിൽ ക്വസ്റ്റ്, കോഴിക്കോട്

തയാറാക്കിയത്: ചൈത്രാലക്ഷ്മി