Wednesday 31 May 2023 02:51 PM IST : By സ്വന്തം ലേഖകൻ

മരണം ഉറപ്പിക്കുന്നതു വരെ 25 തവണ കുത്തി: ടെറസിൽ കിടക്കുന്നതിനെച്ചൊല്ലി തർക്കം, മകളെ കുത്തിക്കൊന്ന് അച്ഛന്റെ ക്രൂരത

stabbed-death-surath

കുടുംബവഴക്കിനിടെ മകളെ അതിക്രൂരമായി കൊലപ്പെടുത്തി ഗൃഹനാഥന്‍. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവം. സത്യനഗര്‍ സൊസൈറ്റിയില്‍ താമസിക്കുന്ന രാമാനുജ സാഹുവാണ് 19 വയസ്സുള്ള മകളെ കുത്തിക്കൊന്നത്. ഇയാളുടെ ആക്രമണത്തിൽ ഭാര്യ രേഖയ്ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ രാമാനുജ സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മേയ് 18-ന് രാത്രി 11.30-ഓടെയായിരുന്നു സംഭവം. മകൾ ടെറസിൽ കിടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിനിടെ ഇയാള്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചു. അമ്മയെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് സഹിക്കാനാകാതെ മകൾ തടയാനെത്തി. അമ്മയെ സുരക്ഷിതയാക്കാൻ ശ്രമിച്ച ശ്രമിച്ച മകളെ ഇയാള്‍ ക്രൂരമായാണ് ആക്രമിച്ചത്. ഇതിനിടെയാണ് മകളെ കത്തി കൊണ്ട് കുത്തിയത്.

ഏകദേശം 25 തവണയെങ്കിലും പ്രതി മകളെ കുത്തിയെന്നാണ് റിപ്പോർട്ട്. കുത്തുകൊണ്ട് ചോരയൊലിപ്പിച്ച് മകൾ നിലത്തുവീണിട്ടും പ്രതി വെറുതെവിട്ടില്ല. അവശയായി തറയിലൂടെ ഇഴഞ്ഞുനീങ്ങിയ മകളെ മറ്റൊരു മുറിയിലിട്ട് വീണ്ടും കുത്തി. മരണം ഉറപ്പാക്കിയ ശേഷം ഇയാൾ ഭാര്യക്കു നേരെ തിരിഞ്ഞു.

പ്രാണരക്ഷാർഥം വീടിന്റെ ടെറസിലേക്ക് ഓടിക്കയറിയ ഭാര്യയെ പിന്തുടർന്നെത്തി ആക്രമിച്ചു. ഭാര്യയുടെ രണ്ട് കൈവിരലുകളാണ് വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുതവണ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി രണ്ട് കൈവിരലുകള്‍ വെട്ടിമാറ്റുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. അതിഭീകരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീ‍ഡിയയിലും വൈറലാണ്, കഴിഞ്ഞദിവസങ്ങളില്‍ കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു.

സംഭവത്തില്‍ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.