Tuesday 13 June 2023 11:47 AM IST

അന്ന് തോൽക്കാൻ സാധ്യതയുള്ള കുട്ടികളുടെ ലിസ്റ്റിൽ പേര്, ജോലി ബീഡി തെറുപ്പ്: ഇന്ന് ടെക്സസിൽ ജഡ്ജ്: സുരേന്ദ്രന്റെ കഥ

Chaithra Lakshmi

Sub Editor

surendran-judge സഹപ്രവർത്തകരോടൊപ്പം സുരേന്ദ്രൻ കെ. പട്ടേൽ

ഏഴു വയറുകളുടെ വിശപ്പടക്കാൻ വേണ്ടിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്രൻ ബീഡി തെറുക്കാൻ തുടങ്ങിയത്. എന്നിട്ടും ദാരിദ്ര്യത്തിന്റെ കാഠിന്യത്തിനു കുറവൊന്നുമുണ്ടായില്ല. ചെലവു താങ്ങാനാകാതെ വന്നപ്പോൾ പഠനം നിർത്തി, മുഴുവൻസമയ ബീഡിത്തൊഴിലാളിയായി.

അന്നേരവും മനസ്സിന്റെ തുമ്പത്തു തീയെരിഞ്ഞു കൊണ്ടേയിരുന്നു. ദാരിദ്ര്യമല്ലായിരുന്നു, തന്റെ കുടുംബത്തിനു കിട്ടാതെ പോയ നീതിയായിരുന്നു സുരേന്ദ്രന്‍റെ സങ്കടക്കനലിനു കാരണം. അങ്ങനെ വീണ്ടും പഠനം തുടരാൻ തീരുമാനിച്ചു. ചുറ്റുമുള്ള ലോകത്തിനു നീതി ഉറപ്പാക്കുമെന്ന ലക്ഷ്യത്തോടെയുള്ള ആ യാത്ര കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങിയില്ല.

അമേരിക്കയിലെ ടെക്സസിൽ ഫോർട് െബൻഡ് കൗണ്ടിയിലെ ഡിസ്ട്രിക് േകാർട്ടിൽ തിരഞ്ഞെടുപ്പിലൂടെ ജഡ്ജിയായ ആദ്യമലയാളിയാണ് അന്നത്തെ ആ കൗമാരക്കാരൻ. സുരേന്ദ്രൻ കെ.പട്ടേൽ എന്ന കാസർകോട് സ്വദേശിയുടെ ആരെയും പ്രചോദിപ്പിക്കുന്ന ജീവിതവഴിയിലൂടെ..

പൊള്ളിക്കുന്ന ആ ഓർമ

കാസർകോട് ബളാൽ ഗ്രാമത്തിലാണു ‍ഞാൻ ജനിച്ചത്. പട്ടേൽ എന്നതു വീട്ടുപേരാണ്. കൂലിപ്പണിക്കാരായ കോരന്റെയും ജാനകിയുടെയും ആറു മക്കളിൽ നാലാമന്‍. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിച്ചതേയില്ല. അവർ നിരക്ഷരരായിരുന്നു. ഞാൻ പഠനത്തിൽ ശ്രദ്ധിക്കാതെ കൂടുതൽ സമയവും കളിച്ചു നടന്നു.

മുതിർന്ന രണ്ടു സഹോദരിമാരും ബീഡിത്തൊഴിലാളികളായിരുന്നു. ഒൻപതിൽ പഠിക്കുമ്പോഴാണു ഞാൻ രണ്ടാമത്തെ ചേച്ചിക്കൊപ്പം ബീഡി തെറുപ്പുതുടങ്ങിയത്. രാവിലെയും വൈകുന്നേരവും അടുത്തുള്ള പലചരക്ക് കടയിൽ സഹായിയായും ജോലി ചെയ്തു.

പത്താംക്ലാസ്സിൽ തോൽക്കാൻ സാധ്യതയുള്ള കുട്ടികളുടെ ലിസ്റ്റിലായിരുന്നു എന്റെ പേര്. പക്ഷേ, അ ധ്യാപകരുടെ സഹായത്തോടെ കഷ്ടിച്ചു പാസായി. മാർക്ക് കുറവായതു കൊണ്ടു കോളജ് അഡ്മിഷൻ കിട്ടിയില്ല. പാരലൽ കോളജിൽ ചേർന്നെങ്കിലും ഫീസ് നൽകാനാകാതെ വന്നപ്പോൾ പഠിപ്പു മുടങ്ങി. പിന്നീടു പൂർണമായും ബീഡിത്തൊഴിലാളിയായി മാറി. ആ കാലം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മൂത്ത സഹോദരി രത്നാവതിയുടെ മരണം. ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ സഹോദരിയുടെ വേര്‍പാടു ഞങ്ങൾക്കെല്ലാം ആഘാതമായിരുന്നു. അത് ആത്മഹത്യയായി അവഗണിക്കപ്പെട്ടു. പരാതിപ്പെട്ടെങ്കിലും കുടുംബത്തിനു നീതി കിട്ടിയില്ല.

പതിമൂന്നു വയസ്സുള്ള എനിക്കന്ന് അതേക്കുറിച്ചു വലിയ ധാരണയൊന്നുമില്ലായിരുന്നു. പക്ഷേ, കാലം പോകുന്തോറും ആ ഓർമ എന്നെ ചുട്ടുപൊള്ളിച്ചു. എന്റെ ജീവി തം എങ്ങനെയാകണം എന്നു ഗൗരവമായി ചിന്തിച്ചു. പഠനം തുടരണം. നീതിക്കു വേണ്ടി നിലകൊള്ളണം എന്നു മനസ്സ് പറയാൻ തുടങ്ങി.

അങ്ങനെയാണ് അഭിഭാഷകനാകണമെന്ന സ്വപ്നം മ നസ്സിൽ തെളിഞ്ഞത്. കഴിഞ്ഞ 40 വർഷത്തിനിടെ ഒരു ദിവസം േപാലും സഹോദരിയെ ഓർമിക്കാതെ കടന്നു പോയിട്ടില്ല.’’

surendran-judge-2 സാന്ദ്ര, അനഘ, ശുഭ എന്നിവരോടൊപ്പം സുരേന്ദ്രൻ കെ. പട്ടേൽ

വീണ്ടും തെറുത്തെടുത്ത ജീവിതം

‘‘ഒരു വർഷത്തിനു ശേഷം ഇളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്നു. പഠനം കഴിഞ്ഞുള്ള സമയത്തു ബീഡി തെറുക്കും. ശനിയും ഞായറും മുഴുവൻ സമയവും ജോലി െചയ്യും.സ്റ്റഡി ലീവ് സമയം നന്നായി പ്രയോജനപ്പെടുത്തി. അങ്ങനെ നല്ല മാർക്കോടെ പാസ്സായി.

തുടർന്നു പയ്യന്നൂർ കോളജിൽ പൊളിറ്റിക്കൽ സയൻസ് ബിരുദത്തിനു ചേർന്നു. ദിവസവും അങ്ങോട്ടുമിങ്ങോട്ടുമായി നാലു മണിക്കൂർയാത്ര. ചെലവ് കൂടി. അതോടെ പല ദിവസങ്ങളിലും ക്ലാസ്സിൽ പോകാതായി. ആദ്യവർഷം തന്നെ അറ്റന്റൻസ് കുറവായത് അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. സാമ്പത്തികാവസ്ഥയെക്കുറിച്ചും ജോലിക്കു പോകുന്ന കാര്യവും ഞാൻ വെളിപ്പെടുത്തിയില്ല. പരീക്ഷാസമയമെത്തിയപ്പോൾ ഞാൻ അധ്യാപകരോടു പറഞ്ഞു. ‌‘ഈ വർഷം പരീക്ഷ എഴുതാൻ സമ്മതിക്കണം. റിസൽറ്റ് മോശമാണെങ്കിൽ അടുത്ത തവണ ഞാൻ ചോദിക്കില്ല.’

ആ വർഷം ഫലം വന്നപ്പോൾ ഏറ്റവുമധികം മാർക്ക് വാങ്ങിയ രണ്ടു വിദ്യാർഥികളിലൊരാളായിരുന്നു ഞാൻ. പിന്നീട് ഗവൺമെന്റ് ലോ കോളജിൽ എൽഎൽബിക്കു ചേ ർന്നു. കോഴിക്കോടു നിന്നു പഠിക്കാൻ കാഞ്ഞങ്ങാടുള്ള ചില അഭിഭാഷകരും സുഹൃത്തുക്കളും സഹായിച്ചു. ആദ്യവർഷം കടന്നു കിട്ടി. രണ്ടാം വർഷം മലബാർ പാലസ് ഹോട്ടലിന്റെ ഉടമ ഉതുപ്പേട്ടനെ കണ്ടു. ‘ജോലി കിട്ടിയില്ലെങ്കിൽ പഠനം നിർത്തേണ്ടി വരും.’ എന്നു പറഞ്ഞു. അദ്ദേഹം ഹോട്ടലിൽ ഹൗസ് കീപ്പിങ് ബോയ് ആയി ജോലി നൽകി.

ലോ കോളജിൽ രാവിലെ പത്തു മുതൽ വൈകിട്ടു നാലു മണി വരെയാണു ക്ലാസ്. ഹോട്ടലിൽ ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി പതിനൊന്നു വരെ ജോലി. ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ഒരിക്കലും ക്ലാസ്സിൽ ഇരിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. സ്വന്തമായി പഠിക്കാൻ ശ്രമിച്ചു. സംശയങ്ങൾ തീർക്കാൻ അധ്യാപകരുടെ സഹായം തേടി. മൂന്നാം വർഷം അഞ്ചെട്ടു മാസം േജാലി ഉപേക്ഷിച്ചു പഠനത്തിനു വേണ്ടി ചെലവഴിച്ചു. പരീക്ഷ കഴിഞ്ഞും മറ്റൊരു േഹാട്ടലിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസറായി ജോലി ചെയ്തു.

എൻറോൾമെന്റ് കഴിഞ്ഞയുടനെ നാട്ടിലെത്തി പി. അ പ്പുക്കുട്ടൻ എന്ന അഭിഭാഷകന്റെ കീഴിൽ പ്രാക്ടീസ് തുടങ്ങി. എല്ലാ കേസുകളും കൈകാര്യം ചെയ്യാൻ അദ്ദേഹം അവസരം നൽകി. അതു സുപ്രീംകോടതിയിലെയും ടെക്സസിലെയും ജീവിതകാലത്ത് എനിക്കു തുണയായി.’’

പൂജ്യത്തിൽ നിന്നു വിജയത്തിലേക്ക്

‘‘2004 ലാണു ജീവിതപങ്കാളിയായി ശുഭയെത്തിയത്. ഡൽഹിയിൽ നഴ്സായ ശുഭയുടെ കരിയറിനു ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതി ഞാൻ അങ്ങോട്ടു മാറി. പൂജ്യത്തിൽ നിന്നു തുടങ്ങേണ്ട അവസ്ഥ.

ഇതിനിടെ പരിചയപ്പെട്ട േഡാ. രാജീവ് ധവാൻ എന്ന അഭിഭാഷകന്റെ ഓഫിസ് പ്രയോജനപ്പെടുത്തി സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. പലതരം േകസുകള്‍, ശ്രദ്ധേയ മായ വിജയങ്ങള്‍ അങ്ങനെ നല്ല കാലമായിരുന്നു അത്. സുപ്രീം കോടതിയിൽ നന്നായി പെർഫോം ചെയ്തു തുടങ്ങിയ സമയത്താണു ശുഭയ്ക്ക് അമേരിക്കയിലെ ടെക്സസിൽ ജോലി കിട്ടിയത്.

2007 ൽ ഞങ്ങൾ ടെക്സസിലെത്തി. ശുഭ സെറ്റിൽ ചെയ്യുമ്പോഴേക്കും മടങ്ങാമെന്നാണു കരുതിയത്. വൈകാതെ മനസ്സിലായി ചെറിയ കുഞ്ഞുങ്ങളുമായി ശുഭയ്ക്ക് തനിയെ അവിടെ നിൽക്കാനാവില്ലെന്ന്. അതോടെ ഞാനും അ വിടെ നിൽക്കാൻ തീരുമാനിച്ചു. ഇന്ത്യയിലെ എൽഎൽബി ബിരുദവും ലൈസൻസുമൊന്നും ഇവിടെ അംഗീകരിക്കില്ല. വീണ്ടും പൂജ്യത്തിൽ നിന്നു തുടങ്ങേണ്ട അവസ്ഥ.

വരുമാനത്തിനു വേണ്ടി ഞാൻ ക്രോഗർ എന്ന സ്റ്റോറിൽ ജോലി ചെയ്യാൻ തുടങ്ങി. സുപ്രീംകോടതി അഭിഭാഷകനിൽ നിന്നു സെയിൽസ്മാൻ ആയതിന്റെ മാനസിക സമ്മർദം ചെറുതായിരുന്നില്ല. ഇതിനിടെയാണു ടെക്സസിൽ മാത്രമുള്ള ഒരു നിയമത്തെക്കുറിച്ചറിയുന്നത്. ബ്രിട്ടീഷ് കോമൺ ലോ പിന്തുടരുന്ന രാജ്യങ്ങളിൽ ഏഴു വർഷം പ്രാക്ടീസുള്ളവർക്ക് അമേരിക്കയിലെ നിയമങ്ങൾ പഠിച്ചു നേരിട്ടു ബാർ എക്സാം എഴുതാം. ഇവിടെയെത്തി രണ്ടു വർഷത്തിനുള്ളിൽ പരീക്ഷയെഴുതണം.

ഈ കാര്യമറിഞ്ഞപ്പോഴേക്കും ഒരു വർഷം കഴിഞ്ഞു. ഇനി ഒരു പരീക്ഷ മാത്രമേ എഴുതാൻ പറ്റൂ എന്ന അവസ്ഥ. കോഴ്സിനു പോകാൻ കഴിയാത്തതു കൊണ്ടു സ്റ്റഡി മെറ്റീരിയൽ വാങ്ങി സ്വന്തമായി പഠിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ പഠിക്കേണ്ട സാഹചര്യം മുൻപു ശീലമുള്ളതുകൊണ്ട് നിയമങ്ങൾ വായിക്കുമ്പോൾ പെട്ടെന്നു ഗ്രഹിച്ചെടുക്കാൻ കഴിഞ്ഞു. ആദ്യശ്രമത്തിൽത്തന്നെ മോശമല്ലാത്ത സ്കോറോടെ വിജയം നേടി.’’

പ്രതിസന്ധികളിൽ പതറാതെ

‘‘പത്ത് – നൂറ് നിയമസ്ഥാപനങ്ങളിൽ അപേക്ഷ നൽകി. നിരാശയായിരുന്നു ഫലം. സ്വന്തം നിലയിൽ പ്രാക്ടീസ് ചെയ്യാമെന്നു കരുതി. ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റനിൽ നിന്നു രാജ്യാന്തര നിയമത്തില്‍ മാസ്റ്റേഴ്സ് എടുത്തു. എനിക്കു നല്ല ജഡ്ജ് ആകാൻ കഴിയുമെന്നു ത ന്നെയായിരുന്നു വിശ്വാസം. ജഡ്ജിയാകുന്നതിനു വേണ്ടി 2020 ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2022 ലെ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ തീരുമാനിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ കിട്ടണമെങ്കിൽ ആദ്യം ഒരു പ്രൈമറി മത്സരത്തിൽ വിജയിക്കണം. അതിനു ശേഷം ജനങ്ങളുടെ പിന്തുണ തേടിയുള്ള തിരഞ്ഞെടുപ്പ്. പലരും പിന്തിരിപ്പിക്കാൻ നോക്കി. മത്സരത്തിൽ പരാജയപ്പെട്ടാൽ സാമ്പത്തികമായും വലിയ നഷ്ടമുണ്ടാകും. ഞാൻ മത്സരിക്കുക തന്നെ ചെയ്തു. പ്രൈമറിയിൽ ഞാൻ 53. 7 ശതമാനം വോട്ടോടെ ജയിച്ചു.

ജനറൽ ഇലക്‌ഷനിൽ എതിരാളിക്കായിരുന്നു മേൽക്കൈ. എനിക്കെതിരെ വളരെ നെഗറ്റീവായ ക്യാംപെയ്ൻ വരെ നടന്നു. എന്റെ ഇന്ത്യൻ ആക്സന്റിനെ പരിഹസിച്ചായിരുന്നു പ്രധാന പ്രചാരണം. ‘അമേരിക്കൻ, ആഫ്രിക്കൻ, സ്പാനിഷ് ഇങ്ങനെ പലതരം വംശങ്ങളിൽപ്പെട്ടവർ ജീവിക്കുന്ന ഇടമാണു ടെക്സസ്. ഒരാളുടെ ആക്സന്റിനോടു പോലും സഹിഷ്ണുതയില്ലാത്ത നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും വൈവിധ്യമുള്ള നാട്ടിൽ നല്ല ജ‍ഡ്ജിയാകാൻ കഴിയുന്നത്?’ എന്ന ചോദ്യമായിരുന്നു എന്റെ മറുപടി. നെഗറ്റീവ് ക്യാംപെയ്ൻ ചെയ്യുന്നതിനു പകരം എന്റെ കാഴ്ചപ്പാടും ദർശനവും ആളുകളിലേക്കെത്തിക്കാനായിരുന്നു ശ്രമം. ജനങ്ങള്‍ അതു സ്വീകരിച്ചു.

ജീവിതപങ്കാളി ശുഭയും മക്കളായ അനഘയും സാന്ദ്രയും എപ്പോഴും പിന്തുണയായി ഒപ്പമുണ്ടായിരുന്നു. അനഘ ഗ്രേഡ് 11 ലും സാന്ദ്ര ഗ്രേഡ് 9 ലുമാണു പഠിക്കുന്നത്. ഏതൊക്കെ സ്ഥാനങ്ങളിലെത്തിയാലും സഹാനുഭൂതിയും അനുകമ്പയുമുള്ള നല്ല മനുഷ്യനാകാനാണു ഞാൻ ശ്രമിക്കുന്നത്. അതിനു കഴിയുമ്പോഴാണല്ലോ ജീവിതം വിജയമാകുന്നത്.’’

ചൈത്രാലക്ഷ്മി