ADVERTISEMENT

ആമയെ കൈവശം വച്ച കേസിൽ 57 ദിവസമായി ജയിലിൽ കഴിയുന്ന മതിലകം പൊക്ലായിൽ താമസിക്കുന്ന ആദിവാസി കുടുംബാംഗം സുരേഷിന്റെ (48)  ജാമ്യാപേക്ഷ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. സുരേഷിനോ കുടുംബത്തിനോ യാതൊരു രേഖകളും ഇല്ലാത്തതിനാൽ ഇതുവരെയും ജാമ്യം ലഭിച്ചില്ല. ഇ.ടി. ടൈസൺ എംഎൽഎ ഇടപെട്ടു ദിവസങ്ങൾക്കകം റേഷൻ കാർഡ്, ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ ലഭ്യമാക്കിയതോടെ സുരേഷിനു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

മതിലകം പൊക്ലായിലെ ആളൊഴിഞ്ഞ പറമ്പിൽ ടാർപായ കെട്ടി അതിനു താഴെ താമസിക്കുകയായിരുന്നു സുരേഷും കുടുംബവും. തെങ്ങുകയറ്റ തൊഴിലാളിയായ സുരേഷ് ജയിലിലായതോടെ സുരേഷിന്റെ ഭാര്യ റോജയും(30) കുടുംബവും വലിയ ദുരിതത്തിലായിരുന്നു. ഇവർക്കു നാലു മക്കളാണുള്ളത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണു വിഷയം പുറത്തറിയുന്നത്. ആൾ ജാമ്യത്തിന്  സുരേഷിന്റെ ഭാര്യാ സഹോദരനും സാമൂഹിക പ്രവർത്തകനായ എൻ.ബി. അജിതനും രംഗത്ത് എത്തിയിട്ടുണ്ട്.

ADVERTISEMENT

മലവേട സമുദായക്കാരനായ സുരേഷിനെ ജൂണ്‍ 13നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ അന്നന്നത്തെ അന്നത്തിനുപോലും കഷ്ടപ്പെടുകയാണ് ഭാര്യ റോജയും നാലു മക്കളും അടങ്ങുന്ന കുടുംബം. തെങ്ങുകയറ്റത്തൊഴിലാളിയായ സുരേഷ് അറസ്റ്റിലായതോടെ ഇളയമകളെയുമെടുത്ത് ലോട്ടറിവില്‍പ്പന നടത്തിയാണ് റോജ കുടുംബം പോറ്റുന്നത്. ഇളയ ആണ്‍കുട്ടിയെ നോക്കാന്‍ ആളില്ലാത്തതിനാല്‍ എട്ടില്‍ പഠിച്ചിരുന്ന കുട്ടി പഠനം നിര്‍ത്തി. മൂത്തമകളെ നോക്കാന്‍ വഴിയില്ലാതെ വന്നപ്പോള്‍ മറ്റൊരു വീട്ടിലാക്കി.

നാലു വര്‍ഷം മുന്‍പ് സുരേഷിന്റെ സഞ്ചിയില്‍നിന്ന് ജീവനുള്ള രണ്ടു ആമകളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വനംവകുപ്പ് കേസെടുത്തിരുന്നു. ഏറെനാള്‍ ജയിലില്‍ കിടന്നശേഷം മാസത്തില്‍ ഒരുതവണ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം എന്ന വ്യവസ്ഥയില്‍ പുറത്തിറങ്ങി. ജൂണില്‍ ഒപ്പിടല്‍ തെറ്റിയതോടെയാണ് ഇപ്പോള്‍ അറസ്റ്റിലായത്. 

thrissur-suresh
റോജയ്ക്ക് റേഷൻ കാർഡ് ലഭിച്ചപ്പോൾ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT