Friday 26 May 2023 04:51 PM IST

കോലിയും അനുഷ്കയും വീട്ടിലേക്കു വിളിക്കുന്ന ‘തലശേരി ഗേൾ’... ബോളിവുഡിനെ കേരളീയ രുചികളുടെ ഫാനാക്കിയ മറീന മാജിക്

Tency Jacob

Sub Editor

chef-marina മറീനയും മകള്‍ അദിതിയും

വിരാട് കോലിയും അനുഷ്ക ശർമയും ഇടയ്ക്കിടെ വീട്ടിലേക്കു വിരുന്നു വിളിക്കുന്ന രുചിയുണ്ട്. ‘തലശ്ശേരി ഗേൾ’ എന്നു മുംബൈയില്‍ അ റിയപ്പെടുന്ന ഷെഫ് മറീന ബാലകൃഷ്ണൻ തയാറാക്കു ന്ന കേരളീയ വിഭവങ്ങളാണത്. ബോളിവുഡിലെ പല താരങ്ങളെയും വെജിറ്റേറിയൻ രുചികളുടെ ആരാധകരാക്കി മാറ്റിയ ഈ രുചിപ്പെരുമയുടെ ഉദ്‍ഭവം തലശ്ശേരി ചിറക്കരയിലെ മാറോളി വീട്ടിലാണ്.

കുട്ടിക്കാലത്ത് അമ്മയുടെയും അമ്മമ്മയുടെയും കൈപിടിച്ചു ഗുരുവായൂർ അമ്പലത്തിലേക്കു യാത്ര പോയ ഒരു പെൺകുട്ടിയുണ്ട്. അമ്പലത്തിനു തൊട്ടടുത്തുള്ള ഊട്ടു പുരയിലെ രുചിസദ്യ ആ പെൺകുട്ടിയെ ഉണ്ണിക്കണ്ണനോളം തന്നെ ഭ്രമിപ്പിച്ചു.

പിന്നീട്, ജീവിതമൊതുങ്ങിയപ്പോൾ അവൾ പാചകം പ ഠിക്കാൻ വിദേശത്തു പോയി. ആത്മവിശ്വാസത്തിന്റെ രുചിയിലേറി മുംബൈയിലെ വീട്ടിൽത്തന്നെ ‘ഊട്ടുപുര’ എന്ന സംരംഭം തുടങ്ങി. അന്നുമുതൽ കുട്ടിക്കാല ഓർമകളിലെ രുചികളെ നുള്ളിയെടുത്തു പാചകം ചെയ്തു തൂശനിലയിൽ വിളമ്പിക്കൊണ്ടേയിരിക്കുന്നു.

ഓലൻ ഒരു സൗഹൃദക്കൂട്ടാണ്

‘‘ഊട്ടുപുര, മീൽ ഡെലിവറി സർവീസാണ്. എനിക്കിഷ്ടമുള്ള വിഭവങ്ങൾ ചേർത്ത് ഉച്ചയൂണ് തയാറാക്കാൻ തീരുമാനിക്കുന്നു. ഇൻസ്റ്റഗ്രാമിൽ മെനു കൊടുക്കുന്നു. പത്തോ പതിനഞ്ചോ പേർക്കായിരുന്നു തുടക്കത്തിൽ. ഇപ്പോൾ 30– 40 പേർക്കു മീൽസ് തയാറാക്കും. ആളുകൾക്കു ഭക്ഷണമൊരുക്കുന്നതിലും വലിയ സന്തോഷം മറ്റെന്താണ്?’’ ആ സന്തോഷത്തിനുള്ളിലിരുന്നു മറീന േചാദിക്കുന്നു.

‘‘ബോളിവുഡ് താരങ്ങൾ എന്റെ അടുത്തേക്കു വരുന്നത് എവിടെ നിന്നൊക്കെയോ കേട്ടറിഞ്ഞാണ്. അനുഷ്ക ശർമയും വിരാട് കോലിയുമാണ് അവരിൽ പ്രധാനം. ഇ പ്പോൾ അനുഷ്കയുടെ ടേസ്റ്റ് പരിചിതമാണ്. ഇടിയപ്പം, സ്റ്റ്യൂ, ചമ്മന്തി ഇതെല്ലാം അവർക്കു വലിയ ഇഷ്ടമാണ്. മലൈക അറോറ, കരീന കപൂർ തുടങ്ങിയവരും സ്ഥിരമായി വാങ്ങും. ആളുകളുടെ ഇഷ്ടവും ആവശ്യവുമനുസരിച്ചു പ്രൈവറ്റ് ക്യൂറേറ്റഡ് മെനുവും തയാറാക്കി നല്‍കുന്നുണ്ട്.

സദ്യയിൽ ഓലനാണ് എനിക്കേറ്റവുമിഷ്ടം. ഇലയിൽ മ മതയോടെ കിടക്കും. പപ്പടവും ഓലനും അമ്മിയിലരച്ച ച മ്മന്തിയുമുണ്ടെങ്കിൽ ഞാനതിനെ സദ്യയെന്നു വിളിക്കും. ഊട്ടുപുര മെനുവിൽ എന്നും സദ്യ തയാറാക്കില്ല. ഒരു ഒഴിച്ചുകൂട്ടാനും തോരനും പപ്പടവും ചമ്മന്തിയുമൊക്കെയായും കൊടുക്കാറുണ്ട്.

ചേരുവകളുടെ ചേർച്ചയാണ് ഭക്ഷണം രുചികരമാക്കുന്നത്. ചെറുപ്പത്തിൽ രുചികരമായ ഭക്ഷണം കഴിച്ചിട്ടുള്ളതു കൊണ്ടു കൂടിയാണ് നന്നായി പാചകം ചെയ്യാൻ കഴിയുന്നതെന്നും തോന്നാറുണ്ട്. അതുപോലെ, മനസ്സു മറ്റൊരിടത്താകുമ്പോള്‍ പാചകം ചെയ്താൽ ശരിയാകില്ല. അടുക്കളയില്‍ കയറിയാല്‍ ഫോൺ പോലും എടുക്കില്ല.

മുത്തശ്ശി രുചികളിലെ വാത്സല്യം

അമ്മ ജയലക്ഷ്മിയുടെ തലശ്ശേരി വീട്ടിലാണ് എന്റെയും ചേച്ചിയുടെയും കുട്ടിക്കാലം. അച്ഛൻ ബാലകൃഷ്ണന് എയർഫോഴ്സിലായിരുന്നു ജോലി. മാറോളി കണ്ണൻ എന്നായിരുന്നു മുത്തച്ഛന്റെ പേര്. അമ്മമ്മ ദേവി നല്ല അറിവുള്ള സ്ത്രീയായിരുന്നു. പാചകത്തിൽ അസാമാന്യ കൈപുണ്യവും. വിരുന്നുകാർ വന്നു നിറയുന്ന വീടായിരുന്നു അത്. ഇടമുറിയാതെ വേവുന്ന ഭക്ഷണം. നേരം വെളുക്കുമ്പോഴേ തറവാട്ടിൽ ചായ നടക്കാൻ തുടങ്ങും. ഇടതടവില്ലാതെ ചായ അടുക്കളയിൽ നിന്നു വീടിന്റെ അകത്തളങ്ങളിലേക്കു സഞ്ചരിച്ചു കൊണ്ടേയിരിക്കും. ആരു വീട്ടിൽ വന്നാലും ഭക്ഷണം കൊടുത്തു സ്നേഹം പ്രകടിപ്പിക്കുന്നതായിരുന്നു രീതി. ദിവസം മുപ്പതിനടുത്ത് ആളുകളുണ്ടാകും. ഭക്ഷണത്തിനുള്ള അരിയും പച്ചക്കറികളും വീട്ടിൽ ത ന്നെ ഒരുക്കിയെടുക്കലാണ്.

പലഹാരം തിന്നാൻ കൊതി തോന്നിയാൽ, കടയിൽ നിന്നു വാങ്ങിത്തരാതെ, അതുണ്ടാക്കാനറിയാവുന്നവരെ വീട്ടില്‍ വരുത്തി പാകപ്പെടുത്തി തരും. അങ്ങനെയാണു പല മുസ്‌ലിം സ്പെഷൽ വിഭവങ്ങളും രുചിക്കുന്നത്. അമ്മമ്മ പാചകം ചെയ്യുമ്പോൾ അവിടെ ചുറ്റിപ്പറ്റി നിൽക്കും. അങ്ങനെയൊക്കെ എന്റെയുള്ളിൽ വീണ വിത്താണ് ഇപ്പോൾ ഊട്ടുപുരയിലൂടെ വളർന്നത്.

അമ്മമ്മയുടെ കൈകൊണ്ടുണ്ടാക്കുന്ന ഭക്ഷണത്തിനു പ്രത്യേക രുചിയായിരുന്നു. സത്യത്തിൽ, അതു വീണ്ടെടുക്കാനാണു ഊട്ടുപുര തുടങ്ങിയത്. അതുപോലെ എനിക്കുള്ള ഭക്തിയും ആ താവഴിയിലൂടെ തന്നെ വന്നതാകണം.

chef-marina-1

അതാണു ജീവിതം മാറ്റിമറിച്ചത്

പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും ജോലിക്കൊന്നും ശ്രമിച്ചില്ല. വിവാഹശേഷം മുംബൈയിലെത്തി വീട്ടമ്മയായി ഒതുങ്ങി. വീട്ടിൽ വന്നിരുന്ന സുഹൃത്തുക്കളാണ് ആദ്യം പ റ‍ഞ്ഞത്, ‘നീയുണ്ടാക്കുന്ന ഭക്ഷണം എത്ര രുചികരമാണ്’ എന്ന്. മുതിര്‍ന്നപ്പോള്‍ മകളും ഇതു പറഞ്ഞു.

അപ്പോഴേക്കും ആളുകൾ എന്റെയടുത്ത് പാചകകുറിപ്പുകൾക്കും മെനു ഒരുക്കാനുമെല്ലാം വന്നു തുടങ്ങി. ഞാൻ അവരോടു പറഞ്ഞു. ‘ഞാൻ ഷെഫൊന്നുമല്ല, വീട്ടിലുണ്ടാക്കുന്ന രീതിയിൽ ചെയ്യുന്നെന്നേയുള്ളൂ.’ പച്ചക്കറികൾ എ ങ്ങനെ അരിയണം, എത്ര ചൂടില്‍ വേവിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലെങ്കിൽ ഭക്ഷണം ശരിയായി പാകം ചെയ്യാൻ സാധിക്കില്ല.

മകള്‍ അദിതി നിയമം പഠിക്കാൻ വാഷിങ്ടണിലേക്കു പോകുമ്പോൾ എന്നോടു ചോദിച്ചു. ‘അമ്മയ്ക്കു പാച‌കം പഠിച്ചു കൂടേ?’ ആദ്യമൊന്നും ‍ഞാനതു വകവച്ചില്ല. അവൾ വീണ്ടും വീണ്ടും നിർബന്ധിച്ചു. അങ്ങനെയാണു ന്യൂയോ ർക്കിലെ പ്രശസ്തമായ നാചുറൽ ഗോമെ ഇൻസ്റ്റിറ്റ്യൂട്ടി ൽ ചേരുന്നത്. എനിക്കന്ന് അൻപതു വയസ്സാണ്. അതാണു ജീവിതം മാറ്റിമറിച്ചത്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഏപ്രിൽ അവസാന ലക്കത്തിൽ

ടെൻസി ജെയ്ക്കബ്

ഫോട്ടോ: അമയ് മൻസബ്ദാർ