പുലർച്ചെ, വീടിന്റെ വാതിൽ പൊളിച്ചു കൊള്ള നടത്താൻ എത്തിയവരിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് ധീരമായ പോരാട്ടത്തിലൂടെ. മറയൂർ കോട്ടക്കുളത്ത് സതീശൻ, ഭാര്യ ശ്രീലേഖ, മകൻ കവിജിത്, ശ്രീലേഖയുടെ സഹോദരിയുടെ മകളായ രണ്ടര വയസ്സുകാരി ധനുശ്രീ എന്നിവരാണ് നാലു മോഷ്ടാക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നിനു കമ്പിപ്പാര കൊണ്ടു പിൻവാതിൽ പൊളിക്കുന്ന ശബ്ദം കേട്ടാണ് ശ്രീലേഖ ഞെട്ടിയുണർന്നത്. അടുത്ത മുറിയിൽ കിടന്നിരുന്ന ഭർത്താവ് സതീശനെ വിളിച്ചുണർത്തി.
ലൈറ്റിട്ടപ്പോൾ മോഷ്ടാക്കൾ വീടിന്റെ ഫ്യൂസ് ഊരി. മൊബൈൽ ടോർച്ച് തെളിക്കുന്നതിനിടെ മോഷ്ടാക്കളിൽ ഒരാൾ അകത്തു കയറുകയും ചെയ്തു. വീട്ടുകാർ എല്ലാവരും ഒറ്റമുറിയിൽ കയറി വാതിലടച്ചു. ഈ സമയം സമീപമുള്ള ബന്ധുക്കളിൽ ഒരാളെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനിടെ വീടിനുള്ളിൽ കയറിയ കള്ളൻ 10 കിലോ ഭാരമുള്ള വേലിക്കല്ലു കൊണ്ട് മുറിയുടെ വാതിൽ തകർക്കാൻ ശ്രമിച്ചു. സതീശനും ഭാര്യയും കള്ളൻ ഉള്ളിൽ കടക്കാതെ വാതിൽ തള്ളിപ്പിടിച്ച് ധൈര്യത്തോടെ നേരിട്ടു.
ഒടുവിൽ വാതിലിന്റെ താഴുകൾ തകർന്നപ്പോഴും കള്ളൻ അകത്തു കടക്കാതെ ഉന്തിയും തള്ളിയും പോരാട്ടത്തിലായിരുന്നു ഇവർ. തുടർന്ന് ബന്ധുക്കളും സമീപവാസികളും ഓരോരുത്തരായി വീട്ടിലേക്ക് എത്തിയതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു. സതീശന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ വാതിൽ ഉന്തിപ്പിടിക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു പോയിരുന്നു. ഇത് എടുത്ത കള്ളൻ 50 മീറ്റർ അകലെ അത് ഉപേക്ഷിച്ചു. കള്ളനുമായി നടത്തിയ പോരാട്ടത്തിൽ ശ്രീലേഖയുടെ വിരലിനു പരുക്കുപറ്റി.
ഭയന്നു വിറച്ച് കവിജിത്
വീടിനുള്ളിൽ കള്ളൻ കയറിയ വിധവും ഉള്ളിൽ അരമണിക്കൂറോളം ഉണ്ടായിരുന്ന സാഹചര്യവും കാരണം ഭയം വിട്ടുമാറാതെയാണ് എട്ടാം ക്ലാസ്സുകാരനായ കവിജിത് സംഭവം വിവരിക്കുന്നത്. സംഭവം നടക്കുമ്പോൾ 20 മീറ്റർ അകലെയുള്ള റോഡിൽ പൊലീസ് വാഹനം പോകുന്നതു കണ്ടു. അച്ഛൻ ഉറക്കെ വിളിച്ചെങ്കിലും പൊലീസുകാർ കേട്ടില്ല. വൈകാതെ വിവരം അറിഞ്ഞ് പൊലീസ് തിരിച്ചെത്തി. കരിമ്പ് തോട്ടത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം വൈകിട്ട്, മോഷ്ടാക്കളെ പിടികൂടിയതായി സൂചനയുണ്ട്.