നടന്‍ ജഗതി ശ്രീകുമാർ അപകടത്തിൽപെട്ട ഡിവൈഡർ മുനമ്പും 52 മരണങ്ങൾ ‘കണ്ട’ പാണമ്പ്ര വളവും ഇനിയില്ല. 50 വർഷങ്ങൾക്കിടെ 52 മരണങ്ങൾ സംഭവിച്ച പാണമ്പ്ര വളവ് ഓർമയായി. പടിഞ്ഞാറ് വശത്തെ കൊക്ക നികത്തി നിർമിച്ച സർവീസ് റോഡ് വാഹന ഗതാഗതത്തിനു തുറന്നു.
യൂണിവേഴ്സിറ്റി, രാമനാട്ടുകര, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇപ്പോൾ പുതിയ റോഡ് വഴിയാണ് പോകുന്നത്. മുൻപ് കയറ്റിറക്കം കുറയ്ക്കാൻ വളവ് സൃഷ്ടിച്ചപ്പോൾ അധികപ്പറ്റായി കാട് കയറിയ കൊക്കയാണ് നികത്തി സർവീസ് റോഡ് നിർമിച്ചത്.
നികത്തിയിട്ട ശേഷിക്കുന്ന സ്ഥലംകൂടി ഉപയോഗിച്ച് നാലുവരിപ്പാത നിർമിക്കും. ഗതാഗതം തിരിച്ചുവിടാൻ സ്ഥാപിച്ച ഡിവൈഡർ ഇതോടെ നോക്കുകുത്തിയായി. ഡിവൈഡറിന്റെ പടിഞ്ഞാറ് വശത്തെ നിലവിലുള്ള റോഡിൽ ഇപ്പോൾ വാഹന ഗതാഗതമില്ല. ഡിവൈഡറിന്റെ കിഴക്കു വശത്തെ റോഡ് പ്രയോജനപ്പെടുത്തിയാണ് ഇപ്പോഴും ചേളാരി, തൃശൂർ ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം.
ഈ ഭാഗത്ത് സർവീസ് റോഡ് നിർമിക്കുന്നതോടെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അതുവഴിയാക്കും. തുടർന്ന് വളവും കയറ്റിറക്കവും ഇല്ലാത്ത നാലുവരിപ്പാത നിർമിക്കും. നടൻ ജഗതി ശ്രീകുമാറിന് കാറപകടത്തിൽ പരുക്കേൽക്കാൻ ഇടയാക്കിയ ഡിവൈഡർ മുനമ്പും ഇപ്പോഴില്ല. ഇവിടെ എൻഎച്ചിൽ പാലത്തിനുള്ള തൂണുകൾ പൂർത്തിയായി.
ബീമുകൾ സ്ഥാപിച്ച ശേഷം കോൺക്രീറ്റിങ് നടത്തുന്നതോടെ പാലം പൂർത്തിയാകും. പാലത്തിന് മീതെയാണ് പാത നിർമിക്കുക. പാലത്തിന്റെ അടിഭാഗം അടിപ്പാതയായി ഉപയോഗിക്കാം. സർവീസ് റോഡുകൾ വഴി എത്തുന്ന വാഹനങ്ങൾക്ക് മറുഭാഗത്ത് എത്താൻ അടിപ്പാത സഹായകമാകും.
2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ 4.30 നായിരുന്നു ജഗതി ശ്രീകുമാർ അപകടത്തിൽപെട്ടത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി പാണമ്പ്ര വളവിലെ ദേശീയപാതയ്ക്ക് നടുവിലായി സ്ഥാപിച്ച ഡിവൈഡറാണ് അപകടത്തിനിടയാക്കിയത്.
ഇന്നോവ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനാല്‍ ജഗതിക്കും ഡ്രൈവര്‍ സുനില്‍കുമാറും സാരമായി പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് അഡ്വ. കെ എന്‍ എ ഖദാര്‍ എംഎല്‍എ അടക്കമുള്ളവര്‍ പാണമ്പ്ര വളവ് സന്ദര്‍ശിക്കുകയും സംരുക്ഷ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതുപ്രകാരം പാണമ്പ്രയില്‍ ഡിവൈഡര്‍ തുടങ്ങുന്ന ഇരുഭാഗത്തും ടയറുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ ഡിവൈഡറില്‍ ഇടിക്കുന്നത് തടയലായിരുന്നു ലക്ഷ്യം. എന്നാല്‍ സ്ഥാപിച്ച ടയറുകളെല്ലാം പിന്നീട് ഇറങ്ങിപ്പോയി. സിഗ്നലുകളും അതോടെ ഇല്ലാതായി. സുരക്ഷാ സംവിധാനത്തിലെ പാളിച്ച കാരണം പാണമ്പ്ര വളവില്‍ ചരക്കുലോറികളും ചെറുവാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണ്.