കിൻഷിപ്പിലെ വരാന്തകളിൽ വച്ച് തമ്മിൽ കണ്ടു കണ്ട് ഇഷ്ടത്തിലായി, ഇനി യൂനസും ഫാത്തിമ ഷബാനയും തമ്മിലുള്ള അറേഞ്ച്ഡ് പ്രണയ വിവാഹം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി തിരൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കിൻഷിപ്. ഇവിടെയുള്ളവരാണ് യൂനസും ഷബാനയും.
ഇരുവരും ഇവിടെ വച്ച് പരിചയത്തിലായി. ഇതിനിടെ മൊട്ടിട്ട പ്രണയത്തുള്ളികൾ ഇരുവരിലും പ്രണയവർഷമായി വളർന്നു. രണ്ടുപേരുടെയും കുടുംബങ്ങളുടെ അറിവോടെ തന്നെയായിരുന്നു പ്രണയം. കിൻഷിപ് ഡയറക്ടർ നാസർ കുറ്റൂർ വിവരമറിഞ്ഞതോടെ ഇതൊരു വിവാഹത്തിലേക്കുള്ള വഴി തുറക്കലായി. 29ന് കിൻഷിപ്പിൽ വിവാഹ സൽക്കാരമാണ്. 30ന് ചെറിയപറപ്പൂർ മഹല്ലിൽ വച്ച് നിക്കാഹും ബിപി അങ്ങാടിയിലെ ഷഹാനയുടെ വീട്ടിൽ വച്ച് വിവാഹവും നടക്കും.
കുട്ടിയായിരിക്കുമ്പോൾ പോളിയോ ബാധിച്ച് ശരീരം തളർന്ന യൂനസ് വീൽചെയർ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. ഭിന്നശേഷിക്കാരിയായ ഷബാന ആറു മാസങ്ങൾക്കു മുൻപാണ് ഇവിടെയെത്തിയത്. കിൻഷിപ്പിലെ സ്നേഹവും പരിചരണവും കിട്ടിയതോടെ ഷബാന കൂടുതൽ മെച്ചപ്പെട്ടു.