ADVERTISEMENT

കൂടപ്പിറപ്പിനെ ഉള്‍പ്പെടെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷയിലാണു പ്രതി അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെത്തിയത്. വെഞ്ഞാറമൂട്ടില്‍നിന്നു പുത്തന്‍പാലം വഴി നെടുമങ്ങാട്ടേക്കു പോകുന്ന വഴിയില്‍ പേരുമല ജംക‌‌്ഷനു സമീപത്താണ് അഫാന്റെ വീട്. പരിചയമുള്ള ഓട്ടോ ഡ്രൈവറെ ഫോണില്‍ വിളിച്ചു വീട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ഇയാൾ ഓട്ടോയില്‍ സഞ്ചരിച്ചത്.

ഓട്ടോ പുറത്തു നിര്‍ത്തിയ ശേഷം അഫാന്‍ നേരെ സ്‌റ്റേഷനിലെത്തി മുന്നിലിരുന്ന പൊലീസുകാരോട് താന്‍ ആറു പേരെ കൊലപ്പെടുത്തിയിട്ടാണു വരുന്നതെന്നു പറയുകയായിരുന്നു. മുന്നില്‍ നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍ കൊടുംകൊലയാളിയാണെന്ന് വിശ്വസിക്കാനാകാതെ പൊലീസുകാര്‍ ഞെട്ടി. എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ആരെയൊക്കെയാണു കൊന്നതെന്നും എങ്ങനെയാണു കൊന്നതെന്നും അഫാന്‍ വിവരിച്ചതോടെ വിവരം സ്ഥിരീകരിക്കാന്‍ പൊലീസുകാര്‍ വിവിധയിടങ്ങളിലേക്കു പാഞ്ഞു. ഒടുവില്‍ അഫാന്‍ പറഞ്ഞതൊക്കെ ശരിയാണെന്നു കണ്ടെത്തിയതോടെ തലസ്ഥാനത്തെ ചോരയില്‍ കുളിപ്പിച്ച കൂട്ടക്കൊലയുടെ വിവരങ്ങള്‍ കേട്ട് നാടാകെ ഞെട്ടിത്തരിച്ചു.

ADVERTISEMENT

ഒരു നിലവിളി പോലും പുറത്തുകേട്ടില്ല

തിരക്കേറിയ വെഞ്ഞാറമൂട്– പുത്തൻപാലം റോഡിൽനിന്ന് 20 മീറ്റർ ദൂരത്താണ് അഫാന്റെ വീട്. ഇരുവശത്തും മതിലിനുചേർന്ന് അയൽവീടുകളുണ്ട്. എന്നിട്ടും അഫാൻ ആക്രമിച്ചപ്പോൾ ഒരു നിലവിളി പോലും പുറത്തുകേട്ടില്ലെന്നതാണ് ആശ്ചര്യം.

ADVERTISEMENT

ബിരുദധാരിയാണ് അഫാനെന്നു നാട്ടുകാർ പറഞ്ഞു. കുറച്ചുനാൾ പിതാവിനൊപ്പം ഗൾഫിലായിരുന്നു. അടുത്തിടെയാണു മടങ്ങിയെത്തിയത്. ഇതിനപ്പുറമുള്ള വിശദാംശങ്ങളൊന്നും അറിയില്ല. അയൽക്കാരുമായും ബന്ധമില്ലായിരുന്നു. ലഹരി ഉപയോഗിക്കുന്നതായോ എന്തെങ്കിലും പ്രശ്നങ്ങളിൽപെട്ടതായോ നാട്ടുകാർക്കറിയില്ല. വീട്ടിൽനിന്നു കാര്യമായ ബഹളമോ ശബ്ദമോ ഒന്നും ഒരിക്കലും കേൾക്കാറുമില്ല.

പാങ്ങോടും പുല്ലമ്പാറയിലും കൊലപാതകങ്ങൾ കഴിഞ്ഞെത്തിയ അഫാൻ അനുജൻ അഫ്സാനെ സ്കൂട്ടറിൽ പുറത്തുകൊണ്ടുപോയതായി ചിലർ പറയുന്നു. അനുജനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങി നൽകിയെന്നാണ് സൂചന. അതിന്റെ അവശിഷ്ടങ്ങളും ശീതളപാനിയവും വീടിന്റെ വരാന്തയിലെ കസേരയിലുണ്ട്.

ADVERTISEMENT

പിതാവ് വിദേശത്തായതിനാൽ അച്ഛന്റെ കരുതലോടെയാണ് അഫാൻ കുഞ്ഞനുജനെ സ്നേഹിച്ചിരുന്നത്. അഹ്സാന്റെ പഠനകാര്യത്തിലുൾപ്പെടെ അഫാൻ ശ്രദ്ധിച്ചിരുന്നു. അമ്മയുടെ അസുഖവും കുടുബത്തിന്റെ കടബാധ്യതയും തന്റെ അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നു. ഏറെ സ്നേഹിച്ചിരുന്ന കുഞ്ഞനുജനെ ഉൾപ്പെടെ വധിക്കാൻ അഫാനെ പ്രേരിപ്പിച്ചതെന്താണെന്നു നാട്ടുകാർക്കും അറിയില്ല.

എന്തിനെന്ന് ആർക്കും നിശ്ചയമില്ല. വൈകിട്ട് ആറോടെ അഫാൻ ഓട്ടോയിൽ കയറിപ്പോയതു കണ്ടവരുണ്ട്. അപ്പോഴും വീടിനുള്ളിൽ നടന്ന സംഭവത്തെക്കുറഇച്ച് ആർക്കും സൂചന കിട്ടിയില്ല.

ADVERTISEMENT