കളിയും ചിരിയുമായി സ്കൂൾ മൈതാനത്തിലൂടെ ഓടിനടന്ന അമ്മുണ്ണിയെ അവസാനമായി കാണാനെത്തിയ കളിക്കൂട്ടുകാരിൽ ഒട്ടേറെപ്പേർക്കും എന്താണു സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. പക്ഷേ കട്ടപ്പന ഡോൺബോസ്കോ സെൻട്രൽ സ്കൂളിലെ പ്രീകെജി ക്ലാസിലെ കൊച്ചുകുട്ടികളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു. മാതാപിതാക്കളായ വിഷ്ണു സോമനെയും ആശാ അനിരുദ്ധിനെയും ആശ്വസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 3 വയസ്സുകാരി ഏകപർണികയുടെ (അമ്മുണ്ണി) മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് നൂറുകണക്കിനാളുകൾ.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വൈകിട്ട് 3.30ന് സ്കൂളിലെത്തിച്ച മൃതദേഹം വൈകിട്ട് 4.30നാണ് സംസ്കരിക്കുന്നതിനായി ബൈസൺവാലിയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. ഏകപർണികയുടെ സ്കൂളിലെ അമ്മമാരായിരുന്ന പ്രീകെജി സെഷനിലെ അധ്യാപകരായ ഡെയ്ൻ, ഡോണ, നഴ്സ് ഡെയ്സി മറ്റ് അഞ്ച് ആയമാർ എന്നിവർ നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് കുഞ്ഞിനെ അവസാനമായി കണ്ടത്. കുഞ്ഞുകൂട്ടുകാരും കൈകൂപ്പി പ്രാർഥനയോടെ നിന്നു.
കട്ടപ്പനയിലെ രാഷ്ട്രീയ സാമൂഹിക, മത, സാമുദായിക പ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെയാളുകളും ഏകപർണികയ്ക്ക് അന്തിമോപചാരമർപ്പിച്ചു.വൈകുന്നേരം 6നാണ് മൃതദേഹം മുട്ടുകാട് സൊസൈറ്റിമേട്ടിലുള്ള വിഷ്ണുവിന്റെ കുടുംബ വീട്ടിലെത്തിച്ചത് വീട്ടിലെത്തിച്ചത്. അവിടെയും വൻ ജനാവലി എത്തിയിരുന്നു. തുടർന്ന് സംസ്കരിച്ചു. ചികിത്സപ്പിഴവാണ് കുട്ടിയുടെ മരണകാരണമെന്നാരോപിച്ച് മാതാപിതാക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കട്ടപ്പന കളിയിക്കൽ ആഷാ അനിരുദ്ധിന്റെയും വിഷ്ണു സോമന്റെയും ഇളയ മകളായ ഏകപർണികയെ കടുത്ത വയറു വേദനയെ തുടർന്ന് ഒരാഴ്ച മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് നിർദേശിച്ച് അധികൃതർ തിരിച്ചയച്ചു. എന്നാൽ വീട്ടിലെത്തിയിട്ടും അസുഖത്തിന് കുറവുണ്ടാകാത്തതിനാൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച തിരികെ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ വിഭാഗത്തിലേക്കു മാറ്റി. എങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.