ADVERTISEMENT

തൃശൂർ ചേറൂരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലേക്കു നയിച്ചത് സാമ്പത്തിക ഇടപാടുകളിലെ തർക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമെന്ന് പൊലീസ്. കല്ലടിമൂല സ്വദേശി സുലിയെ (46) ഭർത്താവ് ഉണ്ണികൃഷ്ണൻ (50) ആണ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുൻപാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഇതിനുശേഷം ഭാര്യയുമായി തർക്കം പതിവായിരുന്നെന്നു പൊലീസ് പറയുന്നു. ഇരുവർക്കും ഒരു മകനുണ്ട്.

വിദേശത്തുനിന്നു താൻ ഭാര്യയുടെ പേരിൽ അയച്ച ഒരു കോടിയിലധികം രൂപ കാണാനാനില്ലെന്നും ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണൻ പൊലീസിനു മൊഴി നൽകിയത്. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും തനിക്കു ലഭിച്ചെന്ന് ഉണ്ണികൃഷ്ണൻ പൊലീസിനോടു പറഞ്ഞു. ഇക്കാര്യങ്ങൾ പറഞ്ഞുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12 മണിക്കുശേഷം സുലിയെ ഉണ്ണികൃഷ്ണൻ കമ്പിപ്പാര കൊണ്ടു തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ADVERTISEMENT

ഇതിനുശേഷം ഒരു മണിയോടെ വിയ്യൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധിച്ചപ്പോൾ കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന സുലിയെയാണ് കണ്ടത്. പൊലീസെത്തിയശേഷമാണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിഞ്ഞത്. 

കുറച്ചുകാലം മുൻപാണ് ഉണ്ണികൃഷ്ണനും സുലിയും കല്ലടിമൂലയിലേക്കു താമസം മാറുന്നത്. പാടത്തോടു ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ പെട്ടന്നാരുടെയും ശ്രദ്ധയെത്താത്ത സ്ഥലമാണ്. രാവിലെ പൊലീസെത്തിയപ്പോഴാണ് കൊലപാതകവിവരം നാട്ടുകാര്‍ അറിഞ്ഞത്. ഉണ്ണികൃഷ്ണന്റെ മൊഴി പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടത്തു. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ‌ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT