എഴുപതു വയസ്സുകാരന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു കത്തി. തൃശൂർ മരോട്ടിച്ചാൽ സ്വദേശി മോളയിൽ ഏലിയാസിന്റെ ഫോണാണു പൊട്ടിത്തെറിച്ചത്. ഏലിയാസ് നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. മരോട്ടിച്ചാലിലെ ഒരു ഹോട്ടലിൽ ഇരിക്കുമ്പോൾ ഇന്നലെ രാവിലെ 9.30 ന് ആയിരുന്നു അപകടം. ശബ്ദത്തോടെ പൊട്ടിത്തെറിച്ച ഫോൺ കത്തിയതോടെ ഏലിയാസിന്റെ ഷർട്ടിനും തീ പിടിച്ചു.
ഉടൻ ഫോൺ വലിച്ചെറിയുകയും തീ തല്ലിക്കെടുത്തുകയും ചെയ്തു. ഹോട്ടിലിലുള്ളവരാണു ഫോണിൽ വെള്ളമൊഴിച്ചു തീയണച്ചത്. ഫോൺ പൊട്ടിയ ഉടൻ തന്നെ ഏലിയാസിന്റെ ഷർട്ടിൽ തീ പടരുന്ന ദൃശ്യം ഹോട്ടലിലെ സിസി ടിവിയിൽ ഉണ്ട്. പോക്കറ്റ് പൂർണമായും കത്തി. ഒരു വർഷം മുൻപു തൃശൂരിൽ നിന്നാണ് 1000 രൂപയ്ക്കു ഫോൺ വാങ്ങിയത്.
ടച്ച് സ്ക്രീൻ ഇല്ലാത്ത സാധാരണ ഫോണായിരുന്നു ഇത്. കുറച്ചു ദിവസങ്ങളായി ചാർജ് കയറുന്നതു പതുക്കെയായിരുന്നെന്നും ബാറ്ററി പതിവിലും കൂടുതൽ ചൂടായിരുന്നെന്നും പറയുന്നു. ബാറ്ററി മാറ്റണമെന്നു കരുതിയിരിക്കെയാണു പൊട്ടിത്തെറിച്ചത്. ഏപ്രിൽ 24നു തിരുവില്വാമലയിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചിരുന്നു.