കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യത്തിലുറച്ച് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ. പ്രിയദർശിനി എസ്റ്റേറ്റ് ഓഫിസിനു മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവയെ പിടിക്കാൻ വനം വകുപ്പ് ആത്മാർഥമായി ശ്രമം നടത്തുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കടുവയെ പിടിക്കാൻ ഒരു കൂടു മാത്രമാണ് സ്ഥാപിച്ചത്. വനത്തിൽ കാര്യമായ തിരച്ചിൽ നടത്തുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
കടുവയെ വെടിവച്ച് കൊല്ലാൻ വനം വകുപ്പ് യാതൊരു പരിശ്രമവും നടത്തുന്നില്ലെന്ന് പ്രദേശവാസിയായ മുജീബ് കോടിയാടൻ പറഞ്ഞു. ഇന്നലെ രാത്രിയിൽ കടുവ ഒരു വളർത്തു നായയെ കൊന്നു. പടക്കം പൊട്ടിച്ചു കൊണ്ടാണ് വനം വകുപ്പ് തിരച്ചിൽ നടത്തുന്നത്. ശബ്ദം കേട്ട് കടുവ ഉൾക്കാട്ടിലേക്ക് പോയിക്കാണും.
ഇന്നലെ കടുവയെ വെടിവച്ച് കൊല്ലുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഉത്തരവ് വന്നപ്പോൾ അതിലെ നിബന്ധനകൾ പാലിച്ച് വെടിവയ്ക്കാൻ പറ്റില്ലെന്ന് മനസിലായി. ജനങ്ങളെ പറ്റിക്കുകയാണ് ചെയ്തത്. കടുവയെ കൊല്ലാതെ ഇവിടെനിന്ന് കൊണ്ടു പോകാൻ അനുവദിക്കില്ലെന്നും മുജീബ് പറഞ്ഞു.