ഓരോ വാഹനത്തിനും അംഗീകൃത ഏജൻസികൾ നിർണയിക്കുന്ന ഇന്ധനക്ഷമതയുണ്ടാകും. എന്നാൽ റോഡിലിറങ്ങുമ്പോൾ പലർക്കും ഈ കണക്ക് തെറ്റാറുണ്ട്. ഒട്ടും ‘മൈലേജ് ’ കിട്ടുന്നില്ല എന്നു പരാതി പറയുന്നവരേറെ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വാഹനത്തിനും ഇന്ധനക്ഷമത കൂട്ടാം. പണവും ലാഭിക്കാം.
അമിത വേഗം ഒഴിവാക്കുക
വാഹനത്തിന്റെയും യാത്രികരുടെയും സുരക്ഷ മാത്രമല്ല മിതവേഗം പാലിക്കുന്നതിലൂടെ ഉറപ്പാക്കപ്പെടുന്നത്. മറിച്ച് ഇന്ധനക്ഷമത കൂടിയാണ്. കൂടിയ വേഗത്തിൽ പാഞ്ഞുപോകുമ്പോൾ അമിതമായി ഇന്ധനം കത്തും. എന്നാൽ മ ണിക്കൂറിൽ 60-70 കിമീ വേഗത്തിൽ അനായാസേന യാത്ര ചെയ്യുമ്പോൾ ഇന്ധനം ലാഭിക്കാം. ദീർഘകാലം ഇതേ രീതിയിലാണു യാത്രയെങ്കിൽ ഇന്ധനത്തിലെ ലാഭവും എൻജിന്റെയും അനുബന്ധഭാഗങ്ങളുടെയും സർവീസ് ചെലവിലെ ലാഭവും സ്വന്തമാക്കാം.
പെട്ടെന്നു കുതിക്കൽ ഒഴിവാക്കാം
ക്രമാനുഗതമായി നേടുന്ന വേഗത്തെക്കാൾ ഇന്ധനം പെട്ടെന്ന് എരിച്ചുതീർക്കുന്നതു ‘സഡൻ ആക്സിലറേഷൻ’ ആണ്. ആക്സിലറേറ്ററിൽ അമിതമായി കാൽകൊടുക്കുമ്പോൾ ഇന്ധനം നല്ല തോതിൽ ചെലവാകും.
ചെറിയ വേഗത്തിൽ പോകുമ്പോൾ പോലും ഇത്തരം പൊടുന്നനെയുള്ള കുതിപ്പു നടത്തുന്ന വാഹനത്തിന് ഇന്ധനക്ഷമത കുറവായിരിക്കും. ധൃതി പിടിച്ചുള്ള യാത്രാരീതി ഒഴിവാക്കിയാൽ സഡൻ ആക്സിലറേഷൻ പ്രവണത കുറയും.
കൃത്യമായി ഗീയർമാറ്റി ഓടിക്കുക
പലരും വാഹനത്തിന്റെ ലോ ഗീയറുകളിൽ ഇരപ്പിച്ചാണ് ഡ്രൈവ് ചെയ്യാറുള്ളത്. ഫസ്റ്റ്, സെക്കൻഡ് ഗീയറുകളിൽ കരുത്ത് അധികം ആവശ്യമുള്ളതിനാൽ ഇന്ധനം ഏറെ ആവശ്യമായി വരും. കൃത്യമായ വേഗമെടുക്കുമ്പോൾ അ തിന് അനുയോജ്യമായ ടോപ് ഗീയറുകളിലേക്കു മാറ്റുക. ഇന്ധനം ലാഭിക്കാം.
അമിത ഭാരം കയറ്റാതിരിക്കുക.
ഓരോ വാഹനത്തിനും നിശ്ചിത ഭാരമേ കയറ്റാവൂ എന്നു നിർണയിക്കപ്പെട്ടിട്ടുണ്ട്. ആ പരിധിക്കു മുകളിൽ ഭാരം കയറ്റുമ്പോൾ തേയ്മാനവും തകരാറുകളും ഉണ്ടാകുന്നതിനൊപ്പം കൂടുതൽ ഇന്ധനവും ചെലവാകും.
കൃത്യമായി സർവീസ് ചെയ്യിപ്പിക്കുക
വാഹനം നിശ്ചിത ഇടവേളകളിൽ സർവീസ് നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക. എൻജിൻ നല്ല രീതിയിൽ പ്രവർത്തിക്കുന്നതു വഴി ഇന്ധനക്ഷമതയും കൂടും.
പ്രവീൺ എളായി