Monday 27 November 2023 04:31 PM IST

‘സ്കൂളിൽ പോണില്ല, ഒരു ലീവ് തര്വോ...’: ആ കൊഞ്ചിക്കരച്ചിൽ വൈറലായി: ആദ്യ പ്രതിഫലം 1–ാം ക്ലാസില്‍ പഠിക്കുമ്പോൾ: ടിയക്കുട്ടി പ്രിയങ്കരി...

Roopa Thayabji

Sub Editor

tiya-viral-kids ടിയക്കുട്ടിയും അനിയൻ അദ്വിക്കും

ലോ ഗയ്സ്... നിങ്ങൾ വായിക്കുന്നത് വനിതയുടെ ശിശുദിന പതിപ്പിലെ പ്രത്യേക ഫീച്ചറാണ്. ശിശുദിനമെന്നു പറയുമ്പോൾ കുട്ടികളുടെ ദിവസമാണല്ലോ. സോ... കുട്ടിദിന സ്പെഷൽ ഫീച്ചറിലും കുറച്ചു കുട്ടികളെയാണു പരിചയപ്പെടുത്തുന്നത്.

സ്പെഷൽ പതിപ്പിൽ സ്പെഷലായി എത്തുന്ന ഈ കുട്ടികളുടെ പ്രത്യേകത എന്താണെന്നാകും ഗയ്സ് നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. ഇവരെല്ലാം യുട്യൂബിലെ സ്റ്റാർസാണ്. യുട്യൂബിന്റെ പുഷ്കലകാലത്തു വിഡിയോകൾ പോസ്റ്റ് ചെയ്തു തുടങ്ങി, ഇപ്പോൾ സോഷ്യൽ മീഡിയയിൽ മെഗാഹിറ്റായി മുന്നേറുന്ന മൂന്നു കുട്ടികളാണു ഗയ്സ് ഇവ ർ. കേരളത്തിലെ പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ യുട്യൂബ് ചാനലുകളിൽ ഒരു വർഷം കൊണ്ട് ഒരുമില്യൺ കടന്നു റെക്കോർഡ് നേടിയ ടിയക്കുട്ടിയാണ് ആദ്യത്തെ താരം.

ക്കോടതി അഭിഭാഷകനും ബിസിനസ്സുകാരനുമായ പാലക്കാട്ടെ അഡ്വ. രജീഷ് ചാത്തംകുളം ഭാര്യ നിമിഷയ്ക്കു വിവാഹവാർഷിക സമ്മാനമായി വാങ്ങി കൊടുത്ത ഐപാഡിൽ നിന്നാണു കഥ തുടങ്ങുന്നത്. പൂക്കളും പൂമ്പാറ്റകളുമൊക്കെയായിരുന്നു പേജിൽ ആദ്യം ‘പട’മായത്. ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുണ്ടായിരുന്ന ആ പേജിലൂടെയാണു ടിയക്കുട്ടി എന്ന യുട്യൂബ് സ്റ്റാർ ഉദിച്ചുയർന്നത്.

ഒരു ലീവ് തര്വോ...

അഭിനയിക്കാൻ മിടുക്കിയായിരുന്നു ടിയക്കുട്ടി. കുഞ്ഞു വിഡിയോകൾ ടിക്ടോക്കിൽ ഹിറ്റായ കാലത്താണു സോഷ്യൽ മീഡിയയോടു ഹരം കയറിയതെന്നു ടിയക്കുട്ടി പറയുന്നു. ‘‘ടിക് ടോക്കിലെ മിക്ക വിഡിയോസിനും നല്ല വ്യൂസ് കിട്ടി. നാലു ലക്ഷത്തോളം ഫോളോവേഴ്സുമായി വിജയകരമായി പോകുന്നതിനിടെയാണ് ആ ദുഃഖവാർത്ത, ടിക്ടോക് നിരോധിക്കുന്നു. പക്ഷേ, തളർന്നില്ല. അപ്പോൾ തന്നെ യുട്യൂബ് ചാനൽ തുടങ്ങി.

യുകെജിയിൽ പഠിക്കുന്ന സമയം. ഒരു ദിവസം അമ്മ ടിഫിൻ പാക്ക് ചെയ്യുന്നതിനിടെ ഞാൻ ഒറ്റ കരച്ചിൽ, ‘ഇന്നു സ്കൂളിൽ പോകുന്നില്ല, ഒരു ലീവ് തര്വോ...’ ആ കരച്ചിലും വർത്തമാനവും വിഡിയോയായി അമ്മ പോസ്റ്റ് ചെയ്തു. അതു വൈറലായതോടെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷമായി. ഒന്നാം ക്ലാസ്സിൽ എത്തിയ പിറകേ ആദ്യപ്രതിഫലം അക്കൗണ്ടിലെത്തി, 17000 രൂപ. കോവിഡ് കാലമാണ്, സ്കൂളിലൊന്നും പോണ്ട. അന്നൊക്കെ ദിവസവും വിഡിയോ ചെയ്യുമായിരുന്നു. സ്കൂൾ തുറന്നതോടെ വിഡിയോ ഷൂട്ടിങ് രാവിലെ സ്കൂളിലേക്കു പോകാൻ തയാറായ ശേഷമാക്കി. അതുകൊണ്ടാണു മിക്ക വിഡിയോയിലും ഞാൻ യൂണിഫോമിട്ടു വരുന്നത്.

അൺബോക്സിങ് വിഡിയോകളാണു ചെയ്യാൻ കൂടുതലിഷ്ടം. ഏതു രാജ്യത്തു നിന്നുള്ള സാധനവും വീട്ടിലെത്തിച്ചു തരാൻ ഡാഡിയും അമ്മയും ഫുൾ സപ്പോർട്ടാണ്. മാജിക്ക് വിഡിയോകളാണ് അടുത്തത്. മൈക്രോസ്കോപ്പിലൂടെ ഉറുമ്പ്, തൈര് എന്നിവയൊക്കെ നോക്കി വിഡിയോ എടുക്കുന്നതു രസിച്ചാണു ചെയ്യുന്നത്.

മൊബൈൽ ഫോണിലാണു വിഡിയോ ഷൂട്ട് ചെയ്യുന്നത്. എഡിറ്റിങ്ങൊക്കെ അമ്മ ചെയ്യും. അമ്മ, അച്ഛൻ, കുട്ടി, മുത്തശ്ശി എന്നിങ്ങനെ പല വേഷത്തിൽ വരുന്ന വിഡിയോകളിൽ ഓരോ ലുക്കിലും വെവ്വേറേ ഷൂട്ട് ചെയ്യണം. ഒരിക്കലൊരു അബദ്ധം പറ്റി. കയ്യിൽ കുട ഇല്ലാത്തതുകൊണ്ടു സഹായം അഭ്യർഥിക്കുന്ന വിഡിയോ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്തു. അതിനു താഴെ വന്ന കമന്റു കണ്ടു ‍െഞട്ടി, എന്റെ ബാഗിലിരിക്കുന്ന കുട വ്യക്തമായി കാണാം.

മുട്ടിക്കുളങ്ങര സെന്റ് ആൻസ് സീനിയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ പത്താമത്തെ ബർത്ഡേയുടെ തീം ബബിൾ ആയിരുന്നു. ആ വിഡിയോയാണ് എനിക്ക് ഏറ്റവും കൂടുതൽ വ്യൂസ് തന്നത്, 243 മില്യൺ. 100 മില്യൺ ഉള്ള വിഡിയോ പിന്നാലെ ഉണ്ട്.

tiyakutty-2

അവാർഡൊക്കെ എന്ത്...

കേരളത്തിലെ പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ ചാനലുകളിൽ ഒരു വർഷം കൊണ്ട് ഒരു മില്യൺ കടന്നു എന്ന ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, കലാംസ് വേൾഡ് റെക്കോർഡ് എന്നിവ കിട്ടിയിട്ടുണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അനിയൻ അദ്വിക്കും വിഡിയോകളിൽ കൂടും. കിഡ്സ് ചാനലായതിനാൽ മുതിർന്നവരുടെ സാന്നിധ്യത്തിലേ വിഡിയോ എടുക്കാവൂ എന്നു നിബന്ധന ഉണ്ട്. അതു കൊണ്ടാണ് അമ്മയുടെ ശബ്ദത്തിൽ വിവരണം ഉൾപ്പെടുത്തുന്നത്. ഹിമാലയത്തിൽ പോയാണ് വൺ മില്യൺ സബ്സ്ക്രൈബേഴ്സ് ആയത് ആഘോഷിച്ചത്. രണ്ടു മില്യൺ ആഘോഷിച്ചതു ദുബായിൽ വച്ച്. മൂന്നു മില്യൺ ആഘോഷം പ്ലാൻ ചെയ്തിട്ടുണ്ട്, അതു സർപ്രൈസാ...’ ടിയക്കുട്ടിയും അദ്വിക്കും കള്ളച്ചിരി ചിരിച്ചു നിർത്തി.