Tuesday 14 March 2023 11:36 AM IST : By സ്വന്തം ലേഖകൻ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ താഴെ വീണു: 20 മിനിറ്റിനകം കണ്ടെത്തി വിദേശ വിദ്യാർഥിയെ അമ്പരപ്പിച്ച് പൊലീസ്

pathanamthitta-police.jpg.image.845.440

വിദേശ വിദ്യാർഥിയെ അദ്ഭുതപ്പെടുത്തി കേരള പൊലീസിന്റെ ദ്രുതസേവനവും ആത്മാർഥതയും. ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മൊബൈൽ ഫോൺ 20 മിനിറ്റിനകം കണ്ടെത്തിയാണ് ഹൈദരാബാദ് സർവകലാശാലയിൽ പഠിക്കുന്ന യുകെ സ്വദേശി സ്റ്റെർലിൻ ട്രോവയെ (23) പൊലീസ് അമ്പരപ്പിച്ചത്. വർക്കലയിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയിൽ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ സ്റ്റെർലിന്റെ വിലകൂടിയ മൊബൈൽ ഫോൺ പുറത്തേക്കു വീണുപോയി. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.

തിരുവല്ലയിലിറങ്ങി പൊലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞു. അപ്പോൾ തന്നെ ഫോൺ നമ്പർ വാങ്ങി ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനത്തിലൂടെ ഫോൺ കിടക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തി. ഉടൻ പൊലീസ് സംഘം റെയിൽവേ പാളത്തിൽ അന്വേഷണം തുടങ്ങി. സ്റ്റെർലിന് സ്റ്റേഷനിൽ വിശ്രമിക്കാൻ സൗകര്യവും നൽകി. അപ്പോഴേക്കും പാളത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഫോൺ ലഭിച്ചിരുന്നു. ഫോണിൽ പൊലീസ് അലർട്ട് സന്ദേശവും അയച്ചിരുന്നു.

പൊലീസ് തൊഴിലാളികളെയും കൂട്ടിയാണ് സ്റ്റേഷനിലെത്തിയത്. തൊഴിലാളികൾ തന്നെ ഫോൺ നേരിട്ട് ഉടമയ്ക്ക് നൽകാനുള്ള അവസരവും നൽകി. തന്റെ നാട്ടിലെ പൊലീസ് പോലും ഇത്രയും നന്നായി പണിയെടുക്കുമോ എന്ന സംശയം തുറന്നുപറഞ്ഞാണ് സ്റ്റെർലിങ് യാത്ര തുടർന്നത്. സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണ, സീനിയർ സിപിഒ എസ്.എൽ. ബിനുകുമാർ, അവിനാശ് വിനായക്, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഫോൺ കണ്ടെത്തി നൽകിയത്.

Tags:
  • Spotlight