മനുഷ്യൻ ചന്ദ്രനിലിറങ്ങിയതു 1969 ജൂലൈ 20–ാം തീയതിയാണ്. പിന്നെയും ഇരുപത്തിയാറു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15–നാണ് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ രൂപീകരിക്കുന്നത്. ആദ്യത്തെ ഉ പഗ്രഹം സോവിയറ്റ് യൂണിയനിൽ നിന്നു വിക്ഷേപിക്കുന്നതു പിന്നെയും ആറു വർഷം കഴിഞ്ഞാണ്. ഇപ്പോഴിതാ അൻപത്തിനാലു വർഷങ്ങൾക്കിപ്പുറം ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ഇന്ത്യൻ ബഹിരാകാശഗവേഷണംമ ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.
ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനുശേഷം ബെംഗളൂരു ഇസ്റോ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അപൂർവമായൊരു ഗ്രൂപ് ഫോട്ടോയിൽ പങ്കാളിയായി. ചന്ദ്രയാൻ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച നൂറുകണക്കിനു വനിതാ ശാസ്ത്രജ്ഞരോടൊപ്പമാണു പ്രധാനമന്ത്രി ഫോട്ടോെയടുത്തത്. ഇത് ‘നാരീശക്തി’ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി 2047–വരെയുള്ള ഇസ്റോയുടെ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിന് ശാസ്ത്രജ്ഞരെ ക്ഷണിച്ചു. ഭാവിയിൽ പെൺകുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള വലിയ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രയാന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച നൂറുകണക്കിനു വനിത ശാസ്ത്രജ്ഞരിൽ നിന്ന് ഏതാനും മലയാളികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. മൂന്നു പതിറ്റാണ്ടിലേറെയായി ഇവർ ഇസ്റോയുടെ ഭാഗമാണ്. രാഷ്ട്രപുനർനിർമാണത്തിൽ പങ്കാളികളാണ്. യുവതലമുറയെ പ്രത്യേകിച്ചും പെൺകുട്ടികളെ ഏറെ പ്രചോദിപ്പിക്കുന്നതാണ് ഇവരുടെ ജീവിതവും വാക്കുകളും.
ഉഷ കെ.–ഗ്രൂപ്പ് ഡയറക്ടർ, ഇസ്റോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്
വീട്ടിൽ മലയാളം സംസാരിക്കണമെന്നത് അച്ഛന് നിർബന്ധമായിരുന്നു. ഇപ്പോൾ എനിക്ക് അതിൽ അഭിമാനമുണ്ട്.’’ ഇസ്റോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഗ്രൂപ്പ് ഡയറക്ടറായ ഉഷ കെ. പറഞ്ഞുതുടങ്ങിയത് ഇങ്ങനെയായിരുന്നു.

പാലക്കാട് ശ്രീകൃഷ്ണപുരം കിഴക്കേപ്പാട്ട് വീട്ടിൽ പത്മനാഭൻ യശോധ ദമ്പതികളുടെ മകളാണു ഉഷ. തമിഴ്നാട് സർക്കാർ സർവീസിലായിരുന്നു പത്മനാഭൻ. ഡെപ്യൂട്ടി ലേബർ കമ്മീഷനറായാണ് വിരമിച്ചത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു ഉഷയുടെ വിദ്യാഭ്യാസം. സേലം, മേട്ടൂർ, കോയമ്പത്തൂർ അങ്ങനെ പലയിടങ്ങളിലായി പഠിച്ചു. കോയമ്പത്തൂർ പിഎസ്ജി കോളജിൽ നിന്ന് ഇലക്ട്രിക്കൽസ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഉപരിപഠനം. 1990-മുതൽ ഐഎസ്ആർഒയുടെ ഭാഗമായി. ഇപ്പോൾ നീണ്ട 33 വർഷങ്ങൾ.
തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലുള്ള ഇന്നേർഷ്യ ൽ സിസ്റ്റംസ് ലാബിലാണ് ചന്ദ്രയാന്റെ സെൻസറുകൾ രൂപപ്പെടുത്തിയത്. ഭൂമിയുടെ ഒരു കോണിലിരുന്നുകൊണ്ട് ചന്ദ്രനിലേക്കുള്ള വാഹനത്തെ നിയന്ത്രിക്കുക, വാഹനത്തിന്റെ ദിശ മാറ്റുക, ഭ്രമണപഥം ഉയർത്തുക, ചന്ദ്രോപരിതലത്തിൽ ലാൻഡറിെന ചലിപ്പിക്കുക, ഗവേഷണങ്ങൾക്ക് പ്രാപ്തമാക്കുക തുടങ്ങിയ ജോലികൾ നിയന്ത്രിക്കുന്ന വിദൂര സെൻസറിങ് സിസ്റ്റമാണ് ഉഷയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തത്.
‘‘ഞങ്ങളിതൊരു ടീം വർക്ക് എന്നേ പറയൂ. ഓരോരുത്തരുടെയും അധ്വാനവും ആത്മാർഥതയും ഇതിലുണ്ട്.’’ ഉഷ പറയുന്നു. ഗഗൻയാൻ പദ്ധതിയുടെ വിദൂര നിയന്ത്രണസംവിധാനം തയാറാക്കുന്ന തിരക്കിലാണു ഉഷ. ഇസ്റോയി ൽ നിന്നു സീനിയർ സയൻന്റിസ്റ്റായി വിരമിച്ച എം. രാധാകൃഷ്ണനാണു ഭർത്താവ്. രണ്ടു പെൺമക്കളാണ് ഇവർക്ക്. രണ്ടുപേരും ഡോക്ടർമാരാണ്.
‘‘വീട്ടുകാര്യങ്ങളേക്കാൾ പ്രാധാന്യം പലപ്പോഴും ഓഫിസ് കാര്യങ്ങൾക്കു നൽകേണ്ടിവരാറുണ്ട്. എങ്കിലും ഒരു ദൗത്യം വിജയിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദം, അതു പറഞ്ഞറിയിക്കാൻ പറ്റില്ല.’’ ഉഷ ചിരിക്കുന്നു.
വി.ആർ. ജ്യോതിഷ്
ഫോട്ടോ: അരുൺ സോൾ
സാങ്കേതികസഹായം : ഹരികൃഷ്ണൻ ആർ.
(ഗ്രൂപ് ഡയറക്ടർ ടെക്നോളജി ട്രാൻസ്ഫർ
ആൻഡ് ഡോക്യുമെന്റേഷൻ ഗ്രൂപ്, വിഎസ്‌എസ്‌സി)