മകനെ കാണാനില്ലെന്ന് പരാതിപ്പെടാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ അമ്മയോട് മോശമായി പെരുമാറുകയും ഒപ്പം പോയ മൂത്ത മകനെ മർദിക്കുകയും ചെയ്തതായി പരാതി. വടകര നടക്കുതാഴ വളയലത്ത് താഴകുനിയിൽ വനജ (60), മകൻ സുബീഷ് (32) എന്നിവരോട് പ്രബേഷൻ എസ്ഐ മോശമായി പെരുമാറിയതായാണ് ആരോപണം.
സുബീഷിനെ കഴുത്തിന് കുത്തിപ്പിടിച്ച് മുറിയിൽ വലിച്ചു കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതിയുണ്ട്. അതേസമയം, കഴിഞ്ഞ 22ന് കാണാതായ മകൻ സുജീഷിനെക്കുറിച്ച് (28) വിവരമൊന്നും ലഭിച്ചില്ല. 30 നാണ് മകനെ കാണാനില്ല എന്ന പരാതിയുമായി വനജ പൊലീസ് സ്റ്റേഷനിൽ പോയത്. അസുഖമായി വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുബീഷിനെയും കൂടെ കൂട്ടിയിരുന്നു.
പരാതി അന്വേഷിക്കുന്നതിന് പകരം, എവിടെയാണ് കുഴിച്ചു മൂടിയതെന്ന് ആക്രോശിച്ച് പ്രബേഷൻ എസ്ഐ സുബീഷിനെ കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി മർദിച്ചതായി വനജ പറഞ്ഞു. കരഞ്ഞു പറഞ്ഞിട്ടും മർദനം നിർത്തിയില്ല. വൈകുന്നേരം വരെ സ്റ്റേഷനിൽ നിർത്തുകയും ചെയ്തു.
വർഷങ്ങൾക്ക് മുൻപ് തെങ്ങിൽ നിന്നു വീണു പരുക്ക് പറ്റിയ സുബീഷ് ഇപ്പോഴും അതിന്റെ പ്രയാസം അനുഭവിക്കുന്ന ആളാണ്. സ്റ്റേഷനിൽ മോശമായി പെരുമാറിയ പ്രബേഷൻ എസ്ഐക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫിസിൽ പോയപ്പോൾ ജില്ല പൊലീസ് മേധാവി സ്ഥലത്ത് ഇല്ലെന്ന് കാട്ടി പരാതി സ്വീകരിച്ചില്ലെന്നും വനജ പറഞ്ഞു.
22 ന് രാവിലെ 7 ന് പയ്യോളിയിലേക്ക് എന്നും പറഞ്ഞ് പോയ സുജീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ലിഫ്റ്റിന്റെ ജോലിക്ക് പോകാറുണ്ട്. നാട്ടിൽ കോൺക്രീറ്റ് ജോലി ചെയ്യുകയായിരുന്നു. യുവാവിനെ കാണാതായ സംഭവത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്.