മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാംനിലയിൽ കാർഡിയോളജി വിഭാഗത്തിൽ എക്കോ റൂമിന് എതിരെയുള്ള 32ാം നമ്പർ മുറിയിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ (23). 24 മണിക്കൂറും രണ്ടു പൊലീസുകാരുടെ സുരക്ഷയിലാണ് അഫാൻ. മുറിക്കു പുറത്ത്, വാതിൽപ്പഴുതിലൂടെ അഫാനെ കാണാൻ ശ്രമിക്കുന്നുണ്ട് പലരും. പൊലീസ് കാഴ്ച മറയ്ക്കുന്നു. ക്രൂരമായ കൊലപാതകങ്ങൾക്കു ശേഷം വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിയ അഫാൻ എലിവിഷം കഴിച്ചെന്നു പറഞ്ഞതിനെ തുടർന്നു തിങ്കൾ രാത്രി ഏഴോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ഒരു കയ്യിൽ വിലങ്ങിട്ടും കാലുകളിൽ തുണി കൊണ്ടു കെട്ടിയുമായിരുന്നു ആദ്യ ദിനങ്ങളിലെ ചികിത്സ. കഴിഞ്ഞ ദിവസം കാലുകളിലെ കെട്ട് അഴിച്ചു. ഒരു കൈ കട്ടിലിൽ വിലങ്ങ് ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്കായി മാത്രം ഇത് അഴിച്ചുമാറ്റും. ചിലപ്പോൾ കുറ്റബോധമില്ലാത്ത പോലെ പെരുമാറും. ചിലപ്പോൾ നിശ്ശബ്ദനാകും. കൊല നടത്തിയതിനെക്കുറിച്ച് പൊലീസുകാരോട് പറയും. ഭക്ഷണം കഴിക്കാൻ താൽപര്യം കാണിക്കുന്നില്ല. കൊല നടത്തിയ കാര്യങ്ങൾ ഭാവഭേദമില്ലാതെ വിവരിച്ചെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ അഫാനെ സ്കാനിങ്ങിനു വിധേയനാക്കി, രക്തപരിശോധനയും നടത്തി. അഫാന് നിലവിൽ മാനസിക പ്രശ്നങ്ങളില്ലെന്നും ആരോഗ്യവാനാണെന്നും കഴിഞ്ഞദിവസം ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. ഇതുവരെ നടത്തിയ രക്തപരിശോധനാഫലങ്ങളിലും പ്രശ്‌നങ്ങളില്ല. 2 ദിവസം കൂടി ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും.
എലിവിഷം കഴിച്ചെങ്കിലും കരളിന്റെ പ്രവർത്തനവും സാധാരണനിലയിലാണ്. അടുത്ത ദിവസം നടത്തുന്ന രക്തപരിശോധനയിലും കരളിന്റെ പ്രവർത്തനത്തിലും കുഴപ്പങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാനാണു തീരുമാനം. ഇതിനു പിന്നാലെ മാനസികാരോഗ്യ വിദഗ്‌ധനും അഫാനെ പരിശോധിക്കും. അന്വേഷണത്തിന്റെ തുടക്കത്തിൽ ചികിത്സയോടു സഹകരിച്ചിരുന്നില്ല. ഇപ്പോൾ ചികിത്സയോടു സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് അഫാന്റെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയാണ് അഫാനെ റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നുള്ള മജിസ്ട്രേട്ടിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അഫാന്റെ മറുപടി.പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷും മജിസ്ട്രേട്ടിനൊപ്പമുണ്ടായിന്നു.
നിലവിൽ 32ാം മുറിയിൽ നിരീക്ഷണത്തിൽ കഴിയുന്ന അഫാനെ, മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കിൽ ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റും. 5 ദിവസത്തെ നിരീക്ഷണ കാലാവധിയാണ് നിർദേശിച്ചിരിക്കുന്നത്.ഇന്നലെ മൂന്നു ദിവസം പൂർത്തിയായി. രണ്ടു ദിവസം കഴിഞ്ഞാൽ സെല്ലിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ അഫാനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഇതിനായി വരും ദിവസങ്ങളിൽ കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.