ദുരൂഹതകൾ ബാക്കിയുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയാൻ ഉത്തരം കിട്ടേണ്ടത് ഈ ചോദ്യങ്ങൾക്ക്.
1. അഫാൻ എന്തിനാണു കൊലപാതകങ്ങൾ നടത്തിയത്?
2. കൂട്ടക്കൊലയ്ക്കു മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോ?
3. പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ള ബന്ധുക്കളെ എന്തുകൊണ്ടു ലക്ഷ്യംവച്ചു?
4. കൊലപാതകത്തിനുള്ള ആസൂത്രണം എപ്പോൾ, എങ്ങനെ നടത്തി?
5. കൊല്ലപ്പെട്ട അഞ്ചിൽ നാലുപേരും ബന്ധുക്കൾ. ബന്ധുവല്ലാത്ത പെൺകുട്ടി എങ്ങനെ ഇരയായി?
6. കുഞ്ഞനുജനെയും അമ്മയെയും ഉറ്റ ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ച അഫാൻ ലഹരി ഉൾപ്പെടെ എന്തിനെങ്കിലും അടിമയോ?
7. സാമ്പത്തികബാധ്യതയാണു കാരണമെന്ന കുറ്റസമ്മതമൊഴി വിശ്വസിക്കാമെങ്കിൽ എന്താണ് ബാധ്യതയുടെ വലുപ്പം? എങ്ങനെയുണ്ടായി?
8. അഫാന്റെ പിതാവ് അബ്ദുൽ റഹിമിനു മകന്റെ നീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ?
9. പിതാവിന്റെ സാമ്പത്തിക ബാധ്യതയെങ്കിൽ ഉത്തരവാദിത്തം എങ്ങനെ മകന്റെ തലയിലായി?
10. കുടുംബത്തിൽ പിതാവ് ജീവിച്ചിരിക്കെ, അഫാൻ പൊലീസിൽ കീഴടങ്ങുകയും അവിടെ വച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തത് എന്തുകൊണ്ട്?
എല്ലാ ചോദ്യത്തിന്റെയും ഉത്തരങ്ങൾ ഒരുപക്ഷേ ലഭിക്കുക 3 പേരിൽ നിന്നാണ്
1. അഫാൻ – സാമ്പത്തിക ബാധ്യതയെന്നതിനപ്പുറം വെളിപ്പെടുത്തലുകളില്ല. ആശുപത്രി വിട്ടശേഷം കൂടുതൽ ശാസ്ത്രീയമായി, വിശദമായിത്തന്നെ ചോദ്യം ചെയ്യേണ്ടിവരും.
2. അബ്ദുൽ റഹിം – ഗൾഫിലുള്ള റഹിം നാട്ടിലെത്തിയ ശേഷമേ ചോദ്യംചെയ്യൽ സാധ്യമാകൂ.
3. ഷമി – തലയ്ക്കു പരുക്കേറ്റു തീവ്രപരിചരണ വിഭാഗത്തിലാണ്. മരണത്തോടു മല്ലിടുന്ന ഷെമിക്ക് എപ്പോൾ സംസാരിക്കാനാകുമെന്നുറപ്പില്ല.
ആസൂത്രിതമായി നടത്തിയ കൊലപാതകങ്ങളെന്ന് എഫ്ഐആർ
കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതക പരമ്പര എപ്പോൾ സംഭവിച്ചു എന്നടക്കമുള്ള വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. വൈകിട്ടു മൂന്നിനും അഞ്ചേമുക്കാലിനുമിടയിൽ സംഭവിച്ച കൊലപാതകങ്ങളെന്നാണ് പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. പ്രതി അഫാൻ ആസൂത്രിതമായി നടത്തിയ കൊലപാതകങ്ങളാണെന്ന് എഫ്ഐആറിൽ പറയുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടിയാണു പ്രതി എല്ലാവരെയും ആക്രമിച്ചത്. ആറുമണിയോടെ അഫാൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെങ്കിലും മറ്റു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ എഫ്ഐആറിൽ പൊലീസിൽ വിവരം ലഭിച്ചതു രാത്രി 9.30ന് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.