Saturday 25 January 2025 12:05 PM IST : By സ്വന്തം ലേഖകൻ

‘10 വർഷത്തിനിടെ 8 മരണം, വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഒടുവിലത്തെ ആളായി രാധ’; വനാതിർത്തി പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹം

tiger5678

പകൽ പോലും ഭയത്തിന്റെ കരിമ്പടം പുതച്ച് പുറത്തിറങ്ങേണ്ടി വരുന്ന അവസ്ഥയിൽ വനാതിർത്തി ഗ്രാമത്തിലെ ജനങ്ങൾ. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സ്ഥലങ്ങൾ വന്യമൃഗ ആക്രമണ ഭീഷണിയിലായിക്കൊണ്ടിരിക്കുകയാണ്. പഞ്ചാരക്കൊല്ലിയിൽ ഇതിനു മുൻപ് കടുവയെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വയനാട്ടിൽ പലയിടത്തും കടുവയിറങ്ങുന്നത് പതിവായിരിക്കുകയാണ്. പുതുവർഷം പിറന്ന് ഒരു മാസം തികയുന്നതിന് മുമ്പ് വയനാട്ടിൽ രണ്ടുപേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഒടുവിലത്തെ ആളായി മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശി രാധ.

കഴിഞ്ഞവർഷം ഇതേ സമയത്താണ് മാനന്തവാടി നഗരത്തിൽ കാട്ടാന ഇറങ്ങി ആളുകളെ ഒരു പകൽ മുഴുവൻ മുൾമുനയിൽ നിർത്തിയത്. ഏതാനും ആഴ്ചകൾക്കു ശേഷം പടനിലത്തും പാക്കത്തും കാട്ടാന ഇറങ്ങി രണ്ടുപേരെ കൊന്നു. കേരളം മുൻപ് കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് മാനന്തവാടിയിലും പുൽപള്ളിയിലും അരങ്ങേറിയത്. എന്നാൽ സന്ദർഭോജിതമായി സർക്കാർ ഇടപെട്ടതിനാൽ ഇത്തവണ അത്തരം സംഘർഷത്തിലേക്ക് പോയില്ല. ഓരോ വർഷം കഴിയുന്തോറും വനാതിർത്തി പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്.

പത്തു വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ 8 പേർ കൊല്ലപ്പെട്ടു. 2015ൽ ഫെബ്രുവരിയിൽ ബത്തേരി നൂൽപ്പഴ സ്വദേശി ഭാസ്കരനെയാണ് (66) കടുവ ആദ്യം കൊന്നത്. അതേ വർഷം ജൂലൈയിൽ കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ് (23), നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വനം വകുപ്പ് വാച്ചർ കക്കേരി കോളനിയിലെ ബസവ (44), 2019 ഡിസംബർ 24ന് ബത്തേരി, പച്ചാടി, കാട്ടുനായ്ക്ക കോളനിയിലെ ജഡയൻ (മാസ്തി–60), 2020 ജൂൺ 16ന് ബസവൻ കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ, 2023  ജനുവരിയിൽ പുതുശ്ശേരി വെള്ളാനംകുന്ന് പള്ളിപ്പുറത്ത് തോമസ്(60) ഡിസംബറിൽ ബത്തേരി പൂതാടി സ്വദേശി പ്രജീഷ് (36), 2025 ജനുവരിയിൽ മാനന്തവാടിയിൽ രാധ (47) എന്നിവരാണ് കൊല്ലപ്പെട്ടത്.

Tags:
  • Spotlight