ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതിനു മുൻപും ശേഷവും എന്ന് ഒരുപക്ഷേ, മലയാള സിനിമയെ കാലം അടയാളപ്പെടുത്തിയേക്കാം. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചു ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, റിട്ടയേഡ് െഎഎഎസ് ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരടങ്ങുന്ന കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്, താരത്തിളക്കമുളള ആകാശത്തിലെ അനീതികളുടെ രേഖയായി പലരും വിലയിരുത്തുന്നു. വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) നീണ്ടകാലത്തെ പോരാട്ടവും ഒപ്പം ചരിത്രത്തിൽ ഇടംപിടിക്കുന്നുണ്ട്. ഡബ്ല്യുസിസി സ്ഥാപക അംഗങ്ങളിലൊരാളും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ചിത്രസംയോജകയുമായ ബീനാ പോൾ വനിതയോടു മനസ്സു തുറക്കുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മല യാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ദേശീയതലത്തിൽ വ രെ ചർച്ച ചെയ്യപ്പെടുകയാണല്ലോ?
സിനിമാമേഖലയിലെ ലൈംഗിക അതിക്രമം മാത്രമല്ല, ഹേ മ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകൾ നേരിടുന്ന അസമത്വം, ലിംഗപരമായ വിവേചനം ഇങ്ങനെയുള്ള കാര്യങ്ങളും അതില്‍ വെളിപ്പെടുത്തുന്നുണ്ട്. ഡബ്ല്യുസിസി, ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി പഠിക്കുകയാണ്. റിപ്പോർട്ടിൽ എന്തെല്ലാം വന്നിട്ടുണ്ടെന്നതും ഡബ്ല്യുസിസിയോടു സിനിമാമേഖലയിലുള്ള സ്ത്രീകൾ പങ്കിട്ട അനുഭവങ്ങൾ എന്തെല്ലാം എന്നതും വിലയിരുത്തി ഒരു റിപ്പോർട്ട് മുന്നോട്ടു വയ്ക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.
സിനിമാ മേഖലയിൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്നു നേരത്തെ അറിയാമായിരുന്നില്ലേ?
എൺപതുകളുടെ തുടക്കത്തിൽ ഞാൻ സിനിമാലോകത്തെത്തുമ്പോഴാണു സാങ്കേതികമേഖലയിൽ സ്ത്രീകൾ വളരെ കുറവാണെന്നറിയുന്നത്. പെണ്ണുങ്ങൾ കുറവുള്ള മേഖല എന്നത് അത്ര ആരോഗ്യകരമായ അന്തരീക്ഷമല്ലെന്നു തോന്നിയിട്ടുണ്ട്. 2017ൽ അതിക്രമം നേരിടേണ്ടി വന്ന നടിക്ക് ഒപ്പം നിൽക്കേണ്ടതുണ്ടെന്ന ചിന്തയില്‍ സിനിമാമേഖലയിലുളള ഞങ്ങൾ കുറച്ചു സ്ത്രീകൾ ചേർന്ന് വാട്സാപ് ഗ്രൂപ് തുടങ്ങി. ആ ഗ്രൂപ്പ് ചർച്ചകൾക്കിടയിൽ പലരും സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു. നടുക്കുന്നതായിരുന്നു പലതും. ഇത്രയും അനീതി തൊഴിലിടത്തിൽ ഉണ്ടാകുന്നെന്നു തിരിച്ചറിഞ്ഞിട്ട് എങ്ങനെ മിണ്ടാതിരിക്കും.? അങ്ങനെ സിനിമാമേഖലയിൽ സ്ത്രീകൾക്കു നീതിയും സുരക്ഷയും സമത്വവും ഉറപ്പാക്കാനായി ഡബ്ല്യുസിസി രൂപീകരിച്ചു.
അതിനുശേഷം കൂടുതൽ സ്ത്രീകൾ അനുഭവങ്ങൾ പ ങ്കുവയ്ക്കാന്‍ മുന്നോട്ടു വന്നു. ഓർത്താൽ തന്നെ സഹിക്കാൻ കഴിയില്ല. അത്ര ട്രോമയാണ് അവർ നേരിടുന്നത്. ദേഷ്യം, ഫ്രസ്ട്രേഷൻ, ഒന്നും ചെയ്യാനാകുന്നില്ലെന്ന നിസ്സഹായത ഇതിലൂടെയെല്ലാമാണ് ആ സങ്കടങ്ങൾ കേട്ടിരുന്ന ഞങ്ങൾ ഓേരാരുത്തരും കടന്നു പോയത്. മലയാളസിനിമാ മേഖലയിലെ സിസ്റ്റം മാറണം എന്ന പോരാട്ടം ആരംഭിച്ചതങ്ങനെയാണ്. അതിജീവിതയുടെ പോരാട്ടമാണ് എല്ലാത്തിന്റെയും തുടക്കം. ആ ധൈര്യമാണ് എല്ലാവർക്കും മുന്നോട്ടു വരാനും പോരാടാനും പ്രചോദനമായത്.
ഡബ്ല്യുസിസി സിനിമാ സംഘടനകളെ തകർക്കാനാണു ശ്രമിക്കുന്നതെന്ന ആരോപണം കേൾക്കുന്നുണ്ടല്ലോ?
തുടക്കത്തിൽ ഡബ്ല്യുസിസിയെ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. ഞങ്ങളുടെ ശബ്ദമുയർന്നപ്പോഴാണ് എതിർപ്പു വന്നത്. ഈ മേഖലയിൽ സ്ത്രീകൾക്കു സുരക്ഷിതത്വമുണ്ടോ? അടിസ്ഥാനസൗകര്യങ്ങളുണ്ടാ? ഇത്തരം കാര്യങ്ങൾ അതുവരെ ആരും ചോദിച്ചിരുന്നില്ല. ഡബ്ല്യുസിസിയാണ് ആദ്യമായി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.
ഞാൻ ഫെഫ്ക എഡിറ്റേഴ്സ് യൂണിയനിൽ തുടക്കം മുതലേ ആക്ടീവായ മെംബറാണ്. തൊഴിലാളിസംഘടനകളിൽ വിശ്വസിക്കുന്നുമുണ്ട്. ഡബ്ല്യുസിസി രൂപീകരിച്ച സമയത്തു ഞങ്ങൾ എഎംഎംഎ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങി മലയാള സിനിമയിലെ എല്ലാ സംഘടനകൾക്കും കത്തയച്ചതാണ്.
നമുക്ക് ഒന്നിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ആ സമയത്ത് അനുകൂലമായ പ്രതികരണമുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോഴാണു ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ കുറച്ചെങ്കിലും ശ്രമം തുടങ്ങിയത്.
ഡബ്ല്യുസിസിയുടെ പോരാട്ടത്തിലൂടെയാണ് പോഷ് ആക്ട് പ്രകാരം സിനിമാമേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നു ഹൈക്കോടതി നിർദേശിച്ചത്. നിർമാതാക്കളുടെ സംഘടന ആ നിർദേശം ഏറ്റെടുത്തു. പക്ഷേ, അതു ക്യത്യമായ രീതിയിലാണോ മുന്നോട്ടു പോകുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഡബ്ല്യുസിസി ഒരു സംഘടനയെയും തകർക്കാനല്ല ശ്രമിക്കുന്നത്. സിനിമാ മേഖല നല്ല രീതിയിൽ പോകണമെന്നാണു ഞങ്ങളുടെ ആഗ്രഹം. അതിനുവേണ്ടി ഈ മേഖല പുനർനിർമിക്കാനല്ലേ ഞങ്ങൾ നോക്കുന്നത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം ലൈംഗിക അതി ക്രമം നേരിട്ട അനുഭവങ്ങൾ തുറന്നു പറയുന്നവർക്ക് എങ്ങനെയാണു ഡബ്ല്യുസിസി പിന്തുണ നൽകുന്നത്?
അവർക്കൊപ്പം നിൽക്കാനേ ഡബ്ല്യുസിസിക്കു കഴിയൂ. നടപടിയെടുക്കേണ്ടത് സർക്കാരാണ്. ട്രോമ നേരിടുന്ന സ്ത്രീകളുടെ തൊഴിലിനെയും വ്യക്തിജീവിതത്തെയും ഈ തുറന്നു പറച്ചിൽ ബാധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ എല്ലാവർക്കും കൗൺസലിങ്, നിയമസഹായം ഇവ നൽകണമെന്നു ഡബ്ല്യുസിസി ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.
സംസ്ഥാന ഫിലിം ഡെവലപ്മെന്റ് േകാർപ്പറേഷനെതിരെ വ നിതാ സംവിധായകർ പരാതിയുമായി മുന്നോട്ടു വന്നല്ലോ?
സംസ്ഥാന സർക്കാറിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി വനിതകൾക്കു സിനിമ നിർമിക്കുന്നതിന് ഫണ്ട് നൽകുന്നുണ്ട്. ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ വഴിയാണ് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സിനിമ നിർമിച്ച ഇന്ദു ലക്ഷ്മി, മിനി െഎജി തുടങ്ങിയ വനിതാ സംവിധായകർ േകാര്‍പറേഷനില്‍ നിന്നു നേരിട്ട അനീതിക്കെതിരെ പരാതിയുമായി മുന്നോട്ടു വന്നിരുന്നു. അവരുടെ പരാതികൾ കേട്ട ശേഷം ഡബ്ല്യുസിസി, കോർപറേഷനു കത്ത് എഴുതി. ഈ പരാതികൾ ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നില്ല എന്നതിൽ നിരാശയുണ്ട്.
സിനിമാ മേഖലയിലേക്കു പുതിയ തലമുറയ്ക്കു കടന്നു വരാനുള്ള അനുകൂല സാഹചര്യമാണോ ഉള്ളത്?
എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം വേ ണം. ഒരു മേഖലയിലും സ്ത്രീകൾ ന്യൂനപക്ഷമോ അരികുവത്‌കരിക്കപ്പെട്ട വിഭാഗമോ ആകാൻ പാടില്ല. അതിനു പെണ്ണുങ്ങൾ ധൈര്യത്തോടെ മുന്നോട്ടു വരണം.
സിനിമാ മേഖലയിലേക്കും കൂടുതൽ സ്ത്രീകൾക്കു കടന്നു വരാനാകണം. ഇതു നല്ല ജോലിയാണ്. സ്ത്രീ എന്ന നിലയിലെ അവകാശങ്ങളും ലഭിക്കേണ്ട നീതിയും നാം അറിഞ്ഞിരിക്കണം.
സിസ്റ്റർഹുഡ് എന്ന നിലയിലും മാതൃകയാകുന്നുണ്ടല്ലോ ഡബ്ല്യുസിസി?
ഡബ്ല്യുസിസിയിൽ അംഗങ്ങൾ എല്ലാവരും പല മേഖലകളിൽ നിന്നുള്ള വ്യക്തികളാണ്. രാഷ്ട്രീയം, പ്രായം, അനുഭവങ്ങൾ ഇവയെല്ലാം വ്യത്യസ്തമാണ്. ഒരുമിച്ചു ചേർന്നപ്പോൾ ഇതുവരെയുള്ള കാഴ്ചപ്പാടുകൾ പോലും മാറിമറിഞ്ഞു. ഞങ്ങൾ ഒരുമിച്ചു പഠിക്കുകയും വളരുകയും ചെയ്യുകയാണ്. അത്രയും ഭംഗിയുള്ള ചേർത്തു പിടിക്കലായാണ് ഈ സിസ്റ്റർഹുഡ് ഞങ്ങൾക്കു പ്രചോദനമേകുന്നത്.
അവരവർക്കു വേണ്ടിയല്ല, സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണു ഡബ്ല്യുസിസിയിലെ ഓേരാ അംഗവും നിലകൊള്ളുന്നതും പോരാടുന്നതും.
ആരോപണങ്ങൾ ഡബ്ല്യുസിസി അംഗങ്ങൾക്കെതിരെയും ഉയരുന്നുണ്ടല്ലോ?
ലോകചരിത്രം പരിശോധിച്ചാലറിയാം, സ്ത്രീകൾ എപ്പോൾ ശബ്ദമുയർത്തിയാലും വ്യക്തിപരമായ ആക്രമണം ന രിടേണ്ടി വരും. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ആ ഉറപ്പിൽ ഇത്തരം ആക്രമണങ്ങൾ നേരിടും.
തൊഴിലിടത്തിൽ സ്ത്രീകളെന്ന നിലയിൽ ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും സാമൂഹികനീതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും കൃത്യമായ ചോദ്യങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്.
ഈ പോരാട്ടത്തെ കൃത്യമായ കാഴ്ചപ്പാടോടെ കാണേണ്ടതുണ്ട്. അതിനു പകരം പെണ്ണുങ്ങളെ ചീത്ത വിളിക്കുക, നുണകൾ പ്രചരിപ്പിക്കുക, വ്യക്തി ജീവിതത്തെ ആയുധമാക്കുക. ഇങ്ങനെയാണോ വേണ്ടത്?
എന്തായാലും കൂടുതൽ കരുത്തോടെ ഞങ്ങൾ മുന്നോട്ടു പോകുമെന്നുറപ്പാണ്. ഞങ്ങൾക്കു മുന്നോട്ടല്ലേ നീങ്ങാ ൻ പറ്റൂ. ഇനി പിന്നോട്ടില്ല.
ചൈത്രാലക്ഷ്മി
ഫോട്ടോ: ഹരികൃഷ്ണൻ